ചോക്കുപൊടി പുരണ്ട കൈവിരലുകളാല്‍…

അധ്യാപക ദിനത്തില്‍ മാത്രമല്ല, ജീവിതകാലം മുഴുവന്‍ അധ്യാപകരും വിദ്യാലയങ്ങളുമാണ് വഴി നടത്തുന്നത്. അധ്യാപകരുടെ ചോക്കുപൊടി പുരണ്ട കൈവിരലുകള്‍ പകരുന്ന അനുഗ്രഹം. അതാണ് വഴി കാട്ടുന്നത്. അക്ഷരം ഉറപ്പിച്ച കേശവനാശാന്‍ മുതല്‍ അധ്യാപകരുടെയും നൂറ് വയസ്സ് കടന്ന ചേര്‍ത്തല അരൂക്കുറ്റിയിലെ രണ്ട് വിദ്യാലയ മുത്തശ്ശിമാരുടെയും ഓര്‍മകളിലാണ് ഈ കുറിപ്പ് .

മനോജ് മേനോന്‍

വീടു വിട്ടു പോകുന്നവരെ പോലെയായിരുന്നു അന്ന് കുട്ടികള്‍ സ്‌കൂളുകളിലേക്ക് ആദ്യ ദിനം പോവുക.അടക്കിപ്പിടിച്ച കരച്ചിലും കൗതുകവും. ഇന്നത്തെ പോലെ പ്രവേശനോത്സവങ്ങളില്ലാതിരുന്ന കാലത്ത് അമ്മയ്ക്കൊപ്പമായിരുന്നു സ്‌കൂളിലേക്കുള്ള എന്റെ ആദ്യ യാത്ര. കരഞ്ഞോ എന്നെനിക്ക് ഓര്‍മ്മയില്ല. എന്നാല്‍ അത്ര സന്തോഷം ഉണ്ടായിക്കാണാന്‍ സാധ്യതയുമില്ല. കേശവനാശാന്‍ അതിനും മുന്നെ തന്നെ മണലില്‍ മരക്കമ്പുകൊണ്ടെഴുതിയും തലയില്‍ വാത്സല്യ സ്പര്‍ശങ്ങള്‍ നല്‍കിയും അക്ഷരങ്ങള്‍ ഉറപ്പിച്ചിരുന്നെങ്കിലും
അതുവരെ കിട്ടിയ സ്വാതന്ത്ര്യം, കളിക്കളങ്ങളിലെ നെട്ടോട്ടങ്ങള്‍, അധ്യാപകരുടെ ചുട്ട അടിയുടെ പേടി… എന്നിങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ടാകണം എല്ലാവരും സ്‌കൂളിന്റെ ആദ്യ പടി കടന്നപ്പോള്‍ തന്നെ വ്യസനിച്ചത്.

മനോജ് മേനോന്‍

എനിക്കും ഈ ഭയങ്ങളില്‍ ചിലതുണ്ടായിരുന്നെങ്കിലും അമ്മയുടെയും ചേച്ചിയുടെയും അടുത്തു നിന്നുള്ള മാറി നില്പായിരുന്നു എന്നെ കൂടുതല്‍ സങ്കടപ്പെടുത്തിയതെന്ന് തോന്നുന്നു. പിറക്കുമ്പോള്‍ തന്നെ അസുഖങ്ങളിലേക്ക് വിരുന്നു പോയ എനിക്ക് കളിക്കളങ്ങളും കുളിക്കുളങ്ങളും മരം കയറ്റവും ഓട്ടചാട്ടങ്ങളും അന്യമായിരുന്നു. കൂട്ടുകാരും സമപ്രായക്കാരും പലതരം കളികളില്‍ വീട്ടുമുറ്റങ്ങളെ കളിമൈതാനങ്ങളാക്കുമ്പോള്‍, ഞാന്‍ ചുമയുടെയും പനിയുടെയും ശ്വാസം മുട്ടലിന്റെയും കയറ്റിറക്കങ്ങളില്‍ ഉഴലുകയായിരുന്നു. (അന്ന് ക്രിക്കറ്റും മൊബൈല്‍ ഗെയിമും ടെലിവിഷന്‍ കാര്‍ട്ടൂണുകളും കുട്ടികളെ കയ്യടക്കിയിരുന്നില്ലല്ലോ.

തലപ്പന്തുകളിയും കുട്ടിയും കോലും വട്ട് കളിയും, കുളങ്ങളിലെ മുങ്ങാം കുഴികളും വേനല്‍ വേദികളിലെ പകര്‍ന്നാട്ടങ്ങളുമായിരുന്നു കുട്ടികളുടെ ഇഷ്ടക്കാര്‍ ) ഒരു പക്ഷെ, അന്ന് ആ പ്രദേശത്തെ എല്ലാ സ്‌കൂളുകളുടെയും ചുവരുകള്‍ക്കുള്ളിലിരുന്ന് കുറുകിയതിനെക്കാള്‍ കൂടുതല്‍ പ്രാവുകള്‍ കുറുകിയത് എന്റെ ശ്വാസകോശങ്ങളിലായിരുന്നു. (അന്ന് ഏതെങ്കിലും ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഏത് വരം വേണമെന്ന് എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു – എനിക്ക് വേണ്ടത് ശ്വാസം. ശുദ്ധമായ ശ്വാസം…ആസ്മാ രോഗത്തിനിടയില്‍ വെറുതെ കിട്ടുന്ന ശ്വാസത്തിന്, സ്വര്‍ണത്തേക്കാള്‍ വിലയാണ്-അന്നും ഇന്നും) കളിക്കളങ്ങള്‍ എന്റെ കുട്ടിക്കാലത്തിന് അന്യമായിരുന്നു. അതു കൊണ്ടായിരുന്നു ഞാന്‍ സ്വപ്നം കാണാനും കഥ കേള്‍ക്കാനും തുടങ്ങിയത്.ആരോടും അധികം മിണ്ടാതെ, എന്നാല്‍, മനസ്സില്‍ നിറയെ സംസാരിച്ചായിരുന്നു അന്നത്തെ കാലം കടന്നു പോയത്.

അരൂക്കുറ്റി കായല്‍. ഫൊട്ടോ: ബി.വിനോദ്‌

അരൂക്കുറ്റിയില്‍ നിന്നെത്തിയിരുന്ന വേലപ്പന്‍ പിള്ള സാറായിരുന്നു
അന്ന് ഹെഡ്മാസ്റ്റര്‍. ക്ലാസില്‍ എന്റെ ഒപ്പം ബന്ധുവും അടുത്ത ചങ്ങാതിയുമായിരുന്ന രജിത്തുമുണ്ടായിരുന്നു. അമ്മയും ചേച്ചിമാരും ചേട്ടനും പഠിച്ച മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി സ്‌കൂളിലാണ് എന്നെയും ചേര്‍ത്തത്. (സ്‌കൂളിനിപ്പോള്‍ 103 വയസ്സായി ) ആദ്യ ദിനം ഉച്ചവരെ മാത്രമായിരുന്നു ക്ലാസ്. അമ്മ കാത്തു നിന്ന് മടക്കി കൊണ്ടു പോയി. എന്റെ അമ്മമാത്രമല്ല, കാത്തിരുന്ന ഒത്തിരി അമ്മമാര്‍. അവര്‍ക്കൊപ്പം ഉച്ചക്ക് ക്ലാസ് മുറി മുഴുവന്‍ ഇറങ്ങിപ്പോയി. ആദ്യ ദിനത്തില്‍ ആരെയും പരിചയപ്പെട്ടില്ല. പതുക്കെ സുഹൃത് വലയം വളര്‍ന്നെങ്കിലും അവര്‍ക്കൊപ്പം കളിക്കളങ്ങളിലിറങ്ങാന്‍ എന്റെ ആരോഗ്യം സമ്മതിച്ചില്ല. അപ്പോഴേക്ക് മാമ്മുസാര്‍, ഗോവിന്ദന്‍ സാര്‍, പരീക്കുട്ടി സാര്‍, അമ്മുണ്ണി സാര്‍, ഇബ്രാഹിം സാര്‍, ശശി സാര്‍, കമലമ്മ സാര്‍, അയിഷ സാര്‍ (അന്നൊക്കെ വനിതാ അധ്യാപകരെയും സാര്‍ എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് അധ്യാപകര്‍ക്ക് സാര്‍ എന്നും അധ്യാപികമാര്‍ക്ക് ടീച്ചര്‍ എന്നും സംബോധന വന്നത്.)

മറ്റത്തില്‍ ഭാഗം ഗവ. എല്‍. പി സ്‌ക്കൂള്‍

തുടങ്ങിയ ഗുരുക്കന്‍മാരുടെ അക്ഷരപുണ്യം അറിവിന്റെ ലോകം തുറന്നു തുടങ്ങി. ഒന്നാം ക്ലാസില്‍ ഇബ്രാഹിം സാര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ആത്മാര്‍ഥതയും വാല്‍സല്യവും പുരണ്ട സാറിന്റെ ശബ്ദം അക്ഷരങ്ങളായും അറിവായും അലിവായും ഞങ്ങളെ തലോടി. വടി കയ്യിലുണ്ടായിരുന്നെങ്കിലും ഇബ്രാഹിം സാര്‍ അടിക്കുന്നത് കുറവായിരുന്നു. ചിരി കൊണ്ടു തന്നെ കുട്ടികളെ നിയന്ത്രിക്കാനുള്ള ഒരു മന്ത്രജാലം ഇബ്രാഹിം സാര്‍ കൈവശമാക്കിയിരുന്നു. പിന്നീട് മാമ്മുസാറിന്റെയും ഗോവിന്ദന്‍ സാറിന്റെയും അമ്മുണ്ണി സാറിന്റെയും അയിഷ സാറിന്റെയും പരീക്കുട്ടി സാറിന്റെയും ശശി സാറിന്റെയും കമലമ്മ സാറിന്റെയും വാല്‍സല്യവര്‍ഷങ്ങളിലൂടെ കടന്നു പോയ പഠന കാലം.വായില്‍ വിരല്‍ ചേര്‍ത്ത് വിസില്‍ മുഴക്കിയെത്തുന്ന മാമ്മി സാര്‍ ഭയത്തോടൊപ്പം അച്ചടക്കത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചു. ഇടമുറിയാതെയെത്തുന്ന അസുഖങ്ങള്‍ വീഴ്ത്തിയ ഇടവേളകള്‍ എനിക്ക് നഷ്ടപ്പെടുത്തിയ ക്ലാസുകള്‍ , യഥാര്‍ഥത്തില്‍ നഷ്ടമാകാതിരുന്നത് അന്നത്തെ ഗുരുകടാക്ഷങ്ങളുടെ കാരുണ്യം കൊണ്ടായിരുന്നു.

എങ്കിലും, ഒതുങ്ങികൂടിയിരുന്ന എന്നെ എഴുത്തിലേക്കും വായനയിലേക്കും കഥയെഴുത്തിലേക്കും ചിത്രം വരയിലേക്കും നടത്തിയത് ഈ സ്‌കൂള്‍ ദിനങ്ങളായിരുന്നു. ഇബ്രാഹിം സാറിന്റെ പ്രേരണയില്‍ പാട്ടു പോലും പാടി ഞാന്‍ ! തുറവൂര്‍ സബ്ജില്ലാ ബാലകലോല്‍സവത്തില്‍ (അന്ന് ബാലകലോല്‍സവമായിരുന്നു. പിന്നീടാണ് യുവജനോല്‍സവമായത്. ) ലളിതഗാനം പാടിയത് എന്ത് ധൈര്യത്തിലായിരുന്നു ? ഇബ്രാഹിം സാര്‍ നല്കിയ ധൈര്യത്തിനപ്പുറം മറ്റൊരു കാരണവും ഇപ്പോഴും കാണുന്നില്ല. പിന്നെ സേവനവാരത്തിലും ശിശു ദിനത്തിലും ചില സാഹസങ്ങള്‍.പിന്നീടൊരിക്കലും അത്തരം സാഹസം കാട്ടിയിട്ടേയില്ല.ഒരു മൂളിപ്പാട്ട് പോലും. കേള്‍ക്കാനല്ലാതെ പാടാന്‍ ഒരു പാട്ടും എനിക്ക് പിടി തന്നിട്ടില്ല, ഇതുവരെ ഒക്ടോബര്‍ രണ്ടിന് തുടങ്ങിയിരുന്ന സേവന വാരാഘോഷസമയങ്ങളില്‍ ആദ്യമാദ്യം അച്ഛന്‍ എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോയിരുന്നു.കാരണം ചുമപനികള്‍ കാരണം മറ്റ് കുട്ടികളെ പോലെ എനിക്ക് സേവനവാരത്തില്‍ സേവനം ചെയ്യാനാകുമായിരുന്നില്ല.

പിന്നീടൊക്കെ സേവനവാരങ്ങളില്‍ പകല്‍ സ്‌കൂള്‍ വളപ്പിലെ പുല്ലുപറിക്കല്‍ ഉള്‍പ്പടെയുള്ള ചെറുസേവനങ്ങളും ഉച്ചകഴിഞ്ഞ് കലാപരിപാടികളും എന്ന് പകുത്തപ്പോള്‍ എനിക്ക് പങ്കാളിത്തമായി. കവിതയും കഥാ പ്രസംഗവും കഥ പറച്ചിലുമായി ഉച്ചക്ക് ശേഷം ഞാന്‍ പങ്കെടുത്തു. കൂട്ടിയിട്ട ബെഞ്ചുകളൊരുക്കിയ സ്റ്റേജില്‍ കയറി നിന്ന് ചങ്ങാലിപ്രാവ് കഥാപ്രസംഗമായി അവതരിപ്പിച്ചത് ഇപ്പോഴും ഓര്‍മ്മകളില്‍. ശിശുദിനാഘോഷങ്ങളില്‍, ഉടുപ്പില്‍ റോസാപ്പൂവ് ചൂടി സ്‌കൂളില്‍ നിന്ന് വടുതലജെട്ടി വരെ നടത്തിയ ഘോഷയാത്രകള്‍. വാഴയിലയില്‍ പൊതിഞ്ഞ് കിട്ടിയ അവില്‍ നനച്ചതും പഴവും തുറന്ന രുചിപ്രപഞ്ചം. വീടുകളില്‍ നിന്ന് അരിയും തേങ്ങയുമെത്തിച്ച് എല്ലാവരുടെയും പങ്കാളിത്തമുറപ്പിച്ച് ഉണ്ടാക്കിയ
അരിപ്പായസങ്ങള്‍ ആ കാലത്തിന്റെ സ്നേഹ സന്ദേശങ്ങള്‍ കൂടിയായി. അന്നൊരിക്കലാണ് സിനിമയെക്കുറിച്ച് ആദ്യമായി കേട്ടത്. പാണാവള്ളി സുനില്‍, പൂച്ചാക്കല്‍ റോയല്‍ തുടങ്ങിയ കൊട്ടകകളിലെ സ്‌ക്രീനില്‍ നിന്നിറങ്ങിയ നസീറും ഭാസിയും ജയനും പലനിറമുള്ള നോട്ടീസുകളായി റോഡരുകില്‍ പാറി നടന്നു.

നോട്ടീസ് വിതരണം ചെയ്ത് കാറുകള്‍ വടുതലജെട്ടി വഴിയും വന്നു. എന്നാല്‍ അന്നൊന്നും സിനിമ കണ്ടില്ല. അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. സിനിമ കണ്ടു വന്ന ഭാഗ്യം ചെയ്ത ചില കുട്ടികള്‍ പറയുന്ന കഥകള്‍ ആകാംക്ഷ പടര്‍ത്തി. സിനിമ എന്നാല്‍ എന്താണ് ? നസീറും ഷീലയും ഭാസിയുമെല്ലാം വെളുത്ത സ്‌ക്രീനിന് പുറകില്‍ ജീവിക്കുകയാണോ ? ഓരോ പ്രദര്‍ശനത്തിനും അവര്‍ വെളുത്ത സ്‌ക്രീനിന് മുന്നിലെത്തി അഭിനയിക്കുകയാണോ ? അത്തരം ചോദ്യങ്ങളായിരുന്നു ഞാനുള്‍പ്പടെയുള്ള ചില കുട്ടികള്‍ക്ക്. റേഡിയോയ്ക്കുള്ളിലിരുന്ന് പാടിക്കഴിഞ്ഞ് യേശുദാസും ജയചന്ദ്രനും പുറത്തിറങ്ങുന്നത് കാണാന്‍ കാത്തിരുന്ന കുട്ടിക്കാലത്തിന് മറ്റൊരു കൗതുകം. അപ്പോഴാണ് സ്‌കുളിന് തൊട്ടു പിന്നിലെ വീട്ടില്‍ ഒരു ചെറുപ്പക്കാരന്‍ ( പേര് മറന്നു പോയി ) ഒരു സിനിമാക്കാര്യം കാട്ടിയത്.

അരൂക്കുറ്റി ഗവ.യു.പി.സ്ക്കൂൾ

സ്‌കൂളിന് അടുത്ത് താമസിച്ചിട്ടും സ്‌കൂളകം കാണാന്‍ കഴിയാതെ പോയ ആ പ്രതിഭാ ശാലി ഒരു ശാസ്ത്ര പാഠം തന്നെയാണ് പഠിപ്പിച്ചത് എന്ന് ഇന്ന് തോന്നുന്നു. വീടിന്റെ ഒരു മുറി അയാള്‍ പൂര്‍ണമായും ഇരുട്ടാക്കി. വാതിലുകളും ജനലുകളും തുണി കൊണ്ട് മറച്ച് വെളിച്ചത്തെ പുറത്തിട്ടടച്ചു. പിന്നെ ഒരു ദ്വാരത്തില്‍ ഘടിപ്പിച്ച ലെന്‍സിലൂടെ, വെയിലില്‍ പിടിച്ച പൊട്ടിയ കണ്ണാടി ഉപയോഗിച്ച് അകത്തേക്ക് വെളിച്ചത്തെ ക്ഷണിച്ചു. അകത്ത് വിരിച്ച വെളുത്ത തുണിയില്‍
ഒരു സ്‌ക്രീന്‍ സജ്ജമായി. പിന്നെ സിനിമാ കൊട്ടകയില്‍ നിന്ന് ശേഖരിച്ച ഉപയോഗശൂന്യമായ ഫിലിം കഷണങ്ങളിലേക്ക് കണ്ണാടിവെളിച്ചം കടത്തി വിട്ടപ്പോള്‍ സ്‌ക്രീനില്‍ നസീറും ശാരദയും. അയാള്‍ ഫിലിം കഷ്ണങ്ങള്‍ വേഗത്തില്‍ ചലിപ്പിച്ചപ്പോള്‍ നടീനടന്‍മാര്‍ കൈകാലുകള്‍ ചലിപ്പിച്ചു. ശബ്ദമില്ലാതെ ചുണ്ടനക്കി. അതുവരെ സിനിമ കാണാത്ത എന്നെപ്പോലെയുള്ള ഒത്തിരി കുട്ടികള്‍ക്ക് മുന്നില്‍ പാവപ്പെട്ട ആ ചെറുപ്പക്കാരന്‍ കാട്ടിയത് സിനിമ മാത്രമല്ല, ഒരു സയന്‍സ് പാഠം കൂടിയായിരുന്നു. പിന്നെ നാലാം ക്ലാസില്‍ വച്ച് സ്‌കൂളിന്റെ വെളുത്ത ചുവരില്‍ അരങ്ങേറിയ അച്ഛനും ബാപ്പയും എന്ന സിനിമ തീര്‍ച്ചയായും ആ വീട്ടുമുറിയിലെ ചെറുപ്പക്കാരന്റെ തിയേറ്ററിന്റെ സിനിമാനുഭവത്തിന്റെ തുടര്‍ച്ചയായിരുന്നു.


മറ്റത്തില്‍ ഭാഗം എല്‍.പി.സ്‌കൂളില്‍ അഞ്ചാം ക്ലാസ് പഠനം കഴിഞ്ഞായിരുന്നു അരൂക്കുറ്റി ഗവ.യു.പി സ്‌കൂളിലെത്തിയത്. ( ഈ സ്‌കൂളിന് 130 വയസ്സായി ) അമ്മയും സഹോദരങ്ങളും പഠിച്ച സ്‌കൂളായിരുന്നു മറ്റത്തില്‍ ഭാഗം പോലെ തന്നെ അരൂക്കുറ്റി സ്‌കൂളും. ആറ്, ഏഴ് ക്ലാസ്സുകളിലായി അരൂക്കുറ്റിയില്‍ രണ്ട് വര്‍ഷം പഠിച്ചു. സാഹിത്യനിരൂപകന്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, ബംഗാളിലെ പത്രപ്രവര്‍ത്തക പ്രതിഭയായിരുന്ന ജി.വിക്രമന്‍ നായര്‍ തുടങ്ങിയവരുടെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്‌കൂളിലായിരുന്നു. ധര്‍മപ്രഭ ടീച്ചറില്‍ നിന്നാണെന്റെ അരൂക്കുറ്റി സ്‌കൂള്‍ ജീവിതം ആരംഭിക്കുന്നത്. അരൂക്കുറ്റി സ്‌കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ കുട വിരിക്കുന്നത് ടീച്ചറുടെ സ്നേഹ വാല്‍സല്യങ്ങളുടെ ആല്‍മരത്തണലുകളാണ്.

രാവിലെ പുസ്തകപ്പെട്ടിയും പേറി ടീച്ചറുടെ വീട്ടിലെത്തും. പിന്നെ, ടീച്ചറുടെ നിഴല്‍ പറ്റി സ്‌കൂളിലേക്ക് നടത്തം. ആ യാത്ര ഒരു തീര്‍ഥാടനമായിരുന്നു.ടീച്ചര്‍ പറഞ്ഞു തന്ന കഥകളും കവിതകളും എന്നെ അക്ഷരങ്ങളിലേക്കും അറിവിലേക്കും വിശാലമായി വഴി നടത്തി. അറിവിന്റെ ആ കൈവിരല്‍പിടുത്തമാണ് എന്നെ ഇപ്പോഴും നടത്തുന്നതെന്ന് മനസാ സ്മരിക്കുന്നു. ടീച്ചറുമൊത്തുള്ള യാത്ര,സ്‌കൂളിനടുത്തേക്ക് എത്തുമ്പോള്‍ ഒരു സംഘമായി വളരും. എല്ലാ കുട്ടികള്‍ക്കും ടീച്ചര്‍ പറയുന്ന കഥകള്‍ കേള്‍ക്കണം. അതങ്ങനെ സ്‌കൂള്‍ വരെ നീളുമ്പോഴേക്ക് ആദ്യ മണി മുഴങ്ങുകയായി. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ജീവിതവും പഠിപ്പിച്ചാണ് അന്നത്തെ ക്ലാസ് മുറികളും അധ്യാപകരും കുട്ടികളെ പുറത്തു വിട്ടിരുന്നത്-ഇന്നും അതില്‍ മാറ്റമുണ്ടാകാനിടയില്ല.

നഗരത്തിരക്കില്‍ ജീവിതം പറിച്ചു നടുമ്പോഴും, മറ്റത്തില്‍ ഭാഗം സ്‌കൂളിന്റെ യും അരൂക്കുറ്റി സ്‌കൂളിന്റെയും ഓഫീസ് മുറിക്കു മുന്നില്‍ പപ്പടവട്ടത്തില്‍ തൂക്കിയിട്ട മണിയില്‍ നിന്ന് മനസ്സിലേക്ക് മുഴക്കങ്ങള്‍ പടരുന്നു. അവിടെ, പഴയ ക്ലാസ് മുറികളില്‍ ഇബ്രാഹിം സാറും അമ്മുണ്ണി സാറും അയിഷ സാറും ശശി സാറും കമലമ്മ സാറും ധര്‍മപ്രഭ ടീച്ചറും രാമചന്ദ്രന്‍ സാറും അഷ്‌റഫ് സാറും കൃഷ്ണന്‍ കുട്ടി സാറും വിശാലാക്ഷിടീച്ചറും രാജമ്മ ടീച്ചറും കൃഷ്ണന്‍ കുട്ടി സാറും നബീസ ടീച്ചറും പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ചോക്കുപൊടി പുരണ്ട കൈവിരലുകള്‍ കൊണ്ട് പകരുന്ന ആ അനുഗ്രഹങ്ങള്‍ ജീവിതത്തിന്റെ കല്ലു സ്ലേറ്റില്‍ ഏറ്റുവാങ്ങി ഒത്തിരിപ്പേര്‍ക്കൊപ്പം ഞാനും.

( ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍ )