മറൈൻ ഡ്രൈവിനെ ഇളക്കി മറിച്ച് സ്റ്റീഫന്‍ ദേവസ്സി
“കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ
കൊട്ടുവേണം കുഴൽവേണം കുരവ വേണം…” ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി പാടിത്തുടങ്ങിയപ്പോൾ തന്നെ ആ നാടൻ പാട്ട് കൊച്ചിയിലെ യുവത ഒന്നടങ്കം ഏറ്റു പാടി. എറണാകുളം മറൈൻ ഡ്രൈവിലെ എന്റെ കേരളം മെഗാ പ്രദർശന വേദി പാട്ടിലും കീബോർഡ് സംഗീതത്തിലും ഇളകി മറിഞ്ഞു. എക്സിബിഷന്റെ ആദ്യ ദിവസം രാത്രിയാണ് സ്റ്റീഫന്റെ ലൈവ് ബാന്റ് ഷോ അരങ്ങേറിയത്.
ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരിക വേദിയിൽ സ്റ്റീഫന്‍ മിന്നിത്തിളങ്ങിയപ്പോൾ കൊച്ചിയുടെ മണ്ണിൽ ആസ്വാദകർ ചുവടു വെച്ചു. രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മലയാളികളെ ഹരം കൊള്ളിക്കുന്ന സ്റ്റീഫന്‍ അറബിക്കടലിനെ സാക്ഷിയാക്കി മികച്ച സംഗീത വിരുന്നാണ് ഒരുക്കിയത്. ആഘോഷങ്ങൾ അരങ്ങൊഴിയാത്ത കൊച്ചിക്കിത് പുതുമയല്ലെങ്കിലും യുവതയുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുകയായിരുന്നു മറൈൻ ഡ്രൈവിലെ വേദി.
ന്യൂജൻ ഗാനങ്ങൾക്കൊപ്പം കേട്ടു മറന്ന നിത്യ ഹരിത ഗാനങ്ങളും ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയപ്പോൾ പ്രായഭേദമന്യേ ഏവരെയും ആകർഷിക്കാൻ കഴിഞ്ഞു. സ്റ്റീഫനും സംഘവും വേദിയിൽ വിസ്മയം തീർത്തപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് മൈതാനത്തുണ്ടായിരുന്ന ആയിരങ്ങൾ ഓരോ ഗാനവും എതിരേറ്റത്.
ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന മേളയില്‍ ദു:ഖ വെള്ളിയാഴ്ചയായ ഏപ്രിൽ ഏഴിനൊഴികെ എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികള്‍ ഉണ്ട്. അവസാന ദിവസമായ ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോയും അരങ്ങേറും.