എൻ്റെ പ്രിയപ്പെട്ട ഹീറോയുടെ ഓർമ്മക്കായി…

ഡോ.കെ.പി. ജയ് കിരണ്‍

എൺപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ഹീറോ പേന കിട്ടുന്നത്. ഒരു ക്യാമലിൻ ജ്യോമെട്രി ബോക്സിൽ എന്നോടൊപ്പം ഒന്ന് രണ്ടു വർഷം സഞ്ചരിച്ചു കാണും ആ തവിട്ടു നിറമുള്ള ഫൗണ്ടൻ പേന. കോളിളക്കത്തിലെ ജയൻ ഹെലികോപ്റ്ററിൽ തൂങ്ങി കിടക്കുന്ന സ്റ്റിക്കർ ഒട്ടിച്ച ജ്യോമെട്രി ബോക്സ് അങ്ങനെ ഏറെ പ്രിയപ്പെട്ടതായി. കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മനസ്സ് മുഴുവനും ഈ ബോക്സിലായിരുന്നു. മഴ നനഞ്ഞു വീട്ടിൽ എത്തുമ്പോൾ ആദ്യം നോക്കുന്നത് ബോക്സിൽ വെള്ളം കയറിയോ എന്നായിരുന്നു. അവസാനത്തെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ദിവസം അതേ ഫൗണ്ടൻ പേനയിലെ മഷി കൂട്ടുകാരുടെ വെള്ള യൂണിഫോമിൽ

കുടഞ്ഞതു ഇന്നലെ പോലെ തോന്നുന്നു. ഹീറോ പേന ശരിക്കും ഹീറോ തന്നെയായിരുന്നു. ഒരു വികാരമായിരുന്നു. ബെൽബോട്ടം പാൻ്റ്സ് പോലെ… സ്റ്റെപ്പ് കട്ട് ചെയ്ത നീളൻ മുടി പോലെ…ആദ്യമായി ഒരു പ്ലാസ്റ്റിക് ബാൾ പോയൻ്റ് പേന കാണുന്നത് എൺപത്തിയഞ്ചിലാണ്. പ്രീഡിഗ്രി പഠിക്കുമ്പോൾ ശാസ്ത്രി നഗറിലുള്ള സ്റ്റീഫൻ സാറിന്റെ വീട്ടിൽ ഫിസിക്സ് ട്യൂഷന് പോകുമായിരുന്നു. വെള്ളയും നീലയും നിറത്തിലെ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ പറ്റുന്ന റെയ്നോൾഡ്സ് 

തിരുവനന്തപുരം മോഡൽ ഹൈസ്‌ക്കൂള്‍

പേന സുഹൃത്തിന്റെ കയ്യിൽ കാണുന്നത് അന്നാണ്. ന്യൂട്ടൺസ് തേഡ് ലോ തികഞ്ഞ ശ്രദ്ധയോടെ പഠിപ്പിസ്റ്റുകളൊക്കെ കേട്ടിരിക്കുമ്പോഴും എൻ്റെ കണ്ണുകൾ ഈ പേനയിലായിരുന്നു. പിന്നീട്  കുറച്ചു കാലം ഫൗണ്ടൻ പേനയോടപ്പം ഒരു റെയ്നോൾഡ് സ് ബോൾ പോയിന്റ് പേനയും കൂടി. മിനുസമുള്ള റോഡിലെ ചരിവിലൂടെ പുതിയ ഹെർക്കുലീസ് സൈക്കിളിൽ ഒഴുകി പോകുന്നത് പോലെ തോന്നി ആദ്യമായി ബാൾ പോയൻ്റ് പേന കടലാസ്സിലൂടെ ഓടിച്ചപ്പോൾ. പിന്നെ മഷി തീരുമ്പോൾ പേന കളയാൻ വല്ലാത്തൊരു വിഷമമായിരുന്നു. എന്നാലും റെയ്നോൾഡ്സ് കൊണ്ടു നടക്കുന്നത് ഒരു അഹങ്കാരമായിരുന്നു. തൊണ്ണൂറ്റിരണ്ടിൽ ഗവേഷണത്തിനായി സി.എസ്.ഐ.ആർ. ഫെല്ലോഷിപ്പ് ലഭിച്ചപ്പോൾ അച്ഛൻ ഞെട്ടിച്ചത് വിലകൂടിയ ഒരു ഫൗണ്ടൻ പേന വാങ്ങി തന്നാണ്. ആ പേന മനോഹരമായ അതിന്റെ പെട്ടിയിൽ നിന്നെടുക്കാതെ ഒന്ന് രണ്ടു മാസം മേശയിൽ തന്നെ വച്ചിരുന്നു. വേഗത്തിൽ എഴുതാൻ റെയ്നോൾഡ്സ് പേനയും നല്ല കൈപ്പടയിൽ സൂക്ഷ്മമായി എഴുതാൻ ഫൗണ്ടൈൻ പേനയും ഉപയോഗിച്ച ദിവസങ്ങൾ. ലോകത്ത് പ്ലാസ്റ്റിക് വിപ്ലവം തന്നെ തീർത്തപ്പോൾ തുച്ഛമായവിലയുള്ള പേനകൾ നിരവധി നിറത്തിലും 

ഭാവത്തിലും ഇറങ്ങാൻ തുടങ്ങി. എത്രയോ തരം പേനകൾ കയ്യിലൂടെ കടന്നു പോയി. തൊണ്ണൂറുകളിലും അതിനു ശേഷവും. എത്രയോ സെമിനാറുകൾ നിറമുള്ള പേനകൾ സമ്മാനിച്ചു. പക്ഷെ ഓർമയിൽ ഇപ്പോഴും കോളിളക്കം സിനിമയുടെ സ്റ്റിക്കർ ഒട്ടിച്ച ജ്യോമെട്രി ബോക്സിൽ സൂക്ഷിച്ചു കൊണ്ടുപോയ ഹീറോ പേനയും അച്ഛൻ സമ്മാനിച്ച വിലകൂടിയ ഫൗണ്ടൻ പേനയും മാത്രം. പ്ലാസ്റ്റിക് യുഗം നമ്മെ പഠിപ്പിച്ച

വലിച്ചെറിയാൻ പറ്റുന്ന ഒന്ന് മാത്രമായിരുന്നു റെയ്നോൾഡ്സ് പോലും. മഷി നിറച്ച് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം എന്ന് പഠിപ്പിച്ച ഫൗണ്ടൻ പേന തന്നെയായിരുന്നു ശ്രേഷ്ഠം… സ്കൂൾ കാലത്തെ സുഹൃത്തുക്കളെ പോലെ..പേന… ഒരു കാലത്ത് ഒരു വികാരമായിരുന്നു…ഒരു അടയാളമായിരുന്നു…ഒരു സംസ്കാരവും.

( തിരുവനന്തപുരം അഡീഷണൽ സ്ക്കിൽ അക്വിസിഷൻ പ്രോഗ്രാം, അസാപ്പ് –  കരിക്കുലം ഹെഡ്ഡാണ് ലേഖകന്‍  ) 

4 thoughts on “എൻ്റെ പ്രിയപ്പെട്ട ഹീറോയുടെ ഓർമ്മക്കായി…

  1. എൺപതുകളിലെ വിദ്യാർത്ഥിനിയായിരുന്നതിനാലാകും ഗതകാല സുഖസ്മരണകൾ ഉണർത്തുന്ന പോസ്റ്റ്‌. പഴയ ഹീറോ പേന ഇപ്പോഴും പേഴ്സിൽ കൊണ്ടു നടക്കുന്നവർ എന്നെപ്പോലെ ധാരാളം പേർ കാണും.അവർക്കു കൂടി വേണ്ടി Thank you Sir.

  2. Very well written Jaykiran… most of our generation would be easily relate to the emotional bonding we had with Hero pens in school and Reynolds in colleges… #Nostu 🙂

  3. Super Sir, പഴയ ഓർമ്മകൾ മനസ്സിൽ മിന്നി മറങ്ങു .Excellent writing .

Leave a Reply

Your email address will not be published. Required fields are marked *