സാംബശിവൻ്റെ കഥകേട്ടുണര്‍ന്ന കാലം
മനോജ് മേനോൻ
വല്യമ്മയുടെ മകന്‍ രവിച്ചേട്ടന്‍ അബുദാബിയില്‍ നിന്ന് കൊണ്ടു വന്ന ടേപ്പ് റെക്കോര്‍ഡറിന്റെ ഉള്ളറയില്‍ കറങ്ങിക്കൊണ്ടിരുന്ന തവിട്ട് നിറമുള്ള നാടയില്‍ നിന്നാണ് ആദ്യമായി സാംബശിവനെ കേട്ടത്. സോണിയുടെ കാസറ്റിന്റെ നിയന്ത്രിത വേഗത്തില്‍ നിന്ന് ഒഥല്ലോ ഇറങ്ങി മുന്നില്‍ നില്‍ക്കുകയും അഭിവാദ്യം ചെയ്യുകയും ജീവിതം പറയുകയും ചെയ്തു. വില്യം ഷേക്‌സ്പിയറുടെ വിഖ്യാത കഥാപാത്രങ്ങള്‍ അങ്ങനെ പലവട്ടം കാസറ്റിന്റെ കയറ്റിറക്കങ്ങളില്‍ ജീവന്‍ നേടുകയും സാംബശിവന്‍ തുറന്നുവെച്ച ശബ്ദപ്രപഞ്ചത്തില്‍ നിന്ന് ശബ്ദാകാരം പൂണ്ട് ഞങ്ങളുടെ പരിചിതരാവുകയും ചെയ്തു. രവിച്ചേട്ടന്റെ മുറിക്കുള്ളില്‍ ഒത്തുകൂടിയ ഞങ്ങള്‍ പത്ത് വയസ്സുകാര്‍ക്ക് കറുമ്പനായ ഒഥല്ലോയും വെളുമ്പിയായ ഡെസ്റ്റമനയും കൗശലക്കാരനായ ഇയാഗോയും കാല്‍പനികനായ കാഷ്യോയും (കാഥികന്‍ സൃഷ്ടിച്ച വിളിപ്പേരുകളാണ് ചിലതെല്ലാം)നാട്ടിന്‍പുറത്തെ പരിചയക്കാരെ പോലെ അടുപ്പക്കാരായി.ഒരാളുടെ തൊണ്ടയില്‍ നിന്ന് പലരായി സംസാരിക്കുകയും പാടുകയും പോരാടുകയും ചതിക്കുകയും പ്രണയിക്കുകയും ചെയ്ത് കഥാപ്രസംഗം വായനക്ക് പകരമുള്ള വിസ്മയ ലോകം നിര്‍മിച്ചു. ഷേക്‌സ്പിയര്‍ അരൂക്കുറ്റിക്കാരനെപ്പോലെയും കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാല്‍ക്കവലകളിലെ നിത്യസഞ്ചാരികളെപ്പോലെയും ഞങ്ങള്‍ക്കൊപ്പം ജീവിച്ചു. അവിടെ ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍, വി.സാംബശിവന്‍ എന്ന അജ്ഞാതനായ കലാകാരന് ആരാധകര്‍ പിറന്നുകൊണ്ടേയിരുന്നു.
ഒരു വര്‍ഷം കൂടി കഴിഞ്ഞ്, ഇരുട്ട് ഇടതൂര്‍ന്ന സന്ധ്യയില്‍ എഴുപുന്ന യവനികയുടെ വേദിയില്‍ കണ്ട സുന്ദര രൂപവും സുന്ദരശബ്ദവും പ്രേംനസീറിനെയും തോല്‍പിച്ചു.അതുവരെ അജ്ഞാതനായിരുന്ന കാഥികനെ നേരില്‍ കണ്ടത് അന്നാണ്. അയിഷ അവതരിപ്പിച്ച്
നില്‍ക്കുന്ന സാംബശിവന് മുന്നില്‍ സെന്റ് റാഫേല്‍സ് സ്‌കൂളിന്റെ വീര്‍പ്പടക്കിയ സദസ്സ് ഒരു മണ്‍തരി വീണാല്‍ ഉയരെ കേള്‍ക്കാവുന്ന പരന്ന നിശബ്ദതയായി. യവനിക എന്ന സംഘടനയുടെ പ്രധാന ഭാരവാഹിയായിരുന്ന വിജയന്‍ ചേട്ടനായിരുന്നു ആ കാഴ്ചക്ക് വഴിയൊരുക്കിയത്. വയലാര്‍ എന്ന എഴുത്തുകാരനെ പരിചയപ്പെടും മുമ്പ് തന്നെ ആയിഷയും അദ്രമാനും മനസ്സിലേക്ക് കയറിക്കൂടുന്നത് അങ്ങനെയാണ്. സാംബശിവന്‍ പിന്നെ അനുഭവങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയില്ല. കഥയും കഥാപാത്രങ്ങളും സംഗീതവുമായി അത് തലമുറകളിലേക്ക് പടര്‍ന്നു. പിന്നീട് കണ്ടത് അരൂക്കുറ്റി വടുതല ജെട്ടിയില്‍ എസ്.എന്‍.ഡി.പി ശാഖ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു. സാംബശിവന്‍ കഥ പറയാനെത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായി. കഥാപ്രസംഗത്തിന് തിരക്കേറിയ ആ നാളുകളില്‍ പ്രതിദിനം മൂന്ന് കഥകള്‍ വരെ പറഞ്ഞിരുന്ന കാഥികന്‍ ആ ദിവസത്തെ മൂന്നാമത്തെ കഥ പറയാനാണ് വടുതലജെട്ടിയിലെത്തിയത്. രാത്രി മുതല്‍ കാത്തിരുന്ന കാഴ്ചക്കൂട്ടം എണ്ണിയെണ്ണി പെരുകിയതല്ലാതെ കുറഞ്ഞില്ല.രണ്ട് കഥകളുടെ ഭാരമിറക്കിയതിന് ശേഷവും ക്ഷീണം തെല്ലും തട്ടാത്ത ശബ്ദത്തില്‍,ചെറുകാടിന്റെ ദേവലോകം ഞങ്ങള്‍ക്ക് മുന്നില്‍ മൂന്ന് മണിക്കൂര്‍ തുറന്നുവച്ചു.അന്നത്തെ രാഷ്ട്രീയഭരണകൂടങ്ങളോടുള്ള വിമര്‍ശനങ്ങളുടെ കുന്തമുനകള്‍
തലങ്ങും വിലങ്ങും നര്‍മത്തില്‍ പൊതിഞ്ഞ് പലയിടത്തേക്കും വാരിയെറിഞ്ഞ് നീങ്ങിയ കഥ തീരുമ്പോള്‍ പുലര്‍ച്ചപ്പക്ഷികള്‍ പറന്നിറങ്ങിക്കഴിഞ്ഞിരുന്നു.അച്ഛന്റെയൊപ്പം കടുംചായയുടെ ചൂടില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍,സാംബശിവന്റെ അംബാസിഡര്‍ കാര്‍ കൊല്ലത്തേക്ക് തലനീട്ടി.
കഥകളുടെ വിശാല ലോകം
കഥാപ്രസംഗം വ്യക്തിഗത കലാരൂപത്തിനപ്പുറം ഒരു പ്രസ്ഥാനത്തിന്റെ പരിവേഷമണിഞ്ഞ് വളരുന്ന കാലമായിരുന്നു അത്. ഡോസ്റ്റോവ്‌സ്‌കിയും ടോള്‍സ്റ്റോയിയും ഹെസ്സെയും ഇബ്‌സനും , നാട്ടിടവഴികളിലും ചേറ്പാടത്തും സാധാരണക്കാരുടെ ചങ്ങാതിമാരായി.കുമാരനാശാനും വള്ളത്തോളും വയലാറും പൊറ്റക്കാടും ചെറുകാടും ബംഗാളി എഴുത്തുകാരും നാട്ടിന്‍ പുറത്തിന്റെ പ്രിയപ്പെട്ടവരായി. ഗ്രാമങ്ങള്‍ക്ക് മാത്രമല്ല നഗരങ്ങള്‍ക്കും ഈ കഥാകാലത്തില്‍ അളവില്ലാത്ത ഇടമുണ്ടായിരുന്നു. കോളേജ് ക്യാംപസുകളില്‍ ഷേക്‌സ്പിയറുടെ രചനകള്‍ വിവരിച്ച് സാംബശിവന്‍ സാഹിത്യവിദ്യാര്‍ഥികളുടെ മാനസഗുരുവായി.നാടിന്റെ രാഷ്ട്രീയ മാറ്റങ്ങളുടെയും സാമൂഹികപരിണാമങ്ങളുടെയും ഗതിവിഗതികളില്‍ പടയടയാളമായി ചേരാനും സാമൂഹിക വിമര്‍ശനങ്ങളുയര്‍ത്തി ജനങ്ങളിലേക്ക് സംവദിക്കാനും രാഷ്ട്രീയധിക്കാരങ്ങള്‍ക്ക് മേല്‍ ചാട്ടവാറടിക്കാനും സാംബശിവന്‍ വഴിയടയാളമായി മാറിക്കൊണ്ടിരുന്നു. അതിനിടയില്‍ പലവട്ടം പലവേദികളില്‍ സാംബശിവനെ മലയാളി കേട്ടു കൊണ്ടിരുന്നു. കൃത്യമായ
രാഷ്ട്രീയമുണ്ടായിരുന്ന സാംബശിവന്‍ അതൊരിക്കലും മറച്ചു വച്ചില്ല.കിട്ടാവുന്ന വേദികളില്‍ കഴിയാവുന്നത്ര ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇരുപതാം നൂറ്റാണ്ടെന്ന കഥ പറഞ്ഞ് ജയിലില്‍ പോയ സാംബശിവനെ ശിക്ഷാകാലം കൊണ്ട് മാറ്റിയെടുക്കാന്‍ അധികാരത്തിന് കഴിഞ്ഞില്ല.എന്നിട്ടും സാംബശിവന്റെ രാഷ്ട്രീയം കേള്‍വിക്കാരുടെ ചേരി തിരിവിന് വഴി വെട്ടിയില്ല എന്നത് അക്കാലത്തിന്റെ വിശാലമനസ്സിന്റെ സാക്ഷ്യം.അരൂക്കുറ്റിയിലും എറണാകുളത്തും തിരുവനന്തപുരത്തും ജീവിതം മാറി മാറി തളം കെട്ടിയപ്പോഴും എന്റെ ജീവിതത്തില്‍ സാംബശിവനെ കേട്ടതിന് കണക്കില്ല. കാസറ്റുകളിലും നേരിട്ടും കഥകള്‍ പലവിധം ഉയിരെടുത്തു.സാംബശിവന്റെ ഒടുവിലത്തെ കഥയുടെ ആദ്യാവതരണം കേള്‍ക്കാനും സദസ്സിലുണ്ടായിരുന്നു. തിരുവനന്തപുരത്തെ കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ഇര്‍വിംഗ് വാലസിന്റെ ഏഴ് നിമിഷങ്ങള്‍ കഥാപ്രസംഗമായി അവതരിപ്പിക്കുമ്പോള്‍ കേള്‍വിക്കാരുടെ നിറസദസ്സ്. ഇ.എം.എസായിരുന്നു ഉദ്ഘാടകന്‍.ഒ.എന്‍.വിയും പ്രസംഗിച്ചു.അനാരോഗ്യത്തിന്റെ നാളുകളിലായിരുന്നു ആ കഥ സാംബശിവന്‍ പറഞ്ഞുതുടങ്ങിയത്.രോഗം പിടിമുറുക്കിയതോടെ ആ കഥയുമായി അദ്ദേഹം ഏറെ നാള്‍ സഞ്ചരിച്ചില്ല.1996 ഏപ്രില്‍ 23 ന് ” ഈ കഥ ഇവിടെ പൂര്‍ണമാകുന്നുവെന്ന ” അവസാന വാക്യവും പറഞ്ഞ് സാംബശിവന്‍ വേദിയില്‍ നിന്നിറങ്ങി
ഉഴുതു മറിച്ച ശബ്ദായുധം
കെ.പി.എ.സിയുടെ നാടകങ്ങളും സാംബശിവന്റെ കഥാപ്രസംഗവും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ യാത്രാ മാര്‍ഗ്ഗം നിശ്ചയിച്ച കാര്യകാരണങ്ങളില്‍ പ്രധാനികളാണ്. നവോത്ഥാനചിന്തകളുടെ വളക്കൂറുണ്ടായിരുന്ന മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയതില്‍ സാംബശിവന്റെ ശബ്ദായുധം പ്രധാനമാണ്. അതുകൊണ്ടാണ്,കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്ന സ്വദേശത്തെയും വിദേശത്തെയും ഗവേഷകര്‍ സാംബശിവന്റെ കഥാപ്രസംഗ സംഭാവനകളെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. ഷേക്‌സ്പിയര്‍ സാഹിത്യം ഗൗരവപൂര്‍വം പഠിക്കുന്ന വിദേശ സര്‍വകലാശാലകളില്‍ സാംബശിവന്റെ ഷേക്‌സ്പിയര്‍ കഥാപ്രസംഗങ്ങള്‍ ഇപ്പോഴും പഠനവിഷയങ്ങളായി
തുടരുന്നതും അതുകൊണ്ട് തന്നെ . ഫ്രാന്‍സിലെ ഷേക്‌സ്പിയര്‍ സൊസൈറ്റിയില്‍ രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപിക പൂനം ത്രിവേദി അവതരിപ്പിച്ച പ്രബന്ധം സാംബശിവന്റെ കഥാപ്രസംഗവും ഷേക്‌സ്പിയറും എന്നതായിരുന്നു. ‘റാപ്‌സോഡിക് ഷേക്‌സ്പിയര്‍ -വി.സാംബശിവന്‍സ് കഥാപ്രസംഗം’ എന്നതായിരുന്നു അവരുടെ പ്രബന്ധ വിഷയം. 25 വര്‍ഷം മുമ്പ് മരണം കഥക്ക് വിരാമമിട്ടെങ്കിലും,സാംബശിവന്‍ ഇപ്പോഴും മലയാളിയുടെ കേള്‍വിപ്പുറത്ത് കഥ പറഞ്ഞു കൊണ്ടേയിരിക്കുന്നു.ഡല്‍ഹിയിലെ ഇരുപത് വര്‍ഷവും സാംബശിവന്റെ ശബ്ദം എന്റെ വിളിപ്പുറത്തുണ്ട്. കാലം കഴിയുമ്പോഴും ,കഥ കേട്ടുറങ്ങിയവര്‍ കഥ കേട്ട് തന്നെ ഉണരുന്നു.
( ഡൽഹിയിൽ മാധ്യമ പ്രവർത്തകനാണ് ലേഖകൻ )