മനസ്സിൽ കൂടുകൂട്ടിയ പ്രിയപ്പെട്ട അധ്യാപകൻ

വായനയുടെ ലോകത്തേക്കും എഴുത്തിന്റെ വഴികളിലേക്കും തന്നെ കൈ പിടിച്ചു കൊണ്ടുപോയ ഗുരുവിനെ ഓർക്കുകയാണ് അധ്യാപക ദിനത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ

‘അധ്യാപകരെ ഓർക്കാൻ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ല                    എന്നെനിക്കറിയാം. എങ്കിലും ഇങ്ങനെയൊരു ദിവസമുള്ളതുകൊണ്ട് ഓർമകളിൽ അവരൊന്നുകൂടി സജീവമായി നിറയുന്നു ‘

ഹാ, എന്തൊരു കുളിരുള്ള കാലമായിരുന്നു അത് … ! എട്ടാം ക്ലാസ്സിൽ പയ്യന്നൂർ ഗവ. ഹൈസ്കൂളിലെത്തിയ എന്നെ ഏറ്റവുമധികം ആകർഷിച്ചത് അവിടത്തെ പഴയതെങ്കിലും സമ്പന്നമായ ലൈബ്രറിയായിരുന്നു. അതിന്റെ ചാർജ് മലയാളം അധ്യാപകനായ പി.അപ്പുക്കുട്ടൻ മാഷിനും. ലൈബ്രേറിയനായിരുന്ന വിദ്വാൻ.എ. കെ.കൃഷ്ണൻ മാഷ് ആ വർഷം റിട്ടയർ ചെയ്തു പോകുന്ന തിരക്കിലായിരുന്നു. എങ്കിലും എന്നും ലൈബ്രറി പുസ്തകത്തിനായി ശല്യം ചെയ്ത വിദ്യാർത്ഥിയെ അദ്ദേഹവും കാര്യഗൗരവത്തിലെടുത്തു. മൂന്നിലും നാലിലുമൊക്കെ പഠിക്കുമ്പോൾത്തന്നെ അച്ഛനും അമ്മയും മനസ്സിൽ കൊളുത്തി വെച്ച പുസ്തകവെളിച്ചം കൃഷ്ണൻ മാഷും അപ്പുക്കുട്ടൻമാഷും നന്നായി പ്രോജ്വലിപ്പിച്ചു.

അവരാണ് എന്നെ വായനയുടെ വിശാല ലോകത്തിലേക്കും എഴുത്തിന്റെ കൈവഴികളിലേക്കും നയിച്ചത്. പയ്യന്നൂർ ഹൈസ്കൂളിലെ ആ മൂന്നു വർഷങ്ങളാണ് എന്നെ ഞാനാക്കി വളർത്തിയത് എന്ന് എനിക്കുറപ്പിച്ചു പറയാൻ കഴിയും. വായിക്കേണ്ട പുസ്തകങ്ങൾ യഥാവിധി തെരഞ്ഞെടുക്കുവാനും കയ്യെഴുത്തു മാസികയൊരുക്കുവാനും സാഹിത്യ ചർച്ചകൾക്ക് നേതൃത്വം നൽകാനുമൊക്കെ അപ്പുക്കുട്ടൻ മാഷ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. (ടി.സി.വി.സതീശൻ, സുകുമാരൻ, എ.വിനയകുമാർ, പി.യു. മനോഹരൻ , ഇ.എ. ബാലൻ… വായനാലോകത്തെ സതീർത്ഥ്യരിൽ പലരേയും ഞാനോർക്കുന്നു )

ഒരു നാൾ അപ്രതീക്ഷിതമായി സ്ക്കൂൾ സാഹിത്യസമാജത്തിലെത്തിയ മഹാകവി പി. യ്ക്കു മുന്നിൽ ‘സൗന്ദര്യദേവത’ ചൊല്ലാൻ എനിക്കായതും സംസ്ഥാന സ്ക്കൂൾ യുവജനോത്സവങ്ങളിൽവരെ കഥാരചനാ മത്സരത്തിൽ പങ്കെടുക്കാനായതും അപ്പുക്കുട്ടൻ മാഷുടെ സ്നേഹപൂർവ്വമായ കരുതൽ കൊണ്ടായിരുന്നു. അധ്യാ പകനെന്നതിലപ്പുറം അദ്ദേഹത്തിന്റെ മേഖലകൾ പലതായിരുന്നു. മികച്ച സംഘാടകനായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാവട്ടെ ഹൃദയാവർജകവും ! സ്ക്കൂൾ വിട്ടിറങ്ങിയിട്ടും ആ മാസ്മരിക പ്രഭാവം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും പു.ക.സ. സംസ്ഥാന സെക്രട്ടറിയായുമൊക്കെ മാഷ് തിളങ്ങി നിന്ന വർഷങ്ങൾ ഞാനോർക്കുന്നു. എഴുത്തിന്റെ ഓരോ വഴിത്തിരിവുകളിലും സ്നേഹോത്സാഹമായി അപ്പുക്കുട്ടൻമാഷുടെ ഊഷ്മളസാന്നിദ്ധ്യം ഞാനെന്നും ഹൃദയത്തിൽ അനുഭവിക്കുന്നുണ്ട്. മാഷിനിപ്പോൾ എൺപത്തൊന്ന് കഴിഞ്ഞിരിക്കണം.

പി.വി.കൃഷണൻ, കെ.എം.അഹമ്മദ്, സി.രാഘവൻ എന്നിവർക്കൊപ്പം പി.അപ്പുക്കുട്ടൻ മാഷ് 

കണ്ടിട്ട് കുറച്ച് കാലമായി. മകൻ ഹർഷന്റെ (സി.പി ശ്രീഹർഷൻ – കേരള കൗമുദി) കൂടെ തിരുവനന്തപുരത്തുണ്ട് മാഷിപ്പോൾ. ചിലപ്പോൾ ഓർമകളിത്തിരി പിശകുന്നുണ്ടെന്ന് ഹർഷൻ പറഞ്ഞു. കഴിഞ്ഞൊരു ദിവസം ഹർഷന്റെ ഫോണിൽ സംസാരിച്ചപ്പോൾ, പഴയ പോലെ വായനയധികമൊന്നും സാധിക്കുന്നില്ലെന്ന് മാഷ് വിഷമം പറഞ്ഞു. നീയിപ്പോൾ വല്ലതുമൊക്കെ എഴുതുന്നുണ്ടോ എന്നും ചോദിച്ചു. പുതിയ പുസ്തകങ്ങളുമായി ഉടനെ വരാമെന്നു ഞാൻ പറഞ്ഞെങ്കിലും കോവിഡിന്റെ ഈ കടുത്ത മുഖംമൂടി ഒന്നഴിച്ചുവെച്ച് എപ്പോഴാണ് എനിക്കൊന്ന് സമാധാനമായി പുറത്തിറങ്ങാനാകുക…? മനുഷ്യനും മനുഷ്യനും തമ്മിലുള്ള വല്ലാത്ത ഈ അകലം എപ്പോഴാണൊന്ന് മാറിക്കിട്ടുക….?

 

Leave a Reply

Your email address will not be published. Required fields are marked *