സ്വാതി തിരുനാൾ കൃതികളുടെ ആരാധകനായ വയ്യാങ്കര മധുസൂദനൻ
ആറ്റുവാശ്ശേരി മോഹനൻപിള്ള
സ്വാതിതിരുനാൾ കൃതികളിൽ ആകൃഷ്ടനായ സംഗീതജ്ഞനായിരുന്നു മധു. ഈ കൃതികൾ ഗംഭീരമായി പാടി മധു സംഗീതപ്രേമികളെ ആകർഷിക്കുകയും ചെയ്തിരുന്നു. കച്ചേരികളിലെല്ലാം സ്വാതി തിരുനാൾ കൃതികളാണ് കൂടുതൽ പാടുക. ഈ കൃതികൾ മാത്രം പാടി പ്രത്യേക സംഗീത പരിപാടിയും മധു നടത്തിയിരുന്നു. സംഗീതജ്ഞൻ വയ്യാങ്കര മധുസൂദനൻ്റെ സഹപാഠിയും സുഹൃത്തുമായ കോഴിക്കോട്ടെ ആറ്റുവാശ്ശേരി മോഹനൻ പിളള ഓർക്കുന്നു.
തിരുവനന്തപുരം സ്വാതി തിരുനാൾ മ്യൂസിക്ക് കോളേജ് അസി. പ്രൊഫസറായിരുന്ന വയ്യാങ്കര മധുസൂദനൻ്റെ 14-ാം ചരമവാർഷിക ദിനമായിരുന്നു ആഗസ്റ്റ് 24. കൊല്ലത്ത് ശൂരനാട് കിഴക്ക് വയ്യാങ്കര ഗ്രാമത്തിലാണ് മധുവിൻ്റെ വീട്. 1979 ലാണ് ഞാൻ
തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക്ക് കോളേജിൽ ചേർന്നത്. കുറച്ചു ദിവസം കൊണ്ടു തന്നെ സഹപാഠിയായ മധു എൻ്റെ സുഹൃത്തായി. നാലു വർഷം ഒന്നിച്ച് ഒരു വീട്ടിൽ താമസിച്ചാണ് ഞങ്ങൾ ഗാന ഭൂഷണം കോഴ്സ് പഠിച്ചത്.
വായ്പാട്ടിന് 20 പേരായിരുന്നു ക്ലാസിൽ. കോളേജിലെ ക്ലാസ് കഴിഞ്ഞ് തൈക്കാടിനുത്ത് മേട്ടുക്കടയിലെ മിനി കോട്ടേജ് എന്ന വാടക വീട്ടിൽ ഞങ്ങൾ സാധകം ചെയ്യുമായിരുന്നു. സഹപാഠികളായ വൈപ്പിൻ സതീഷ്, ആലപ്പുഴ ശ്രീകുമാർ, ചങ്ങനാശ്ശേരി ഹരികുമാർ എന്നിവരെല്ലാം ഒപ്പം ഉണ്ടാകുമായിരുന്നു. 20 പേരുള്ള മൂന്ന് ബാച്ചായിരുന്നു. സുഹൃത്തുക്കളായ മധു വേറെ സ്ഥലത്താണ് താമസിക്കുന്നതെങ്കിലും എല്ലാ സമയത്തും ഞങ്ങളുടെ വീട്ടിലുണ്ടാകും. ഉറങ്ങാൻ മാത്രമേ അങ്ങോട്ട് പോകു. വൈകുന്നേരം എല്ലാവരും ഒരുമിച്ചിരുന്ന് സാധകം ചെയ്യും.
രാഗങ്ങളെല്ലാം മധു നന്നായി പഠിച്ചെടുക്കും. അത് എല്ലാവർക്കും പറഞ്ഞു കൊടുക്കുകയും ചെയ്യും. മധു സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ആനയടി പങ്കജാക്ഷൻ സാറിൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു. ഞങ്ങളുടെ ബാച്ചിലെ ബെസ്റ്റ് സ്റ്റുഡൻ്റായിരുന്നു. വളരെ വിനയാന്വിതൻ. ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ്. ക്ലാസിൽ ഒരു കീർത്തനം പഠിപ്പിച്ചു കഴിഞ്ഞാൽ മധു അത് ഗംഭീരമായി പാടും. ക്ലാസിൽ എല്ലാവരും ചേർന്നാണ് പാടുക. നന്നായി പഠിച്ചതിൻ്റെ
മുഴുപ്പൊന്നും മധു കാണിക്കില്ല. ചിലർ നന്നായി പഠിച്ചിട്ടുണ്ടെങ്കിൽ ഉച്ചത്തിൽ പാടി അത് അധ്യാപകരെ അറിയിക്കും. പക്ഷെ മധു വ്യത്യസ്തനാണ്. എല്ലാവരും ഒരു പോലെ പഠിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട് പാണ്ഡിത്യം കാണിക്കില്ല. ക്ലാസിൽ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കും. ഞാൻ ഐ.ടി.ഐ പഠനത്തിനു ശേഷമാണ് ഗാനഭൂഷണം കോഴ്സിന് ചേർന്നത്. പ്രായക്കൂടുതലുള്ളതിനാൽ ഒരു ജ്യേഷ്ഠൻ്റെ സ്ഥാനവും മധു എനിക്ക് തന്നിരുന്നു.
ഗാനഭൂഷണം നാലു വർഷം പഠിച്ച് പാസ്സായപ്പോൾ എനിക്ക് സ്കൂളിൽ സംഗീത അധ്യാപകനായി ജോലി കിട്ടി. മധു ഗാന പ്രവീണ പഠിക്കാനായി കോളേജിൽ തുടർന്നു. ഇതു കഴിഞ്ഞ് കോളേജിൽ തന്നെ അധ്യാപകനായി ജോലി കിട്ടി. മലപ്പുറത്ത് സ്‌ക്കൂളിൽ സംഗീത അധ്യാപകനായപ്പോൾ എനിക്ക് കൂടുതൽ പഠിക്കാൻ സാഹചര്യമില്ലായിരുന്നു. കുറച്ചു ദിവസം അവധി കിട്ടുമ്പോൾ ഞാൻ തിരുവനന്തപുരത്ത് പോയി മധുവിനൊപ്പം കൂടും. ഗാനപ്രവീണ കോഴ്സിൽ പഠിച്ച പല കൃതികളും മധു എനിക്ക് പറഞ്ഞു തരും. മധു വിൽ നിന്ന് ഞാൻ ഒട്ടേറെ പഠിച്ചിട്ടുണ്ട്.
അന്ന് കുമാരകേരളവർമ്മയായിരുന്നു പ്രിൻസിപ്പൽ. അദ്ദേഹം സ്വാതിതിരുനാൾ കൃതികള്‍ക്ക് പ്രാമൂഖ്യം നൽകുന്ന അധ്യാപകനായിരുന്നു. മധു അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. അങ്ങനെ മധുവും സ്വാതി തിരുനാൾ കൃതികളിൽ ആകൃഷ്ടനായി അതിൽ പല ഗവേഷണങ്ങളും നടത്തിയിരുന്നു. പ്രചാരത്തിലല്ലാത്ത പല കൃതികളും ആസ്വാദകർക്ക് മുന്നിലെത്തിച്ചു . മ്യൂസിക് കോളേജിലെ അധ്യാപികയായിരുന്ന പാൽക്കുളങ്ങര അംബികാദേവിയും ഞങ്ങളെ
ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് ടീച്ചറുടെ വീട്ടിൽ പോയി പാട്ടു പഠിക്കുമായിരുന്നു. മാവേലിക്കര വേലുക്കുട്ടി നായർ, മാവേലിക്കര പ്രഭാകരവർമ്മ, ആവണീശ്വരം രാമചന്ദ്രൻ ,പാറശ്ശാല പൊന്നമ്മാൾ, സുബ്രഹ്മണ്യ ശർമ്മ, ജി.സീതാലക്ഷ്മി തുടങ്ങി പ്രഗത്ഭരുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിലെന്ന പോലെയാണ് ഞങ്ങൾ പഠിച്ചത്. മധു ഇവരിൽ നിന്നെല്ലാം വേണ്ടത്ര വിദ്യ വശത്താക്കിയിരുന്നു.
അസുഖമാവുന്നതിന് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മധു സംഗീത കച്ചേരി നടത്തിയിരുന്നു. ഞങ്ങളുടെ സപ്തസ്വര സംഗീതസഭയാണ് പരിപാടി സംഘടിപ്പിച്ചത്. അന്ന് മലപ്പുറത്തെ എൻ്റെ വീട്ടിലാണ് മൂന്ന് ദിവസം താമസിച്ചത്. കോഴിക്കോട്ടെ പല സ്ഥലങ്ങളും കാണാനുണ്ടെന്നും ഇനി ഒരിക്കൽ വരാമെന്നും പറഞ്ഞിരുന്നു. പക്ഷെ വിധി അതിന് അനുവദിച്ചില്ല.
( മലപ്പുറം കൊട്ടുക്കര പി.പി.എം. ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്ന് സംഗീതാധ്യാപകനായി വിരമിച്ച ലേഖകൻ കോഴിക്കോട് തളിയിൽ ‘ശ്രുതിലയം’ സംഗീത വിദ്യാലയം നടത്തിവരികയാണ് )