ബാല്യകാല ഓർമ്മകൾ പങ്കിട്ട് ശ്രീകുമാരൻ തമ്പിയും കെ.പി.എൻ.പിള്ളയും

ശശിധരൻ മങ്കത്തിൽ

ആലപ്പുഴയിലെ ഹരിപ്പാട് ജനിച്ചു വളർന്ന് ഒരേ സ്കൂളിൽ പഠിച്ചതിൻ്റെ ഓർമ്മകൾ ശ്രീകുമാരൻ തമ്പി പങ്കിട്ടപ്പോൾ ഒപ്പം പഠിച്ച കെ.പി.എൻ. പിള്ള ശ്രീകുമാരൻ തമ്പിയുടെ കൈപിടിച്ചു. ഓർമ്മകളുടെ സംഗീതമഴ പെയ്യിച്ച് സംഗീത പ്രേമികൾക്ക് മുന്നിൽ ഇരുവരും സതീർത്ഥ്യരായി.

കോഴിക്കോട്ടെ സംഗീത കൂട്ടായ്മയായ ‘നോസ്റ്റാൾജിയ’ കവിയും ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരൻ തമ്പിയെയും കർണാടക സംഗീതജ്ഞനായ ഹരിപ്പാട് കെ.പി.എൻ പിള്ളയെയും ആദരിക്കുന്ന

‘ചന്ദ്രകാന്തം’ പരിപാടിയിലായിരുന്നു ഇത്. സ്ക്കൂളിൽ ഒപ്പം പഠിച്ച കെ.പി.എൻ. പിളളയുമായി വേദി പങ്കിടുന്നത് കുറേ കാലത്തിന് ശേഷമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഹരിപ്പാട് സ്വദേശിയായ കെ.പി.എൻ.പിളള കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം ബാലുശ്ശേരിയിലാണ് താമസിക്കുന്നത്.

കെ.പി.നാരായണപിള്ള എന്ന കെ.പി എൻ.പിളളയും ഞാനും നമ്മെ വിട്ടു പോയ എം.ജി.രാധാകൃഷ്ണനും ഒരുമിച്ച് ഒരു ക്ലാസിലാണ് പഠിച്ചത്. ഹരിപ്പാട് ഗവ.യു.പി സ്കൂളിലായിരുന്നു അത്. അന്നത്തെ തേഡ് ഫോം എന്നു പറയുന്ന എട്ടാം ക്ലാസുവരെ ഞങ്ങൾ ഒന്നിച്ചായിരുന്നു -ശ്രീകുമാരൻ തമ്പി പറഞ്ഞു.

സാഹിത്യത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെക്കൊണ്ട് ക്ലാസിൽ സാഹിത്യ സമാജത്തിൽ പ്രസംഗിപ്പിക്കുകയും പാടിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുരുന്നു. എന്നോട് ക്ലാസ് ടീച്ചർ ക്ലാസിൽ ഗുരുഭക്തിയെക്കുറിച്ചും. ദേശഭക്തിയെക്കുറിച്ചുമൊക്കെ പ്രസംഗിക്കാൻ പറയുമായിരുന്നു. എം.ജി.രാധാകൃഷ്ണൻ്റെ അമ്മ കമലാക്ഷി അമ്മ ടീച്ചറാണ് ഞങ്ങളെ സംഗീതം പഠിപ്പിച്ചത്‌.

ഞാൻ പഠിക്കാൻ കുറച്ച് മിടുക്കനായിരുന്നു. എനിക്ക് അന്ന് കണക്കിലും മറ്റും മാർക്ക് കൂടുതലായിരുന്നു. അതിനാൽ രാധാകൃഷ്ണനെ അമ്മ എന്നും വഴക്കു പറയുമായിരുന്നു. എടാ നീ ആ ശ്രീകുമാരനെ കണ്ട് പഠിക്ക് എന്നു പറയും. മാർക്ക് കുറവായിരുന്ന രാധാകൃഷ്ണനും നാരായണപിള്ളയും ഒന്നിച്ച് സംഗീത ക്ലാസിൽ പോകുമായിരുന്നുന്നു. സംഗീത തല്പരരായിരുന്ന അവർ വലിയ കൂട്ടായിരുന്നു.

മാർക്കിൻ്റെ കാര്യം വരുമ്പോൾ ഇവർ രണ്ടു പേരും ചേർന്ന് പിറകിൽ കൂടി വന്ന് എന്നെ ഇടിക്കുമായിരുന്നു. ഗത്യന്തരമില്ലാതായപ്പോൾ ഞാൻ ക്ലാസിലെ പി.എം.തോമസിനെയും കൂട്ടി തിരിച്ച് ഇടി കൊടുക്കാൻ തുടങ്ങി. ഫാൻസിഡ്രസ്സിൽ ഞാനും നാരായണപിള്ളയും ഒരുമിച്ച് പങ്കെടുക്കുമായിരുന്നു. ഞങ്ങൾക്ക് ഒന്നാം സമ്മാനവും കിട്ടിയിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് ഞാനും നാരായണപിള്ളയും ഒരു ഗ്രൂപ്പായി. രാധാകൃഷ്ണൻ ഒറ്റപ്പെട്ടു.

കാലങ്ങൾ കഴിഞ്ഞ് ഞാൻ സിനിമയിൽ വന്നപ്പോൾ നാരായണപിള്ളയെ മെഡ്രാസിൽ വരുത്തി ദക്ഷിണാമൂർത്തി സ്വാമിയെ പരിചയപ്പെടുത്തി. ഞാൻ എഴുതി സ്വാമി  സംഗീതം നൽകിയ രണ്ടു പാട്ട് പാടിച്ചു. ക്ലാസിക്കൽ മ്യുസിക്കിലാണ് ഇദ്ദേഹം വിജയിക്കാൻ സാധ്യതയെന്ന് അന്ന് സ്വാമി പറഞ്ഞിരുന്നു.

പിന്നീട് നാരായണപിള്ള ആകാശ വാണിയിൽ ചേർന്നപ്പോൾ ലളിതസംഗീതത്തിലാണ് ശോഭിച്ചത്. ഞാനെഴുതിയ ഗാനം ആകാശവാണിക്കു വേണ്ടി ട്യൂൺ ചെയ്തിട്ടുണ്ട്. നാട്ടുകാർ മാത്രമല്ല ഞങ്ങൾ കുടുംബ ബന്ധുക്കളുമാണ്‌ – ശ്രീകുമാരൻ തമ്പി പറഞ്ഞു. തൻ്റെ ജീവിതത്തിലെ സംഭവങ്ങളും ഗാനരചനയിലെ അനുഭവങ്ങളും സംഗീതാസ്വാദകരുടെ ചോദ്യത്തിനുള്ള മറുപടിയായി ശ്രീകുമാരൻ തമ്പി പങ്കിട്ടു.

ശ്രീകുമാരൻ തമ്പിയെ മുൻ മന്ത്രി എം.കെ. മുനീർ പൊന്നാട അണിയിച്ചു. മുൻ മേയറും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ ഉപഹാരം നൽകി. കെ.പി.എൻ പിള്ളയെ ശ്രീകുമാരൻ തമ്പി പൊന്നാട അണിയിച്ചു. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കോർത്തണക്കിയ സംഗീത സായാഹ്നത്തിൽ ‘നോസ്സ്റ്റാൾജിയ’ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. ചന്ദ്രികയിലലിയുന്നു… ഉത്തരാ സ്വയംവരം… രാക്കുയിലിൻ

രാജസദസ്സിൽ… തിരുവോണപുലരിതൻ… ആറാട്ടിനാനകൾ എഴുന്നള്ളി… മലർ കൊടിപോലെ… രാപ്പാടി പാടുന്ന യാമങ്ങളിൽ….തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. തോട്ടത്തിൽ രവീന്ദ്രനും, എം.കെ.മുനീറും പാട്ടുപാടി. ഡോ.കെ.ബാലകൃഷ്ണൻ, പി.എം.ഹാരീസ്, ഉത്തര രാമകൃഷണൻ, നരേന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഐ.എം.എ ഹാളിലായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *