ഓടക്കുഴലിൽ നാദവിസ്മയം തീർത്ത് ഷാജഹാൻ
സ്വന്തം പ്രയത്നത്തിലൂടെ ഓടക്കുഴൽ പഠിച്ചെടുത്ത് സിനിമാഗാന സംഗീതത്തിന്റെ വഴിയിലെത്തിയ ഷാജഹാൻ താനൂരിന് ഇന്ന് ഒരുപാട് ആരാധകരുണ്ട്. ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഓടക്കുഴലിൽ പാട്ടു വായിച്ച് യുട്യൂബിൽ പോസ്റ്റ് ചെയ്യും. മറ്റ് ഓടക്കുഴൽ കലാകാരമാർക്കു കൂടിയുള്ളതാണ് ഈ ചാനൽ.
അവരുടെ പാട്ടു കൂടി ഇതിലുണ്ട്. ഷാജഹാൻ കുഞ്ഞുന്നാളിലേ പാട്ടിന് ചെവികൊടുക്കുമായിരുന്നു. സംഗീതത്തോട് എന്തെന്നില്ലാത്ത ഇഷ്ടം. വളർന്നു വലുതായപ്പോൾ ഓടക്കുഴൽ സംഗീതത്തോടായിരുന്നു താല്പര്യം. കുടുംബത്തിൽ സംഗീത പാരമ്പര്യമുള്ള ആരും ഉണ്ടായിരുന്നില്ല. സ്ക്കൂൾ പഠനകാലം മുതലേ ഓടക്കുഴൽ പഠിക്കണമെന്നായിരുന്നു താല്പര്യം. പക്ഷെ അതിന് സാഹചര്യമുണ്ടായില്ല.
പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെൻറ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനിടയിൽ മല്ലിശ്ശേരി ഓർക്കസ്ട്രയിലെ കലാകാരനായ താനാളൂർ പ്രേംകുമാറിന്റെ ശിഷ്യനായി. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ മരണം ഷാജഹാന്റെ പഠനത്തെയും ബാധിച്ചു. പിന്നീട് ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോകാനായില്ല. അങ്ങിനെ ജോലി ഉപേക്ഷിച്ചു. ഓടക്കുഴലിൽ സ്വന്തമായി ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു.
വീട്ടിൽ തന്നെ രണ്ടു വർഷത്തോളം പ്രാക്ടീസ് തുടർന്നു. ‘കേളടികൺമണി ‘ എന്ന തമിഴ് സിനിമയിൽ എസ്.പി പാടിയ ‘മണ്ണിൽ ഇന്ത കാതലന്ത്രി’…. എന്ന ഗാനം വായിച്ച് യു ട്യൂബിലിട്ടത് ഹിറ്റായി. ആസ്വാദകർ ഏറ്റെടുത്തു. ഇപ്പോൾ ഓടക്കുഴലിൽ വായിച്ച മുപ്പത് സിനിമാ ഗാനങ്ങൾ യു ട്യൂ ബിലുണ്ട്. 25 ഷോർട്ട് ഫിലിമുകൾക്കു വേണ്ടിയും വായിച്ചു. ഇതിനിടെ വിവാഹ വേദികളിലും കലാസാംസ്ക്കാരിക പരിപാടികളിലും വായിച്ചുതുടങ്ങി. പിന്നെ തിരക്കായി.
സംഗീത സംവിധായകൻ സിബു സുകുമാരൻ ഷാജഹാന്റെ കഴിവ് കണ്ടെത്തി സിനിമാ പാട്ടിൽ വായിക്കാൻ അവസരം നൽകി. അദ്ദേഹം സംഗീത സംവിധാനം ചെയ്ത കുമ്പാരീസ്, ലൗഫ്ലവേഴ്സ്, സാന്താക്രൂസ്, ദേര ഡയറീസ്, മുന്ന, ചിത്രഹാർ, എന്നീ സിനിമകളിൽ വായിച്ചു. വിജയ് യേശുദാസ് , മധു ബാലകൃഷ്ണൻ, വിനീത് ശ്രീനിവാസൻ. ശ്വേത മോഹൻ, അർജിത്ത് സിങ്, ഹരിചരൺ, ഹരിശങ്കർ, നജിം അര്‍ഷാദ് എന്നിവരാണ് ഈ ചിത്രങ്ങളിൽ പാടിയത്. ആര്‍. സോമശേഖരൻ സംഗീത സംവിധാനം ചെയ്ത ‘തുരിയം’ സിനിമയിലും വായിച്ചു. ഇപ്പോൾ മലപ്പുറത്തെ മലബാർ റോഡ് മ്യൂസിക്ക് ബാന്റ് അംഗമാണ്. പുല്ലാങ്കുഴൽ നാദം എന്ന പേരിൽ ഷാജഹാൻ ഉണ്ടാക്കിയ വാട്സ് അപ്പ് കൂട്ടായ്മയിൽ രാജേഷ് ചേർത്തലയടക്കം 245 പുല്ലാങ്കുഴൽ കലാകാരന്മാരുണ്ട്.
ഗ്രൂപ്പ് രണ്ട് വർഷം പിന്നിട്ടു. ലോക്ക് ഡൗണായതിനാൽ സംഗീത ആൽബങ്ങളിലും യുട്യൂബിലേക്കുള്ള പാട്ടുകളിലുമാണ് ഇപ്പോൾ സമയം ചെലവിടുന്നത്. വീഡിയോ ഉണ്ടാക്കാൻ മുക്താർ അഹമ്മദ്, ഷിയാസ് ബാബു എന്നിവർ കൂടെയുണ്ട്. മലപ്പുറം താനൂരിലെ ടി.വി. കോയട്ടിയുടെ മകനാണ് ഷാജഹാൻ. ഉമ്മ: ഫാത്തിമ. ഭാര്യ റാഹില താനൂർ അൽ- ഫിത്ര പീസ് സ്ക്കൂൾ അധ്യാപികയാണ്. റിഹാൻ അഹമ്മദ്, റന ഫാത്തിമ എന്നിവർ മക്കളാണ്.
Nice. He is playing melodius. Best wishes.