ഭാരതപ്പുഴയെ സംരക്ഷിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്
ഭാരതപ്പുഴയുടെ മരണം സംഭവിക്കാതിരിക്കാൻ ഒഴുകാൻ മടിക്കുന്ന പുഴയെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് മാലിന്യമുക്തമായ പുഴയോരങ്ങളും മണ്ണൊലിപ്പ് തടയുന്ന ജൈവ വേലികളും, മനുഷ്യ സാദ്ധ്യമായ സംരക്ഷണ പ്രവർത്തനങ്ങളും ആവശ്യമാണ്. തിരുവനന്തപുരം കെ.എൽ.ഡി ബോർഡിലെ അഗ്രിക്കൾച്ചറൽ എൻജിനീയറായ കെ.എസ്. ഉദയകുമാർ എഴുതുന്നു.
ചിത്രങ്ങള്‍ ഡോ.സിന്ധു ഭാസ്‌ക്കര്‍
കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ യാത്ര ചെയ്താൽ പരിഷ്കാരം കടന്നു വരാത്ത തവനൂരിലെത്താം. ഇവിടെയാണ് 1962 ൽ ഗ്രാമീണരുടെ പുനരുദ്ധാരണത്തിനായി മൂവ്വാങ്കരക്കുന്നിൽ സ്വാതന്ത്ര്യ സമരസേനാനിയായ കെ.കേളപ്പൻ സ്ഥാപിച്ച 140 ഏക്കറോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന കാർഷിക സാങ്കേതിക പഠനകേന്ദ്രം.
ഇതിനോട് ചേർന്ന് കാർഷിക വിളകളാൽ സമൃദ്ധമായ ഒരു കൃഷി ഫാമും ഡെയറി ഫാമും സ്ഥിതി ചെയ്യുന്നു. ഇന്ന് കേളപ്പജി കോളേജ് ഓഫ്
അഗ്രി എൻജിനീയറിംഗ് ആന്റ് ടെക്നോളജി (കെ.സി.എ.ഇ.റ്റി) എന്ന പേരിലാണ് ഈ കാമ്പസ് അറിയപ്പെടുന്നത്. ഇവിടെ നാലു പതിറ്റാണ്ടുമുമ്പ്
കാർഷിക എൻജിനീയറിംഗ് മുഖ്യവിഷയമായി പഠിച്ചതു കൊണ്ടും ജലസംരക്ഷണവും ജലവിഭവ മാനേജ്മെന്റും മണ്ണ്സംരക്ഷണവും കാർഷിക എഞ്ചിനീയറിംഗിലെ ഒരു പ്രധാന വിഷയമായതിനാലും ഭാരതപ്പുഴയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചില കാര്യങ്ങൾ പറയാതിരിക്കാന്‍ വയ്യ.
ഫാമിന്റെ ഒരു വശം നെടുനീളെ ഭാരതപ്പുഴയാണ്. പുഴയ്ക്കും, ഫാമിനും കാവലാൾ പോലെ മുളങ്കാടുകൾ നിരനിരയായി തലയുയർത്തി നിൽക്കുന്നു. ഫാമിനെ വെള്ളപ്പൊക്കത്തിൽ നിന്നും, മണ്ണൊലിപ്പിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുന്നത് ഈ അതിർത്തി സംരക്ഷണ ജൈവ വേലിയാണ്. പുഴയിൽ നീരൊഴുക്ക് കുറയുന്ന നവംബർ മുതൽ മെയ് മാസം വരെയുള്ള കാലത്തു പോലും മുമ്പ് ഒരു കരയിൽ നിന്നും മറുകരയെത്താൻ ചെറിയ കടത്തുവള്ളത്തിന്റെ ആവശ്യമുണ്ടായിരുന്നു. വഴിതിരിച്ചുവിട്ട പുഴയിലെ നീരൊഴുക്കിനെ ഉപയോഗപ്പെടുത്തി പരിസരവാസികളായ കർഷകർ പച്ചക്കറി കൃഷി വ്യാപകമാക്കിയിരുന്നു. കാർഷിക വിളകളുടെ ജലസേചനത്തിന്
പരമ്പരാഗത ജലസേചന മാർഗ്ഗങ്ങളായ തേക്കു കുട്ടയും, തോണിത്തേക്കും കർഷകർ സ്ഥിരമായി ഉപയോഗിച്ചു പോന്നിരുന്നു. ഇത്രയും പറഞ്ഞത് കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയും, ഏറ്റവും ജലസാന്നിദ്ധ്യമുള്ള നദികളിലൊന്നുമായ നിളയുടെ 40 വർഷം മുൻമ്പുള്ള ഏകദേശ രൂപം വിവരിക്കുവാനാണ്. ഇന്ന് ഭാരതപ്പുഴയുടെ അവസ്ഥയോ? മലീമസമായ മണൽപ്പരപ്പിൽ ജലസാന്നിദ്ധ്യം തീരെ കുറവ്, അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന കലങ്ങിയ വെള്ളം ശരീരത്തിന് തന്നെ ചൊറിച്ചിലുണ്ടാക്കുന്നു. വേനൽ കടുക്കുന്നതോടെ എല്ലാവരും നിളയുടെ പ്രതാപകാലത്തെക്കുറിച്ച് വാചാലരാകുകയും വർത്തമാനകാലത്തെയോർത്ത് വിലപിക്കുകയും ചെയ്യുന്നു. കുറച്ചുപേരെങ്കിലും അതിന്റെ പേരിൽ നിവേദനങ്ങൾ നൽകുകയും, സെമിനാറുകളും, ചർച്ചകളും നടത്തി സർക്കാരിന്
റിപ്പോർട്ട് സമർപ്പിക്കുന്നതുമൊഴിച്ചാൽ ഭാരതപ്പുഴയുടെ അവസ്ഥ അതിദയനീയമാണ്. എവിടെയാണ് നമുക്ക് തെറ്റ് സംഭവിച്ചത് ? പരസ്പരം പഴിചാരിയിട്ടോ, സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടോ ഇതിന് ഒരു മാറ്റം പ്രതീക്ഷിക്കരുത്. കൊടും വേനലിൽ ജലക്ഷാമത്തെക്കുറിച്ചും, മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയെക്കുറിച്ചും, പുനരധിവാസ നടപടിയെക്കുറിച്ചും വേവലാതിപ്പെടുന്ന മലയാളികൾ ഒന്ന് മനസ്സിലാക്കണം – നമ്മുടെ പുഴകളിൽ നിന്ന് അവസാനതുള്ളി വെള്ളവും അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല. അന്ന് നമുക്ക് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലാൻ നാവ് വഴങ്ങണമെന്നില്ല. ഭൂമുഖത്ത് കടൽ വിസ്തൃതമാകുകയും, നദികളും, ശുദ്ധജല തടാകങ്ങളും ഇല്ലാതാവുകയും ചെയ്യുമ്പോൾ ജീവജാലങ്ങളുടെ നിലനിൽപ്പു തന്നെ അപകടത്തിലാകും. ഇത്തരം നേർക്കാഴ്ച്ചകളാണ് നമ്മെ ഭയപ്പെടുത്തുന്നത്. ഭാരതപ്പുഴയുടെ
തുടക്കം പശ്ചിമഘട്ട മലനിരകളിലെ ആനമലയിലെ ചോലക്കാടുകളിൽ നിന്നാണ്. കൊടും വേനലിലും ഈ മലമടക്കുകളിലെ നീർച്ചാലുകളിൽ ജലസാന്നിദ്ധ്യമുണ്ട്. എന്നിട്ടും നിളയുടെ ജലസമൃദ്ധമാകേണ്ട കുറ്റിപ്പുറത്തും തിരുനാവായയിലും തവനൂരിലും പുഴയുടെ നീരൊഴുക്ക് പാടെ നിലച്ചുപോയിരിക്കുന്നു. ഇതിനുള്ള കാരണങ്ങൾ പലതാണ്.
കേരളത്തിലെ പുഴകളിൽ ഏറ്റവും കൂടുതൽ മണൽ നിക്ഷേപമുള്ള നദികളിലൊന്നാണ് ഭാരതപ്പുഴ. മഴക്കാലത്ത് കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തോടൊപ്പം അടിഞ്ഞു കൂടുന്ന മണലും, എക്കലും, വണ്ടലും നദിയുടെ പാർശ്വങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും നദിയുടെ ഗതി തിരിക്കുന്ന വളവുതിരിവുകളിലും ഇവ ഒരു പ്രത്യേക അനുപാതത്തിൽ അടിഞ്ഞു കൂടി കട്ടിയുള്ള ചെളി പ്രതലം സൃഷ്ടിക്കപ്പെടുന്നു. ഇത് വർഷങ്ങളായി നടന്നു വരുന്ന പ്രതിഭാസമാണ്. ഇപ്രകാരം മണൽപ്പരപ്പുകൾക്കിടയിൽ കട്ടിയുള്ളതും
കോൺക്രീറ്റു പോലെ ഉറച്ച വിശാലമായ ഒരു മൺ പരപ്പ് ചിലപ്പോൾ കിലോമീറ്റർ വിസ്തൃതിയിൽ രൂപപ്പെടാറുണ്ട്. ഈ പ്രതിഭാസം നദിയുടെ ഉൽപ്പത്തി മുതൽ സാവകാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഇങ്ങനെ മണൽ ശേഖരം കൂടുതലുള്ള ഭാരതപ്പുഴയിലേയും, അതുപോലുള്ള മറ്റ് നദികളിലേയും ഒഴുകി വരുന്ന വെള്ളം കടലിൽ പതിക്കുന്നതിന് കിലോമീറ്ററുകൾക്കു മുൻമ്പ് തന്നെ മണൽപ്പരപ്പുകളിൽ സ്വാഭാവികമായും, ചിലപ്പോൾ മനുഷ്യ നിർമ്മിതമായും സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള കുഴികളിലൂടെയും, ചാലുകളിലൂടെയും കട്ടിയുള്ള എക്കൽ പാളികൾക്കടിയിലൂടെ ഒഴുകി കടലിലേയ്ക്ക് എത്തുന്നു. പുഴകളിൽ മണൽപ്പരപ്പിലൂടെ ഒഴുകേണ്ട ജലമാണ് കിലോമീറ്ററുകൾക്കു മുൻമ്പ് ഇപ്രകാരം എക്കൽപാളിക്കടിയിലൂടെ ഒഴുകി കടലിലെത്തിച്ചേരുന്നത്.
പുഴകളിൽ നീരൊഴുക്ക് കുറഞ്ഞ വേനൽക്കാലത്ത് ഈ പ്രതിഭാസം മൂലം ജലസമൃദ്ധമാകേണ്ട പുഴ കടലിനോട് ചേർന്ന ഭാഗങ്ങളിൽ സ്വാഭാവികമായും മരുഭൂമിയുടെ പ്രതീതി ഉളവാക്കുന്നു. ഭാരതപ്പുഴയിൽ മണൽപ്പരപ്പിനടിയിലൂടെ പുഴ ഒഴുകുന്നു എന്നതിന് ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് ഭാരതപ്പുഴയുടെ തീരങ്ങളിൽ ഏതാനും മീറ്റർ ആഴത്തിൽ കട്ടിയുള്ള മൺപാളികൾക്ക് താഴേക്ക് കിണർ കുഴിച്ചു ചെന്നാൽ അതി സമൃദ്ധമായി പുഴപോലെയുള്ള ശുദ്ധജല സ്രോതസ്സുകൾ കാണാൻ കഴിയുന്നത്. “ഫിൽറ്റർ പോയിന്റ് വെൽ” എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ജലസ്രോതസ്സുകൾ നിർമ്മിക്കപ്പെടുമ്പോൾ കിണറിന്റെ പടി ഇടിഞ്ഞ് വലിയ ഗർത്തങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്.
ഇപ്രകാരം മണ്ണിനടിയിലൂടെ ഒഴുകുന്ന പുഴയുടെ സാന്നിദ്ധ്യം തീരവാസികൾക്ക് ഫിൽറ്റർ പോയിന്റ് കിണറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. മണൽപ്പരപ്പിൽ പുഴ വരളുകയും, നീരൊഴുക്ക് മണ്ണിനടിയിലൂടെ കടലിലേയ്ക്ക് പതിക്കുകയും ചെയ്യുന്നതിനാൽ നീരൊഴുക്കില്ലാത്ത പുഴയോരം പാഴ്ച്ചെടികളും, കുറ്റിക്കാടുകളും വളർന്ന് വികൃതമാകുന്നതായും കാണാം. ഇങ്ങനെ
അടുത്ത കാലത്ത് പുഴയുടെ വൃഷ്ടി പ്രദേശത്ത് മരുവൽക്കരണം സംഭവിച്ചു കൊണ്ടിരിക്കുകകയാണ്.
പുഴയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്താൻ ചില മാർഗ്ഗങ്ങൾ
പുഴയുടെ ഉൽഭവ സ്ഥാനം മുതൽ നീരൊഴുക്ക് പ്രകടമായി കാണുന്ന സ്ഥലങ്ങളിലും നീർച്ചാലുകളിലും വൃഷ്ടി പ്രദേശങ്ങളിലും മൺത്തിട്ടകളാൽ സൃഷ്ടിക്കപ്പെടുന്ന തടസ്സങ്ങളും കുഴികളും യഥാസമയം നീക്കം ചെയ്ത് പുഴയൊഴുകുന്ന വഴി തടസ്സമില്ലാതാക്കുക.
മണലൂറ്റ് വ്യാപകമായി കണ്ടു വരുന്ന പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ സ്വാഭാവികമായും, മനുഷ്യനിർമ്മിതമായും ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കി പുഴയുടെ നിലനിൽപ്പിനു വേണ്ടി മണലൂറ്റ് പരിസ്ഥിതി സംതുലിതമായി ക്രമീകരിക്കുകയും ചെയ്യുക.
പുഴയുടെ ഇരുവശങ്ങളിലും ഒഴുക്കിന് തടസ്സമുണ്ടാക്കാത്ത വിധം ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി കെട്ടി തീര സംരക്ഷണം കാര്യക്ഷമമാക്കുക.
പുഴയോരങ്ങളിലെ വൻകിട ജലചൂക്ഷണവും, മണലൂറ്റും, കൃഷിയും, നിർമ്മാണ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കുക.
പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന കുറ്റിച്ചെടികളും, മൺത്തുരുത്തുകളും, പുൽച്ചെടികളും നീക്കം ചെയ്ത് പുഴയുടെ തനത് സൗന്ദര്യം നിലനിർത്തുക.
ഒരു നദി എന്നതിലുപരി ജീവനെ നിലനിർത്തുന്ന ശുദ്ധജലസ്രോതസ്സും, സാംസ്ക്കാരിക പൈതൃകം നിലനിർത്തുന്ന തെളിനീർ വാഹിനിയുമാണ് ഭാരതപ്പുഴയെന്ന സത്യം മറക്കാതിരിക്കുക.