ടി.എം.കൃഷ്ണ പാടി; ഭക്തിയിലലിഞ്ഞ് ചെമ്പൈ സംഗീതോത്സവ സദസ്
ജഗദാനന്ദകാരകനായ ഗുരുവായൂരപ്പന് സ്തുതിയർപ്പിച്ച് ടി.എം. കൃഷ്ണയുടെ കച്ചേരി. ചെമ്പൈ സംഗീതോത്സവ വേദിയെ ഭക്തി സാന്ദ്രമാക്കിയ വിശേഷാൽ കച്ചേരി ആസ്വാദകരെ ആനന്ദത്തിലാഴ്ത്തി.
സംഗീതോത്സവത്തിൻ്റെ പത്താം ദിവസത്തെ മുഖ്യ ആകർഷണമായി കച്ചേരി മാറി.
ചെരരാവതേ…എന്ന് തുടങ്ങുന്ന ത്യാഗരാജ കൃതി രീതി ഗൗള രാഗത്തിൽ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്. തുടർന്ന് ക്ഷിനിജം രമണം ചിന്തയേ…എന്ന് തുടങ്ങുന്ന ദേവഗാന്ധാരി രാഗത്തിലുള്ള ദീക്ഷിതർ കൃതി ആലപിച്ചു.
നാട്ട രാഗത്തിലുള്ള ത്യാഗരാജ പഞ്ചരത്ന കൃതിയായ ജഗദാനന്ത കാരക… പ്രധാന കൃതിയായി ആലപിച്ചു. പഞ്ചരത്ന കൃതിയുടെ ആലാപനം ആസ്വാദകരെ ഭക്തി നിറവിലാക്കി. ഭഗവത് ഭക്തിയായിരുന്നു ടി.എം. കൃഷ്ണയുടെ ആലാപനത്തിന്റെ കാതൽ.
വിശേഷാൽ കച്ചേരിക്ക് അക്കര ശുഭലക്ഷ്മി (വയലിൻ), പത്രി സതീഷ് കുമാർ (മൃദംഗം), തൃപ്പുണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി. ടി.എം. കൃഷ്ണയ്ക്കും സഹകലാകാരൻമാർക്കും ഗുരുവായൂർ ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് നൽകി.
ടി.എം.കൃഷ്ണയുടെ വിശേഷാൽ കച്ചേരി ആസ്വദിക്കാൻ മേൽപുത്തൂർ ഓഡിറ്റോറിയം നിറഞ്ഞിരുന്നു. കച്ചേരിക്ക് ശേഷം ക്ഷേത്ര ദർശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്. തനിക്കൊപ്പം ചിത്രമെടുക്കാനെത്തിയ ആരാധകരെയെല്ലാം സന്തോഷിപ്പിച്ച ശേഷമായിരുന്നു മടക്കം.