സംഗീത സാഗര തീരങ്ങളിലൂടെ…
എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്
എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോക സംഗീത ദിനത്തില് അദ്ദേഹം അനുഭവങ്ങള് പങ്കിടുന്നു.
1995 ഡിസംബറിലെ തണുപ്പേറിയ ഒരു പ്രഭാതം. അമിതാബച്ചൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മുംബൈ ഓഫീസിൽ വെച്ച് ജനറൽ മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ ചെന്നൈയിലേക്ക് മടങ്ങാനൊരുങ്ങിയ സമയം.
കണ്ണുകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടിയ നിമിഷങ്ങൾ ! കാതുകളിൽ അലയടിച്ച ആ അതിഗംഭീര ശബ്ദം! ഇത് സത്യമാണോ എന്ന് ചിന്തിച്ചു തീരുന്നതിനു മുമ്പ് ” Welcome to our family” എന്നു പറഞ്ഞ് സാക്ഷാൽഅമിതാബച്ചൻ എൻ്റെ മുന്നിൽ ! അദ്ദേഹം എനിക്ക് കൈ തന്ന്
എൻ്റെ പുറത്ത് തട്ടി. വളരെ ഊഷ്മളമായ സ്വീകരണമാണ് എനിക്കു നൽകിയത്. അങ്ങനെ അമിതാബച്ഛന്റെ ABCL ൽ ഞാൻ എന്റെ സംഗീതയാത്ര തുടർന്നു.
സംഗീതം സാന്ത്വനമാണ്. പ്രണയത്തിലുണ്ട്, മോഹങ്ങളിലുണ്ട്, മരണത്തിലുണ്ട്. ജീവൻ നിലനിർത്തുന്ന വായുവിൽ പോലും സംഗീതമുണ്ട്. ഏകാന്തതകളിലും, നൊമ്പരങ്ങളിലും, വേർപാടുകളിലും സംഗീതമുണ്ട്. പ്രപഞ്ചമാകെ സംഗീതമുണ്ട്. മഴയിലും മഞ്ഞിലും ഗ്രീഷ്മത്തിലും വസന്തത്തിലും പ്രകൃതി ഒരുക്കുന്ന സംഗീത വിസ്മയം കാലങ്ങൾക്കൊപ്പം അനുനിമിഷം നമ്മോടൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
അത് ആർക്കാണ് ഉന്മേഷവും ഊർജ്ജവും പകരാത്തത്? എ.പി.ജെ. അബ്ദുൽകലാമിന്റെ വാക്കുകൾ ഓർക്കുകയാണ് -” ദിവസത്തിൽ കുറച്ചുനേരം സംഗീതം ആസ്വദിക്കുക. സംഗീതം നിങ്ങളുടെ മനസ്സിന് സമാധാനം നൽകാനുള്ള ഉന്മേഷകരമായ മാർഗ്ഗമാണ്.
ഇന്ന് ജൂൺ 21. ലോക സംഗീത ദിനം. സംഗീതത്തിന് ഭാഷയില്ല, അതിരുകളില്ല, മതമില്ല. ഭാഷ കൊണ്ടല്ല, ഹൃദയംകൊണ്ട് ആസ്വദിക്കണം സംഗീതം ! വേദനകളെ ഒഴുക്കിക്കളയുന്ന നദിയാണ് സംഗീതം എന്നാണ് പഴമൊഴി. സംഗീതം അഖണ്ടാനന്ദം പകരുന്നു. സംഗീതത്തെ കുറിച്ച് എത്ര പറഞ്ഞാലും, എഴുതിയാലും മതിയാവില്ല. അതൊരു മഹാസമുദ്രം പോലെയാണ്.
എന്റെ സംഗീതയാത്ര… സംഗീതവുമായുള്ള അടുത്ത ബന്ധം 1980 ലാണ് തുടങ്ങുന്നത്. ടീ എസ്റ്റേറ്റ് മാനേജരായി ജോലി നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് വളരെ ആകസ്മികമായി മദ്രാസിൽ HMV എന്ന മ്യൂസിക് കമ്പനിയിൽ ജോലി ലഭിക്കുന്നത്.
പീരുമേട്ടിലെ എസ്റ്റേറ്റ് ബംഗ്ലാവും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സംഗീതം എന്ന മോഹവുമായി, ഒരു പക്ഷേ അതിനെ ഭ്രാന്ത് എന്ന് തന്നെ പറയാം, മദ്രാസിലേക്ക് വണ്ടി കയറുന്നത്. അതൊരു സുദീർഘമായ യാത്രയുടെ തുടക്കം മാത്രമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതിനെ സംഗീത യാത്ര എന്ന് വിശേഷിപ്പിച്ചത്.
സംഭവബഹുലമായ ദിവസങ്ങൾ,ആഴ്ച്ചകൾ, മാസങ്ങൾ പിന്നിട്ടപ്പോൾ ജീവിതത്തിൽ കാണാനും പരിചയപ്പെടാനും മോഹിച്ച ഗായിക
ഗായകന്മാർ, സംഗീതസംവിധായകർ, ഗാന രചയിതാക്കൾ എല്ലാവരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചു.
എം.എസ്. വിശ്വനാഥൻ, ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, കെ.വി. മഹാദേവൻ, പുകഴേന്തി, അർജുനൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, ബിച്ചുതിരുമല, യേശുദാസ്, ജയചന്ദ്രൻ, ഉണ്ണി മേനോൻ, ജാനകി, സുശീല, ചിത്ര എന്നീ പ്രതിഭകൾക്ക് പുറമേ ടി.എം.എസ്., എസ്.പി.ബി., ശീർകാഴി, എ.എം. രാജ, എൽ ആർ. ഈശ്വരി തുടങ്ങി ഇതര
ഭാഷകളിലുള്ള ഒട്ടേറെപ്രഗത്ഭരായ കലാകാരന്മാരുമായി അടുത്തബന്ധം തന്നെ ആ കാലങ്ങളിൽ ഉണ്ടായിരുന്നു.
കർണ്ണാടക സംഗീതത്തിലെ മഹാരഥന്മാരായിരുന്ന ഡോ. ബാലമുരളീകൃഷ്ണ, ഡി.കെ. ജയറാം, മഹാരാജപുരം സന്താനം, എം.എസ്. സുബ്ബലക്ഷ്മി, എം.എൽ.വി., ലാൽഗുഡി ജയറാം, കുന്നക്കുടി വൈദ്യനാഥൻ എന്നീ മഹദ് വ്യക്തികളുമായി അടുത്ത് ഇടപഴകാനും കർണ്ണാടക സംഗീതത്തെക്കുറിച്ച്, മനസ്സിലാക്കുവാനും രാഗങ്ങൾ, താളങ്ങൾ, എന്നീ കാര്യങ്ങളെകുറിച്ച് അടിസ്ഥാനപരമായ അറിവ് സമ്പാദിക്കുവാനും സാധിച്ചു.
HMV ക്ക് വേണ്ടി നിരവധി റെക്കോർഡിങ് നടത്തുവാനുള്ള അവസരമുണ്ടായി. മനസ്സിലെ പല ആശയങ്ങളും സംഗീത ആൽബങ്ങളായി പുറത്തിറക്കാൻ വേണ്ടി വിനിയോഗിച്ചു. ശബരിമല യാത്ര (ശ്രീകുമാരൻ തമ്പി, കെ.വി മഹാദേവൻ ), പരശുറാം എക്സ്പ്രസ്സ് (ബിച്ചു തിരുമല, ഒടുവിൽ ഉണ്ണികൃഷ്ണൻ ) തായമ്പക (ആലിപറമ്പ് ശിവരാമ പൊതുവാൾ ) കഥകളിപ്പദങ്ങൾ (ശങ്കരൻ എമ്പ്രാന്തിരി, വെൺമണി ഹരിദാസ് ) എന്നിവ അവയിൽ ചിലതു മാത്രം.
HMV ക്ക് ശേഷം CBS, MAGNASOUND ( Lucensees of Warner Musuc), ABCL, BMG എന്നീ സ്ഥാപനങ്ങളിൽ, ഉന്നതസ്ഥാനങ്ങളിൽ ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ, തുടർന്നുള്ള എന്റെ സംഗീത യാത്രയിൽ കണ്ടുമുട്ടിയ പ്രതിഭകൾ നിരവധിയാണ്. അമിതാബച്ചൻ, രജനീകാന്ത്,ഇളയരാജ, സംവിധായകർ ബാലചന്ദർ, മണിരത്നം, ഹരിഹരൻ,ഭരതൻ, പ്രിയദർശൻ മമ്മൂട്ടി,മോഹൻലാൽ അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
പരിചയപ്പെട്ട സംവിധായകരിൽ ഏറ്റവും അടുപ്പവും സ്നേഹവും ഞാൻ വെച്ചു പുലർത്തിയിരുന്ന ഒരു ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോൻ. മേനോനുമായി 1983 ലാണ് പരിചയപ്പെടുന്നത്. ഏപ്രിൽ 18, പ്രശ്നം ഗുരുതരം, ഒരു പൈങ്കിളികഥ എന്നീ സിനിമകളിലെ ഗാനങ്ങളുടെ വിപണനാവകാശം HMV ക്കായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്.
നന്നായി പാടാൻ കഴിവുള്ള ബാലചന്ദ്രമേനോന്റെ സിനിമാഗാനരംഗത്തുള്ള സംഭാവനകൾ അമൂല്യങ്ങളാണ്. ഏഴു സ്വരങ്ങളും… ശാലീന സൗന്ദര്യമേ…മോഹം കൊണ്ടു ഞാൻ… എന്നീ ഗാനങ്ങൾ നിറഞ്ഞ സൗരഭ്യമുള്ള വാടാമലരുകൾ തന്നെയാണ്.
ആ കാലങ്ങളിൽ ഞാൻ ചെയ്ത രസകരമായ, അവിസ്മരണീയമായ ചില റെക്കോർഡിങ്സിനെ കുറിച്ച് എഴുതിയില്ലെങ്കിൽ ഈ ലേഖനം പൂർ ണ്ണമാകില്ല.1988 ൽ CBS നു വേണ്ടി ചെയ്ത നാമജപം ( പ്രാചീന ഹിന്ദു ഭക്തിഗാനങ്ങൾ ) അവയിലൊന്നാണ്. സംഗീതം ടി. എസ് രാധാകൃഷ്ണജി. വളരെ പ്രശസ്തനായ ഗസൽ സിംഗർ ഹരിഹരനെ കൊണ്ട് ഈ ആ ൽബത്തിലെ രണ്ടുമൂന്നു ഗാനങ്ങൾ പാടിക്കുവാൻ തീരുമാനിക്കുകയും വേറിട്ട ശബ്ദത്തിൽ പുറത്തിറങ്ങിയ ആ ഗാനങ്ങൾ വൻവിജയമായി തീരുകയും ചെയ്തു.
ജന്മംകൊണ്ട് മലയാളിയാണെങ്കിലും ബോംബെയിൽ സ്ഥിരതാമസമാക്കിയ ഹരിഹരന് മലയാള ഭാഷയിൽ പ്രാവീണ്യം കുറവായിരുന്നുവെങ്കിലും, ഞങ്ങളോട് ആത്മാർത്ഥമായി സഹകരിച്ച് ഗാനങ്ങൾ വളരെ മനോഹരമാക്കുകയും ചെയ്തു. ഹരിഹരനെ പോലെ ഒരു വലിയ ഗായകനെ ഒരു ദക്ഷിണേന്ത്യൻ ഭാഷയിൽ ആദ്യമായി അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി എന്നോർക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യവും അഭിമാനവുമുണ്ട്.
പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാർ, അപ്പുമാരാർ തുടങ്ങി കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ സ്ഥലപരിമിതിയുള്ള സ്റ്റുഡിയോയിൽ വെച്ച് 1989 ൽ ചെയ്ത പഞ്ചവാദ്യം
റെക്കോർഡിങ് വേറിട്ട അനുഭവമായിരുന്നു. എല്ലാ വാദ്യോപകരണങ്ങളും തുല്യമായി ബാലൻസിങ് ചെയ്തെടുക്കുക എന്ന വളരെ ദുഷ്കരമായ ദൗത്യത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി ഞങ്ങളെ സഹായിച്ച ദേവസ്സി എന്ന റെക്കോർഡിങ് എൻജിനീയറുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു.
വളരെ കാലം പിണക്കത്തിലായിരുന്ന കുഞ്ഞുകുട്ടൻ മാരാർ, അപ്പുമാരാർ എന്നീ സഹോദരന്മാർ ഈ റെക്കോർഡിങ്ങനോടുകൂടി എല്ലാ പിണക്കവും മറന്ന് പൂർവ്വാധികം സ്നേഹത്തിലായിയെന്നും തുടർന്ന് മരണംവരെ എല്ലാ പഞ്ചവാദ്യം പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിരുന്നു എന്നും പറയുമ്പോൾ അനന്യമായ സന്തോഷമുണ്ട്.
പഞ്ചവാദ്യം റെക്കോർഡിങ്ങിനു ശേഷം തുടർന്ന് പെരുവനം കുട്ടൻ മാരാർ നയിച്ച ഇലഞ്ഞിത്തറമേളം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക തുടങ്ങി നിരവധി കേരളക്ഷേത്ര വാദ്യ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് റെക്കോർഡിങ് അനുസ്യൂതം നടത്തുവാൻ സാധിച്ചു. മട്ടന്നൂരുമായി സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു.
മട്ടന്നൂരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നീ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്ത ശ്രുതിപഞ്ചാരിമേളം റെക്കോർഡിങ്
ധാരാളം വിമർശനങ്ങളോടോപ്പം അതിലേറെ അനുകീർത്തനങ്ങളും മട്ടന്നൂരിനു നേടികൊടുത്തു. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ഒരു പൊൻതൂവലാണ് ശ്രുതി പഞ്ചാരിമേളം എന്ന് നിസ്സംശയം പറയാം.
1988 ൽ അക്കാലത്ത് തായമ്പക ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന തൃത്താല കേശവപ്പൊതുവാളുടെ തായമ്പക റെക്കോർഡിങ് ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു എന്ന് പറയുമ്പോൾ, നിർഭാഗ്യമെന്നു പറയട്ടെ കാസെറ്റ് പുറത്തിറങ്ങുന്നതിനു തലേദിവസം വൈകുന്നേരം കോട്ടക്കലിൽ വെച്ച് ആ കലാകാരൻ യാത്ര പറഞ്ഞു. വളരെക്കാലം എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ വേർപാടായിരുന്നു അത്.
ഞാൻ ചെയ്ത നിരവധി റെക്കോർഡിങ്സിൽ മാഗ്ന സൗണ്ട് ഇറക്കിയ പടിപ്പാട്ട്, ദേവി ഗീതം, വിഘ്നേശ്വരം എന്നിവ നാഴികക്കല്ലുകൾ ആയിരുന്നു. ചിത്രയുടെ ഏറ്റവും പ്രചാരത്തിലുള്ള ഭക്തിഗാന സമാഹാരമാണ് ദേവിഗീതം എന്ന് നിസ്സംശയം പറയാം. ആ കാലങ്ങളിൽ ഞാൻ ഇറക്കിയ ദേവാസുരം, തമ്മിൽ കണ്ടപ്പോൾ, ബന്ധുക്കൾ ശത്രുക്കൾ, പവിത്രം, മിഥുനം, റോജ ഹിന്ദി സിനിമകളിലെ ഗാനങ്ങൾ ഇന്നും വളരെ പ്രചാരത്തിലുള്ളവയാണെന്നു പറഞ്ഞോട്ടെ.
കുന്നക്കുടി വൈദ്യനാഥൻ വയലിനിൽ വായിച്ച അയ്യപ്പഭക്തിഗാനങ്ങൾ, കദ്രി ഗോപാൽനാഥ് സാക്സോ ഫോണിൽ വായിച്ച അയ്യപ്പഭക്തിഗാനങ്ങൾ എന്നീ ആൽബം പരീക്ഷണാർത്ഥം ചെയ്ത
റെക്കോർഡിങ് ആയിരുന്നെങ്കിലും അവ വൻ വിജയമായിരുന്നു.. ശരത്തിന്റെ ആദ്യത്തെ ക്ലാസിക്കൽ മ്യൂസിക് ആൽബം 1995 ൽ മാഗ്നസൗണ്ടിനു വേണ്ടി റെക്കോർഡ് ചെയ്തപ്പോൾ അതൊരു അനുഗ്രഹീത ഗായകന്റെ പുറപ്പാട് ആണെന്ന ബോധം മനസ്സിൽ നല്ല പോലെ തെളിഞ്ഞു വന്നിരുന്നു.
എന്റെ സംഗീതയാത്രയിൽ ഏറ്റവും സംഭവബഹുലവും അവിസ്മരണീയവുമായ കാലം ഗാനഗന്ധർവ്വനുമായി അടുത്തിടപഴകിയ എന്റെ BMG നാളുകളായിരുന്നു. തരംഗിണി യുമായി BMG ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ, പുതിയ റെക്കോർഡിങ്സ്, സെയിൽസ്, മാർക്കറ്റിങ് എന്നീ കാര്യങ്ങളുടെ ചുമതല എന്നിൽ നിക്ഷിപ്തമായിരുന്നു.
ദാസേട്ടനുമായി നിരവധി റെക്കോർഡിങ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു എന്നു മാത്രമല്ല, അക്കാലത്ത് BMG-തരംഗിണി ഇറക്കിയ ഗാന സമാഹാരങ്ങൾ, സംഗീത ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ച് സംഗീതലോകത്ത് ഒരു പുതിയ ഉണർവ്വ് സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്തു.
സ്വന്തം സഹോദരനെ പോലെ എന്നെ സ്നേഹിച്ചിരുന്ന ദാസേട്ടനും പ്രഭ ചേച്ചിക്കും പ്രണാമം. എന്റെ നിർവ്വഹണത്തിൽ ആ കാലങ്ങളിൽ BMG-
തരംഗിണി ഇറക്കിയ പ്രണവം, ആവണിപ്പൊൻപുലരി, തിരുവോണ കൈനീട്ടം, ഹരിമുരളി, സൗപർണ്ണികാ തീർത്ഥം, നാമാർച്ചന എന്നീ ഗാന സമാഹാരങ്ങൾ എടുത്തുപറയേണ്ടവയാണ്.
30 വർഷത്തോളം നീണ്ടുനിന്ന എന്റെ സംഗീത യാത്രയിലൂടെ കടന്നുപോയ, കണ്ടുമുട്ടിയ, ഇടപഴകിയ കലാകാരന്മാർ ഇനിയും നിരവധിയുണ്ട്. അവരെ എല്ലാവരെയും കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ ഈ ലേഖനം അവസാനിപ്പിക്കേണ്ടി വരുന്നതിൽ അതിയായ ഖേദമുണ്ട്. പക്ഷേ അവരിൽ ചിലരെയൊക്കെ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കുകയില്ല.
ജയ വിജയ ജയൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ, ദേവാനന്ദ്, ആർ കെ ദാസ്, എ. വി.വി.പോറ്റി, പി ആർ മുരളി, കൃഷ്ണദാസ് (ഇടയ്ക്ക) കൃഷ്ണകുമാർ(സിത്താർ) ഇവരൊക്കെ എന്റെ സംഗീതയാത്രയിൽ കൂടെ യാത്ര ചെയ്തവരാണ്. എല്ലാവർക്കും എന്റെ പ്രണാമം അവരുടെ വിലയേറിയ സംഭാവനകൾ ഞാൻ ഇന്നും നന്ദിപൂർവം സ്മരിക്കുന്നു.
ഈയടുത്തകാലത്ത് ഞാൻ എഴുതി സംഗീതം ചെയ്ത അരളികൾ പൂക്കുമീ, സ്വപ്നങ്ങളും മോഹങ്ങളും എന്നീ ഗാനങ്ങൾ സാബു ജോസഫ്, പ്രിയനായർ എന്നിവർ പാടിയിരിക്കുന്നു. ജയപ്രകാശ് ഓർക്കസ്ട്രേഷൻ നൽകിയ ഈ ഗാനങ്ങൾ യൂട്യൂബിൽ നല്ല രീതിയിൽ പ്രചാരത്തിലാവുകയും പ്രതീക്ഷിച്ചതിലുപരി വളരെ നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തു.
സംഗീതത്തെക്കുറിച്ച് എത്രതന്നെ എഴുതിയാലും മതിയാവില്ല. അത്രയ്ക്ക് ശ്രേഷ്ഠമായ അനുഭവങ്ങളും നല്ല ഓർമകളും സമ്മാനിച്ച കാലങ്ങളാണ് ആ യാത്ര എനിക്ക് സമ്മാനിച്ചത്. ജീവിതത്തിലെ സുവർണ്ണ കാലങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കാം. സംഗീതം, 78 rpm/ LP records/EP records എന്നിവയിലാരംഭിച്ചു പിന്നീട് cassette/CD/MP3, Pendrive അങ്ങിനെ സാങ്കേതികമായി വന്ന മാറ്റങ്ങളിലൂടെ മുന്നേറി ഇന്ന് യൂട്യൂബിലും, മറ്റ് ഡിജിറ്റൽ പ്ലാറ്റഫോംസിലും നിറഞ്ഞുനിൽക്കുന്നു.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സാങ്കേതിക വിദ്യയിലും, സംഗീതത്തിലും വന്നുകൊണ്ടിരിക്കുന്നു. ആസ്വാദകരുടെ ആസ്വാദന ശീലങ്ങൾ എത്ര മാറിയാലും, എത്ര കാലങ്ങൾ കഴിഞ്ഞാലും, പഴയ സംഗീതം ഇന്നും എന്നും പുതുമയോടെ തന്നെ നിലനിൽക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അവയ്ക്ക് മരണമില്ല. അവ എന്നും വാടാമലരുകളായി നിറസൗരഭ്യമേകി നമ്മുടെ ഹൃദയങ്ങളിൽ പൂത്തുലഞ്ഞു നിൽക്കും.
An eventful life story, very well narrated….And he continues to live life King size…I wonder has he got the recognition that he richly deserves….My complements for all that he has achieved during his illustrious career….God bless.
Thank you very much for the most valuable comments. I beleive recognition for your work in music industry has to come from music fans and the figures will tell you how the album has been received by the public. I feel achieving great sales volumes is the best recognition for your work and apart from this the rewards from your organisation are only just formalities. Lot more to write about my tenure in music industry! Many more eventful times& unforgettable times. May come again with another write-up as a sequel to this.
അ ൽ ഭുതകരമായ സംഗീത യാത്രാ അനുഭവങ്ങൾ…. അവി സ്മരണീയം….
സംഗീതസാന്ദ്രമായ ജീവിതത്തിൽ രാഗങ്ങളും, താളങ്ങളും, ഭാവങ്ങളും, സാഹിത്യവും എല്ലാം അനിർവചനീയമായ അനുഭവങ്ങൾ കാഴ്ച വെക്കുന്നു . ഓരോ റെക്കോർഡിങ്ങും ഓരോപുതിയ അനുഭവം നൽകുന്നു.. വളരെയേറെ നല്ല സംഗീതസൃഷ്ടികൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞു എന്നതും വലിയ ഭാഗ്യമായി കരുതുന്നു. അനുമോദനങ്ങൾക്കു നന്ദി!
വളരെ മനോഹര മായി എഴുതി.. ആ സംഗീത സഗരങ്ങളിലൂടെ ഒന്ന് ഒഴുകി നടന്നു… ഇന്നത്തെ ലോക സംഗീത ദിവസത്തിനുള്ള സമർപ്പണം അതി മനോഹരം 🙏👌👌❤❤🌹🌹
അനുമോദനങ്ങൾക്ക് നന്ദി. സംഗീതം മനുഷ്യന് ദൈവം നൽകിയ വരദാനമാണ്. സംഗീതസാഗര തീരങ്ങളിൽ പാറിപ്പറക്കുന്ന പൂത്തുമ്പികൾ പോലെയാണ് നാമെല്ലാവരും. തീരത്തുകൂടി പാറിപ്പറക്കാനെ നമുക്ക് കഴിയു.
Very nicely shared music related rich experience. I think it’s not at all late for a great come back. Looking forward. My best wishes to you.
Thank you for the encouraging words. There’s no ‘ come back’ for me as i have not left music. Music is in my soul, the air i breath and accompanies me wherever i go. Yes I’m not active in music commercially, but that hasn’t changed my perceptions or interests. Good thought from you, tnk you.
A remarkable memoir! Was really interesting to read about your journey through the world of music. May you be blessed with many more such such musical experiences!
Thank you very much for the compliments and comments. Much more to write about my experiences, wonderful times i spent during recordings of some of the unforgettale music albums and most challenging times i faced to combat piracy etc etc, but had to reluctuntly edit/ restrict due to space constraints.
KK യുടെ സംഭവബഹുലമായ സംഗീത യാത്രയുടെ അല്ലെങ്കിൽ സംഗീത ലോകത്ത് അദ്ദേഹം നൽകിയ സംഭാവനയുടെ ഒരേകദേശ ചിത്രം പോലും ആകുന്നില്ല ഈ ഹൃസ്വ വിവരണം. വാരികകളിൽ / വാരാന്ത്യ പതിപ്പുകളിൽ ആഴ്ചകളോളം പറഞ്ഞു പോകാനുള്ള സംഗീതാനുഭവ സ്വത്തുണ്ട് കെ കെ യുടെ കൈവശം. ഒരു നല്ല പാട്ടിന്റെ പിറവിക്കായി കെ കെ എടുക്കുന്ന effort എത്രയോ തവണ ഞാൻ നേരിട്ടു കണ്ടിരിക്കുന്നു. എത്രയോ രചയിതാക്കളെ അദ്ദേഹം രംഗത്ത് കൊണ്ടുവന്നിരിക്കുന്നു ! എത്ര പുതിയ സംഗീത സംവിധായകരേയും പാട്ടുകാരേയും ആസ്വാദകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നു !
യേശുദാസ്, ജയചന്ദ്രൻ, ചിത്ര, വേണുഗോപാൽ, ഉണ്ണി മേനോൻ, ദേവാനന്ദ് എന്നിവരുടെയൊക്കെ ഏറ്റവും നല്ല ചലച്ചിത്രേതര ഗാനങ്ങളിൽ ഒരു നല്ല പങ്കിലും
കെ കെ യുടെ സൃഷ്ടിപരമായ കൈയ്യൊപ്പ് പതിഞ്ഞതാണ് !
ശുദ്ധ സംഗീതത്തിന്റെ അവതാരകനും പ്രചാരകനുമാണ് കെ.കെ.
പ്രിയ സുഹൃത്തേ, താങ്കൾ എഴുതണം. വിശദമായിത്തന്നെ ! ശ്രുതിസുഖ നിനദങ്ങളായ നുറുകണക്കിന് ലളിത ഗാനങ്ങളിൽ ഓരോന്നിന്റെയും പിന്നിലുള്ള അനുഭവങ്ങൾ വായിക്കുന്നവർക്ക് തീർച്ചയായും രസകരമായിരിക്കും.
അതുപോലെ തന്നെ, നമ്മുടെ നാടിന്റെ സാംസ്കാരിക ഗരിമയുള്ള താളവാദ്യ വൃന്ദങ്ങളെ അതിന്റെ full richness ൽ അവതരിപ്പിച്ചത് തികഞ്ഞ സംഗീതബോധമുള്ള ഒരു വ്യക്തിയാണ് കെ. കെ എന്നുള്ളതു കൊണ്ടാണ്. എനിക്കു തോന്നുന്നു, അദ്ദേഹമാണ് ഇത്തരത്തിൽ ധീരവും നൂതനവുമായ ഒരു ചുവടുവെയ്പു നടത്തിയ ഏക വ്യക്തി അല്ലെങ്കിൽ ആദ്യ വ്യക്തി. അതിനു പിന്നിലെ ശ്രമകരമായ നടത്തങ്ങൾ നമ്മൾ അറിയേണ്ടതല്ലേ ?
HMV മുതൽ മാഗ്നാസൗണ്ട്, തരംഗിണി വഴി ABCL വരെയുള്ള മ്യൂസിക് കമ്പനികളിലൂടെ അവതരിപ്പിച്ച ചലച്ചിത്ര ഗാനങ്ങൾക്കു പിന്നിലും രസകരങ്ങളായ കഥകൾ കാണും.
എന്തായാലും Music Industry യിൽ നിന്നും അറിവും കൗതുകവും പകരുന്ന ഒരു സർവ്വീസ് സ്റ്റോറി
കെ. കെ യിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
അങ്ങനെ കെ.കെ. എഴുതുമെങ്കിൽ ചലച്ചിത്ര – ലളിതഗാന – താളവാദ്യ സംഗീത ലോകത്തിന്റെ ഒരു ചരിത്രമെഴുത്തു കൂടി ആയിരിക്കും. അത്.
വളരെ വിശദമായി എന്നെക്കുറിച്ചും, സംഗീതലോകത്ത് ഞാൻ ചെയ്ത കാര്യങ്ങളെ പരമാർശിച്ചും, ദാസ് എഴുതിയ വാക്കുകൾക്ക് നന്ദി എന്ന ഒരൊറ്റ വാക്കിൽ പറഞ്ഞു നിർത്താവുന്നതല്ല നമ്മുടെ സുഹൃത്ബന്ധം എന്ന് ഞാൻ കരുതുന്നു. സംഗീതലോകത്തെ ഓരോ അനുഭവങ്ങൾ അയവിറക്കുമ്പോൾ, ആ ഓർമകളിൽ വന്നുപോകുന്ന നിരവധി കലാകാരന്മാർ കാണും. പക്ഷെ ചില വ്യക്തികളും അവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും എന്നും ഓർമ്മയിലുണ്ടാവും. അവയിലൊന്നാണ് ദാസ് റെക്കോർഡ് ചെയ്ത പടിപ്പാട്ട് എന്ന അയ്യപ്പഭക്തിഗാനസമാഹാരം. ഒരു നീണ്ട സുഹൃത്ബന്ധത്തിന് തുടക്കം കുറിച്ച പടിപ്പാട്ടിലെ ഗാനങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു.
ഞാൻ പരിചയപ്പെട്ട, ഇടപഴകിയ, സ്നേഹിച്ച ദാസടക്കമുള്ള നിരവധി ശ്രേഷ്ഠരായ കലാകാരമാരുടെ ആത്മാർത്ഥമായ സഹകരണവും സമർപ്പണവും ഞാൻ ഇന്നും നന്ദിപൂർവം സ്മരിക്കുന്നു. ഞാൻ പ്രോത്സാഹിപ്പിച്ച പലരും കാലയവനികക്കുള്ളിൽ മറഞ്ഞു, വേറെ പലരും നിറസാന്നിധ്യമായി ഇന്നും രംഗത്ത് തുടർന്നു കൊണ്ടേയിരിക്കുന്നു.
എല്ലാ ആശംസകൾക്കും പ്രോത്സാഹനങ്ങൾക്കും, അഭിപ്രായങ്ങൾക്കും ആത്മാർത്ഥമായ നന്ദി.
Thank you KK.
Hoping to travel along with you and your colorful and ” melodious ” memories through print or vidual media in the nearest future.
Wishing you all the best in all your endeavours…….R. K. DAS.
Thank you for encouraging me to continue my efforts in bringing out my experiences in music industry through print or visual media. I can only tell you, at this juncture, that i shall make an earnest attempt but cannot indicate any time frame. Im glad you enjoyed reading my article though i could not include many important information due to space limitations. Thank you again for the support.
താങ്കളുടെ സംഗീതയാത്ര ശ്രദ്ധയോടെ വായിച്ചു.. അതിനു വേണ്ടി സഹിച്ച ത്യാഗങ്ങളും… പ്രഗത്ഭരായ കലാ ഗുരുക്കന്മാരുമായുള്ള സഹവാസവും, അതിലൂടെ ഉരുത്തിരിഞ്ഞ സർഗ്ഗ സൃഷ്ടികളും കാലാതിവർത്തിയാണ്.. വരും തലമുറയ്ക്ക് മുതൽക്കൂട്ടാണ്.. അങ്ങയുടെ ഈ യാത്രയിൽ എന്നേയും പരാമർശിച്ചതിൽ വളരെ സന്തോഷം.. സംഗീതത്തിനു വേണ്ടി സമർപ്പിച്ച ഒരു യാത്ര ആയി ഞാൻ ഇതിനെ കാണുന്നു.. ഇനിയും യാത്ര തുടരട്ടെ.. നന്മകൾ മാത്രം ഭവിയ്ക്കട്ടെ
ആശംസകൾക്കും അനുമോദനങ്ങൾക്കും നന്ദി. എല്ലാം കൊണ്ട് വർണാഭമായ ആ കാലങ്ങളിൽ താങ്കളുടെ സജീവസാന്നിധ്യം ഞാൻ ചെയ്ത റെക്കോർഡിങ്ങുകളിൽ ഏറെ നിറവേകിയിരുന്നു എന്നു പറയട്ടെ. അവിസ്മരണീയമായ അനുഭവങ്ങളുടെ ഒരു പെരുമഴ തന്നേയായിരുന്നു ആ കാലങ്ങൾ എന്ന് പറയുമ്പോൾ അവ സമ്മാനിച്ച മധുരസ്മരണകളും നൊമ്പരപ്പൂക്കളും ഏറെയാണ്. പല്ലാവൂർ സഹോദരന്മാർ, തൃത്താല കേശവപ്പൊതുവാൾ, ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ അങ്ങിനെ നിരവധി കലാകാരന്മാർ കാലയവനികക്കുള്ളിൽ മറഞ്ഞു. നല്ല ഓർമ്മകൾ മാത്രം ബാക്കി വെച്ച്……..
Fantastic – your Sangeethayathra…
Really amazing. Within the lull between our two meetings – first in college and then we met in Cherpulassery after my retirement from Bank services. The long gap between us made such an astounding growth in you that you had grown bigger than your visible size. That’s real attainment of your life goal. But I still feel that you were not placed in the most eligible slot which you really- really deserved.
But God is Great Ever. You are too big for me…
Thank you very much for the most sincere & honest comments. While in college, i never had any plans to pursue a career in music industry and it was more of an accident than a plaaned move. I did not think i was qualified to join a music company and that too the most renowned music label in india HMV, without adequate exposure to music or sales. But my interest in music and determiation to build a career involving great singers/artists and their recordings helped me secure the job. Honestly speaking, i did not realise it’s the begining of a long, eventful and fruotful career in music industry.
👌🏻👌🏻👏 വളരെ interesting ആയിരിക്കുന്നു KK യുടെ സംഗീത ജീവിതം. അതിലുമുപരി ഒരു മഹാത്ഭുതം പോലെ… മഹാ ഭാഗ്യം തന്നെ… സംശയമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയുള്ള ജീവിതവും സംഗീതമയമാകട്ടെ.പറഞ്ഞതുപോലെ “സംഗീതത്തിന് മരണമില്ല.. എന്നും നമ്മോടൊത്തു ഹൃദയങ്ങളിൽ പൂത്തു നിൽ ക്കും.”അതിന്റെ സൗരഭ്യം എങ്ങും വീശട്ടെ. എല്ലാ നന്മകളും നേരുന്നു.
സംഗീതസാന്ദ്രവും സൗരഭ്യവുമേറിയ അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി. ഇനിയും തുടർന്നുള്ള യാത്രയിലും സംഗീതത്തിന്റെ ആർദ്രതയും നിറസൗരഭ്യവും കൂടെ ഉണ്ടായിരിക്കേണമേ എന്നാഗ്രഹിക്കുന്നു. സംഗീതത്തിന്റെ മാസ്മരികത പൂർണനിറവിൽ ആസ്വദിച്ച സമയങ്ങൾ മായാതെ, മനസ്സിൽ ഒരു നിലവിളക്കിന്റെ ശോഭയോട് കൂടി തെളിഞ്ഞു നിൽക്കുന്നു.
What a great musical journey! What more can I say. Very apt title as well.
Very proud to hear about your contribution to the music world and achievements at the same time. Wishing you the best.. continue the journey
Thank you immensely for the sincere comments and encouraging words. Yes the journey has been exciting, interesting and truly inspiring. The events, though narrated briefly, are not written in detail due to space constraints. Glad you liked the content.
Great journey with music really lucky to maintain a relationship with all maestros in the music field I am also obliged for giving me a chance to compose music for our great Hariji the Ghazal master of our country also the service u have contributed to the musicians by giving chances to many Artists
Yes, it has been a long, fruitful and eventful journey in music industry when i was firtunate to meet very potential musicians like you. I consider it as an honour to have associated with you during the long span of my career. Your knowledge in music and the identity you have created as a creative and genuine composer are praiseworthy.
I was fortunate to promote many new aspiring talents and i note with a sense of pleasure that many of them established well in music industry. Thank you for your valuable comments and compliments.
Really well written memories of your life journey
Thank you for the compliments. Am glad you liked my presentation .
യാത്രയിൽ താങ്കളുടെ കൂടെ സഞ്ചരിച്ച പ്രതീതി…… ഒരുപാട് പഗത്ഭരായ കലാകാരൻമാരുമായി ഇടപഴകാൻ സാധിച്ചത് മഹാഭാഗ്യം…..ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ….
ആശംസകൾക്കും അനുമോദനങ്ങൾക്കും വളരെ നന്ദി. പലർക്കും അറിയാത്ത കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ, വിഷയം സംഗീതം ആയതിനാൽ അത് അനുവാചകന് പ്രിയമുള്ളതായിരിക്കും എന്ന വിശ്വാസത്തിലാണ് ഈ ലേഖനം എഴുതിയത്. ഈ ലേഖനത്തിന് കിട്ടികൊണ്ടിരിക്കുന്ന പ്രതികരണം പ്രതീക്ഷിച്ചതിലുപരിയാണെന്ന് പറയുന്നതിൽ വളരെ സന്തോഷമുണ്ട്.
🙏🙏🙏🙏🙏Sir… അങ്ങയുടെ..സംഗീത അനുഭവങ്ങളിലൂടെ എത്ര രസമായിട്ടാണ്.. ഓരോ വായനക്കാരനെയും കൊണ്ടുപോകുന്നത്…… അത് എന്തൊരു സുഖമുള്ള അനുഭവമാകുന്നു…. അങ്ങ് എപ്പോൾ എഴുതുമ്പോഴും ഇങ്ങനെ തന്നെയാണ്…… Sir ന്റെ ഓർമകളോടൊപ്പം നമ്മളും സുഖമുള്ള ഒരു ഒഴുക്കിൽ ഇങ്ങനെ ഒഴുകും…….എല്ലാ അർത്ഥത്തിലും ഒരു blessed soul ആണ് അങ്ങ് 🙏🙌❤️.. അങ്ങയെ പരിചയപ്പെടാനും… ലോക സംഗീത ദിനത്തിൽ അങ്ങയുടെ സംഗീതയാത്രയിലെ മഹാരഥന്മാരോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചു…. അത് ഇന്ന് .. സ്വപനങ്ങളും മോഹങ്ങളും എന്ന മനോഹരമായ അങ്ങയുടെ രചനയിലും സംഗീതത്തിലും എത്തി നിൽക്കുമ്പോൾ.. അവിടെ…..ഒന്നുമല്ലാത്ത എന്റെ പേരും വായിക്കുവാൻ ഗുരുവായൂരപ്പന്റെ കടാക്ഷം ഉണ്ടായല്ലോ എനിക്ക് ഈ ജന്മത്തിൽ.. എന്ന അളവറ്റ സന്തോഷത്തിൽ.. അങ്ങേയ്ക്ക് ഈ worldmusicdayil ഹൃദയം നിറഞ്ഞു ആശംസകൾ അറിയിക്കുന്നു…ഒപ്പം ഇനിയും നിറയെ നിറയെ അങ്ങയുടെ രചനകൾ വായിക്കുവാനും….അങ്ങയുടെ സംഗീതം കേൾക്കുവാനും…..ആസ്വദിക്കുവാനും…..ഭാഗമാകുവാനുമൊക്കെ ഭാഗ്യം ഉണ്ടാവട്ടെ എനിക്കും എന്ന് പ്രാർത്ഥിക്കുന്നു 🙏🙌.. എപ്പോഴത്തെയും പോലെ ഈ ഓർമകുറിപ്പും 👌👌👌..
സംഗീതത്തിനെ കുറിച്ച് എന്തെഴുതിയാലും, എത്ര എഴുതിയാലും പോരാ, ഇനിയും കുറെ എഴുതാനുണ്ടെന്നു മനസ്സ് പറയുമ്പോൾ, ക്ലോക്ക് അതിന്റെ ദിനചര്യ ആവർത്തിക്കും. ആ ഓർമപ്പെടുത്തൽ കിട്ടിയാൽ പിന്നെ എഴുത്തിനെ നിയന്ത്രിക്കും, കാരണം സ്ഥലപരിമതിയെ കുറിച്ച് ഞാൻ ബോധവനാവുമ്പോൾ എഴുതാനുള്ള പലതും മാറ്റിവെക്കും.
ഓരോ ഗാനങ്ങൾ റെക്കോർഡ് ചെയ്യുമ്പോഴും രചനയിലും സംഗീതത്തിലും നിറഞ്ഞു നിന്ന നിറവാർന്ന ഭാവങ്ങൾ ഉൾക്കൊണ്ടുകണ്ട് മനസ്സിന്റെ അനന്തമായ യാത്ര പകരുന്ന അനുഭൂതികൾ വേറിട്ട അനുഭവം തന്നെയാണ്. കല്പനകൾ നിറഞ്ഞ, വർണാഭമായ, അതിമോദം പകരുന്ന മനസ്സിന്റെ പൂന്തോട്ടത്തിൽ മധു നുണയാൻ വരുന്ന തേൻവണ്ടുകളെപ്പോലെ ചിന്തകൾ ഒരിടത്തും നില്കാതെ മാറിമാറി പറന്നുകൊണ്ടേയിരിക്കും. ഓരോ പൂവിലും തേൻ നുകരുമ്പോഴുള്ള മാധുര്യം പോലെയാണ് ഓരോ രാഗഭാവവും മനസ്സിൽ സൃഷ്ടിക്കുന്ന അനുഭൂതികൾ.
ഞാൻ രചിച്ച് സംഗീതം നൽകി പ്രിയ പാടിയ ‘ സ്വപ്നങ്ങളും മോഹങ്ങളും’ എന്ന ഗാനത്തിന് ലഭിച്ച സ്വീകരണം, നല്ല ഗാനങ്ങളുടെ തിരിച്ചുവരവിനുള്ള വരവേൽപ്പാണെന്നു നമുക്കാശിക്കാം. പ്രിയയുടെ ശബ്ദമധുരിമയിൽ ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ടെ എന്നാശംസിക്കുന്നു.
അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി!
അങ്ങയുടെ അനുമോദനങ്ങൾക്കും ആശംസകൾക്കും… ആ മനസ്സ്സുനിറഞ്ഞ blessingsinum …. ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി Sir 🙏🙏🙏
മേനോൻ സാറുമായി അടുത്തബന്ധമുണ്ടെങ്കിലും ഇത് വായിച്ചപ്പോളാണ് ഇന്ത്യൻ സംഗീതത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എത്രത്തോളം വലുതാണെന്നു മനസ്സിലായത്. സംഗീതവുമായി ബന്ധപ്പെട്ടു ഇത്രത്തോളം അനുഭവങ്ങളുള്ള മറ്റൊരാളും ഉണ്ടന്ന് ഞാൻ കരുതുന്നില്ല .അദ്ദേഹവുമായി ഒരു സുഹൃത്ബന്ധമുണ്ടാകുവാൻ കഴിഞ്ഞത് വളരെവലിയൊരു ഭാഗ്യമായി കരുതുന്നു. അതുപോലെ അദ്ദേഹം എഴുതി സംഗീതം നൽകിയ ഗാനം പാടുവാൻ കഴിഞ്ഞത് എന്റെ സംഗീതജീവിതത്തിൽ എനിക്ക്കിട്ടിയ ഏറ്റവും വലിയ അംഗീകരമായും ഞാൻ കരുതുന്നു. എത്ര മനോഹരമായാണ് സംഗീതത്തെക്കുറിച്ചും സംഗീതാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയിരിക്കുന്നത്. ഈ സംഗീതദിനത്തിൽ നല്ലൊരു വിരുന്നായിരുന്നു ഈ ലേഖനം..
സാബുവിന്റെ അനുമോദനങ്ങൾക്കും, ആശംസകൾക്കും, അഭിപ്രായങ്ങൾക്കും വളരെ നന്ദി. സംഗീതാലേഖന/ വിപണന രംഗത്ത് എന്നേക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന, ഒരുപക്ഷെ ഇപ്പോഴും ഉള്ള വ്യക്തികൾ ഉണ്ടായേക്കാം. പക്ഷെ LPrecords ന്റെ കാലം മുതൽ വിവിധ മ്യൂസിക് ലേബലുകളിൽ ജോലി ചെയ്ത് വൈവിധ്യമായ സംഗീതം ആലേഖനം ചെയ്തും ആ സംഗീതത്തെ / കലാസൃഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരവുമായി അടുത്തിടപഴകിയും ഞാൻ ആർജിച്ച പരിചയവും അനുഭവവും അമേയമെന്ന് സവിനയം പറയട്ടെ. പുതിയ ഗായികഗായകരെയും, ഗാനരചയിതാകളെയും,സംഗീതസംവിധായകരെയും പരിചയപ്പെടുത്തി പ്രോത്സാഹിപ്പിക്കുക എന്നകാര്യത്തിൽ എനിക്ക് പ്രത്യേക താത്പര്യം എന്നും ഉണ്ടായിരുന്നു. അവരിൽ പലരും ഇന്ന് സംഗീതരംഗത്ത് നിറസാന്നിധ്യമായി തുടരുന്നു എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വേറെ ചിലരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും അവരുടെയെല്ലാം അമൂല്യസൃഷ്ടികൾ ഇന്നും നാമെല്ലാവരും ആസ്വദിക്കുന്നു.
സാബു പാടിയ ” അരളികൾ പൂക്കുമീ ” എന്ന ഗാനത്തിന്റെ വിജയം, നമ്മുടെ സൃഷ്ടിയുടെ പരിപൂർണത അതിന്റെ എല്ലാ സൗന്ദര്യവും സൗരഭ്യവും ഉൾക്കൊണ്ടുകൊണ്ട് പൂർണമനസ്സോടെ സംഗീതാസ്വാദകർ ഏറ്റു വാങ്ങിയതുകൊണ്ടാണ് എന്ന് നിസ്സംശയം പറയാം. ഇനിയും അത്തരം സൃഷ്ടികളെ വരവേൽക്കുവാനുള്ള ഒരു പ്രോത്സാഹനം കൂടിയല്ലേ, അവരുടെ പ്രതികരണങ്ങൾ?
സംഗീതസാഗര തീരങ്ങളിലൂടെ ആ കാറ്റും ഏറ്റു വാങ്ങി നമ്മൾ നടന്നുകൊണ്ടേയിരിക്കുന്നു. ഇനിയും നല്ല സംഗീതം അലകളായി ആ തീരങ്ങളിൽ വന്നലയടിക്കട്ടെ! ആ സംഗീതം ഇനിയുള്ള കാലങ്ങളിലും നമുക്കേറെ ആനന്ദം പകരട്ടെ എന്നാശിക്കാം!!
I recall the occasions when you used to discuss about various recording sessions you had with many artists including Dasettan. You have great talents nodoubt,and we are all proud of you.your acheivements In music field are praise worthy and certainly need further recognition. Lucky are those artists who were promoted by u
I remember when u brought Dasettan home and the unforgettable moments we could
Spend with him. You should make a come back as you richly deserve
a prominent position in the music industry. Wish u all that is best
Thank you for the most valuable and appropriate comments. Needless to say, your encouragimg words have always given me the motivation to bring out the creativity within and pursue my interests in the chosen field of music. You have always encouraged me to scale greater heights in music industry and i thank you for all the support.
ലോകസംഗീത ദിനത്തിൽ പ്രസിദ്ധീകരിച്ച ഈ article ഒരു സംഗീതധാര തന്നെയായിരുന്നു… സംഗീതലോകത്ത് ഇടപെട്ട പ്രശസ്ത കലാകാരന്മാരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സൃഷ്ടി മികച്ചത് തന്നെ ആയിട്ടുണ്ട്… അതിനോടൊപ്പം തന്നെ താളവാദ്യ കലാരംഗത്തെ പ്രഗത്ഭരുടെ പ്രകടനവും record ചെയ്യാൻ കഴിഞ്ഞുവെന്നതും പ്രശംസനാർഹം തന്നെ. പഴയ കലാകാരന്മാരുടെ കഴിവുകളെ ഇന്നത്തെ തലമുറക്ക് കണ്ടും കേട്ടും ആസ്വദിക്കാനുള്ള ഒരവസരവും കൂടിയാണ് …
Wish you All the Best … 💐💐and also contribute more to the Music with your great potential Mr KK🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏
ഒരു ആൽബത്തിന്റെ ആലേഖനം എന്ന വളരെ പ്രധാനമായ വിഷയത്തിൽ, സാധാരണ അതിന്റെ വിജയസാധ്യതകളെ ആസ്പദമായിരിക്കും തീരുമാനങ്ങൾ എടുക്കുക. എന്നാൽ ഒരു നാടിന്റെ സംസ്കാരവും, ആ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന കലാരൂപങ്ങളും, അവയെ നിലനിർത്തികൊണ്ടുപോരുന്ന കലാകാരന്മാരും നമ്മുടെയെല്ലാം അമൂല്യങ്ങളായ സമ്പത്താണ് എന്നു ഞാൻ ദൃഠമായി വിശ്വസിക്കുന്നു. ആ വിശ്വാസമാണ് തായമ്പക, കേളി, പഞ്ചാരി മേളം, ഇലഞ്ഞിത്തറമേ ളം, പഞ്ചവാദ്യം കഥകളിപദങ്ങൾ എന്നീ വിഷയങ്ങൾ റെക്കോർഡ് ചെയ്യുവാൻ എന്നെ പ്രേരിപ്പിച്ചത് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു.
സംഗീതം മഹാസമുദ്രമാണ്. ആ തീരത്തുള്ള മണൽത്തരി പോലുമല്ല നാമെന്ന സത്യം മനസ്സിലാകുമ്പോൾ, സംഗീതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ നാം ശ്രമിക്കുന്നു. ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും പിന്നെയും ദൂരം ബാക്കി, അതാണ് സംഗീതം. രാജേഷിന്റെ സംഗീതയാത്രയും തുടരട്ടെ! തുടർന്നു പാടുവാനുള്ള ഊർജവും ഉന്മേഷവും ജഗദീശ്വരൻ നൽകട്ടെ! ആ ഗാനങ്ങൾ ശ്രോതാകൾക്കു ആനന്ദം നൽകട്ടെ!!
എന്റെ ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അനുമോദനങ്ങൾക്കു നന്ദി!
സംഗീത സാഗര തീരങ്ങളിലൂടെ കൂടെ യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. വളരെ നന്നായി എഴുതി 💐❤
അനുമോദനങ്ങൾക്കു നന്ദി! സംഗീതസാഗാര തീരങ്ങളിലൂടെയുള്ള യാത്ര ഇനിയും തുടരൂ, ഗാനാലാപനം, ആസ്വാദനം, ഇവ രണ്ടും ജീവിതത്തിൽ അമിതഭായുള്ള നിമിഷങ്ങൾ ഒരുക്കുന്നു. ആ നിമിഷങ്ങൾ അതുലമായ ആനന്ദം പ്രാദാനം ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ സംഗീത യാത്ര അതി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ…
സംഗീതയാത്രയിൽ പങ്കു വെച്ച അനുഭവങ്ങൾ ഒരു നല്ല വായനാനുഭവം ആയിരുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾക്ക് നന്ദി!
hai kk excellent writing you remember me in this occasion I, am thanks to you those days never forgot and great recording s thanks once again
1992 വരെയുള്ള എറണാകുളത്തു വെച്ചുള്ള എന്റെ റെക്കോർഡിങ്ങുകൾ ചെയ്യുമ്പോൾ ദേവസ്സിയുടെ സാന്നിധ്യം ഞാനോർക്കുന്നു. അന്ന് ചെയ്ത പല റെക്കോർഡിങ്ങുകളും പിൽക്കാലത്തു വൻഹിറ്റുകളായി എന്ന കാര്യം ഓര്മിപ്പിക്കുന്നതോടോപ്പം ആലാപ് സ്റ്റുഡിയോവിന് അവയിലൂടെ ലഭിച്ച പ്രസിദ്ധിയും പ്രചാരണവും വളരെയേറെ ആയിരുന്നു എന്നതും ഞാൻ ഓർക്കുന്നു. ആശംസകൾക്ക് നന്ദി.
Life without music is nothing.Very well written.So proud of you.Wishing you the best in life
സുഹൃത്തുക്കളുടെ ആശംസകളും അനുമോദനങ്ങളും നൽകുന്ന പ്രോത്സാഹനം മനസ്സിൽ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നു. പുതിയ വർണങ്ങളുടെ പ്രപഞ്ചം തീർക്കുന്നു. കാവ്യദേവതയുടെ കാൽപാടുകൾ തേടിയുള്ള യാത്രയിൽ മനസ്സിനെ പുണർന്നു നിൽക്കുന്ന ചിന്തകളെ കൂടുതൽ വര്ണാഭമാക്കുന്നു.
1992 വരെയുള്ള എറണാകുളത്തു വെച്ചുള്ള എന്റെ റെക്കോർഡിങ്ങുകൾ ചെയ്യുമ്പോൾ ദേവസ്സിയുടെ സാന്നിധ്യം ഞാനോർക്കുന്നു. അന്ന് ചെയ്ത പല റെക്കോർഡിങ്ങുകളും പിൽക്കാലത്തു വൻഹിറ്റുകളായി എന്ന കാര്യം ഓര്മിപ്പിക്കുന്നതോടോപ്പം ആലാപ് സ്റ്റുഡിയോവിന് അവയിലൂടെ ലഭിച്ച പ്രസിദ്ധിയും പ്രചാരണവും വളരെയേറെ ആയിരുന്നു എന്നതും ഞാൻ ഓർക്കുന്നു. ആശംസകൾക്ക് നന്ദി.
An envious at the same time admirable voyage thru the magical world of music. Thank you very much for sharing your 30 years journey. I for one is very greatful that you are writing about your experience in many forms of art. Waiting for more . It certainly is very enlightening. Thank you 🙏🏽
Its nice to read such encouraging comments for my article and I realise with great pleasure that all of you are able to connect with the content. Thank you for the compliments and nice remarks.
A well written narrative about a very interesting career journey. What a ride! Looking forward to the sequel.
Thank you for appreciating my article and the comments. Lot more to write and share about the unforgettale and eventful times i had in the music industry. Shall make an attempt sometime later.
സംഗീത ലോകത്തെ പ്രസിദ്ധരായ വ്യക്തികളുമായി സ്നേഹനിർഭരമായ ആത്മബന്ധങ്ങൾ നിലനിർത്തി ഒരുപാട് ദൂരം യാത്ര ചെയ്ത കെ കെ യുമായുള്ള ഒരു സൗഹൃദം തന്നെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഹൃദയത്തിൽ താലോലിച്ചു നടന്ന ഒരുപാട് ഗാനങ്ങളുടെ പിന്നിൽ കെ കെ യുടെ ഒരു കയ്യൊപ്പ് ഉണ്ടെന്നറിയുമ്പോൾ പറയാൻ അറിയാത്ത ഒരു അനുഭൂതി അനുഭവിച്ചറിയുന്നൂ. ഒരുപാട് ഓർമ്മകൾ പങ്കുവെയ്ക്കുന്ന കെ കെ സുന്ദരമായ സംഗീത അറിവുകൾ കൂടി നമുക്ക് പകർന്നു തരുന്നു…. ഇനിയും ഒരുപാട് കാലം സംഗീത ലോകത്തു പാറിപ്പറന്നു നടക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് ഒരിക്കൽ കൂടി സർവ്വേശ്വര നോട് പ്രാർത്ഥിച്ചുകൊണ്ട്……
റ ജീഷ് പാലക്കാട്
ഒരായിരം വാക്കുകൾ വേണ്ട, അഭിനന്ദനങ്ങൾക്ക്, പ്രോത്സാഹനങ്ങൾക്കു എന്ന യാഥാർഥ്യം ഓർമ്മപെടുത്തിയ താങ്കളുടെ വാക്കുകൾക്ക് മുൻപിൽ എനിക്കു പറയാൻ വാക്കുകളില്ല. കിഴക്കൻ കാറ്റ് തഴുകി അതിന്റെ ഗന്ധവും കുളിരും പകർന്നു വരുന്ന പാലക്കാടൻ ചിന്തകളുടെ സൗന്ദര്യം വാക്കുകളിലൂടെ പകർന്നു തന്നതിന് നന്ദി!
സർ, ഒന്നും പറയാനില്ല. അങ്ങയോട് ഒരല്പം അസൂയ തോന്നുന്നു. ഈ സംഗീത പ്രതിഭകൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിന്… സ്വധർമ്മ ജീവിതം മഹാഭാഗ്യം…
അനുമോദനങ്ങൾക്കു നന്ദി. നിങ്ങളുടെയൊക്കെ പ്രോത്സാഹനം മാത്രമാണ് എനിക്ക് എഴുതാനുള്ള പ്രചോദനം നൽകുന്നത്.
കെ കെ. മേനോൻ ,
സംഗീതത്തോടുള്ള താങ്കളുടെ ‘അഭിരമിക്കൽ താങ്കൾക്ക് കൈവന്ന വൈകി വന്ന വസന്തമായി ഞാൻ മനസ്സിലാക്കുന്നു …പൂർവാധികം ആർജ്ജവത്തോടെ തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു …
സംഗീതമേ ജീവിതം !!!
ആശംസകൾക്കും അനുമോദനങ്ങൾക്കും ബഹുമാനത്തോടെ വളരെ നന്ദി പറഞ്ഞു കൊള്ളട്ടെ! “Better late than never” എന്ന് നാമെല്ലാം നിരന്തരം ഉപയോഗിക്കുന്ന വാക്കുകൾ നൽകുന്ന പ്രോത്സാഹനവും ഊർജവുമാണ്, വളരെ വൈകിയാണെങ്കിലും, ചില ജീവിതാനുഭവങ്ങളും, എന്റെ സംഗീതയാത്രയിലെ പല ഓർമകളും വായനക്കാരുമായി പങ്കു വെക്കുവാനുള്ള പ്രചോദനം നൽകിയത്.
കഴിഞ്ഞുപോയ വസന്തകാലങ്ങളിലൂടേയുള്ള ഒരു പുനർ യാത്രയിൽ, ഇനിയും കുറിക്കുവാനായി രസകരമായ ഒട്ടേറെ മുഹൂർത്തങ്ങൾ കണ്ടെത്താനായെങ്കിലും, ലേഖനത്തിന്റെ ദൈർഖ്യം കുറക്കുന്നതിന്റെ ഭാഗമായി പലതും മാറ്റി വെക്കേണ്ടി വന്നു എന്ന് പറഞ്ഞോട്ടെ. വായനക്കാർക്കും, സംഗീതപ്രേമികൾക്കും ഇഷ്ടപെട്ടേക്കാവുന്ന അത്തരം അനുഭവങ്ങളുമായി വീണ്ടും വരാം….. അധികം താമസിയാതെ!