വെട്ടിക്കവല ശശികുമാറിനും ഓച്ചിറ ഭാസ്ക്കരനും ശ്രീഗുരുവായൂരപ്പൻ പുരസ്‌കാരം 

ഗുരുവായൂർ ദേവസ്വം നാഗസ്വരം – തവിൽ സംഗീതോത്സവത്തിൻ്റെ ഭാഗമായി ദേവസ്വം നൽകുന്ന ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

നാഗസ്വര വിദ്വാൻ വെട്ടിക്കവല ശശികുമാറിനെയും
മൂത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാരത്തിന് ഓച്ചിറ ഭാസ്ക്കരനെയും തെരഞ്ഞെടുത്തു.
സമഗ്ര കലാ സംഭാവനയ്ക്കാണ് ഇരുവർക്കും പുരസ്ക്കാരം. പുരസ്കാര സ്വീകർത്താക്കൾക്ക് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ, നാഗസ്വര വിദ്വാൻ ആറൻമുള ശ്രീകുമാർ,തവിൽ വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠംപ്രിൻസിപ്പാളുമായ
ചേർത്തല എസ്.പി.ശ്രീകുമാർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയസമിതിയാണ് പുരസ്കാര സ്വീകർത്താക്കളുടെ പേര് ശുപാർശ ചെയ്തത്.

ജനുവരി ഒന്നിന് നടക്കുന്ന നാഗസ്വരം- തവിൽ സംഗീതോത്സവ വേദിയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. നാഗസ്വരം, തവിൽ സംഗീതോത്സവ പുരസ്കാരങ്ങൾക്ക് ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മം പുരസ്കാരം എന്ന് നാമകരണം ചെയ്യാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി.