ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരം അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക്
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ രണ്ടാമത് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്ക്കാരം അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക്. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം.
ദീർഘകാലം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു. 25001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 21ന് വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. തുടർന്ന് പുരസ്ക്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഡോ.സദനം ഹരികുമാർ, സംഗീതജ്ഞൻ ഡോ.ഗുരുവായൂർ മണികണ്ഠൻ എന്നിവരടങ്ങിയ അഷ്ടപദി പുരസ്ക്കാര നിർണയ സമിതിയാണ് കൃഷ്ണൻകുട്ടിമാരാരെ പുരസ്ക്കാരത്തിനായി ശുപാർശ ചെയ്തത്. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ് കൃഷ്ണൻകുട്ടി മാരാർ. 62 വർഷമായി അഷ്ടപദി ഗായകനാണ്. പഞ്ചവാദ്യത്തിലും മികവ് തെളിയിട്ടുണ്ട്.