പാട്ടുകൾ നാലായിരത്തിലേറെ; ഗാനരചനയിൽ റെക്കോഡുമായി രാജീവ് ആലുങ്കൽ
jordays desk
കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ പാട്ടെഴുത്തിൽ റെക്കോഡിട്ടിരിക്കുകയാണ്. ഇതുവരെ എഴുതിയത് നാലായിരത്തിലേറെ പാട്ടുകൾ. പതിനേഴാം വയസ്സിൽ തുടങ്ങിയതാണ് ഈ ഗാനസപര്യ. നാടകം, ആൽബം, സിനിമ എന്നീ മൂന്നു രംഗങ്ങളിലുമായി നാലായിരലേറെ പാട്ടുകൾ എഴുതിയ മറ്റൊരാളില്ല. ഒരു രംഗത്ത് ഇതിലേറെ സംഭാവനകൾ
ചെയ്തവർ ഉണ്ടാകാമെങ്കിലും മൂന്നു രംഗങ്ങളിലും ഒരുപോലെ തിളങ്ങുന്നത് അപൂർവ്വതയാണ്. 260 ൽ ഏറെ നാടകങ്ങൾക്കായി 1100 ത്തിൽപ്പരം ഗാനങ്ങളും 250 ഓഡിയോ ആൽബങ്ങൾക്കായി 2500 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 350 ഗാനങ്ങളും രാജീവ് രചിച്ചിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ എന്നിവയ്ക്കുവേണ്ടി
150-ൽ ഏറെ പാട്ടുകൾ എഴുതി. ഇതു കൂടാതെ കാൽ നൂറ്റാണ്ടിനിടയിലെഴുതിയ രാഷ്ട്രീയ പ്രചാരണ ഗാനങ്ങൾ ഒട്ടേറെയുണ്ട്. യേശുദാസ് ഉൾപ്പെടെ എല്ലാഗായകരും രാജീവിൻ്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി, ജയവിജയ (ജയൻ), പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവീന്ദ്രന്‍ മാഷ്, എം.ജി. രാധാകൃഷ്ണൻ
തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പാട്ടുകളൊരുക്കി. എന്റെ തലമുറയിൽ എനിയ്ക്കുമാത്രമാണ് ഇത്തരം അവസരവഴികൾ സജീവമായി തുറന്നുകിട്ടിയതെന്ന് ആലപ്പുഴ ചേർത്തല സ്വദേശിയായ രാജീവ് പറയുന്നു.
പതിനേഴാം വയസ്സിൽ തുടക്കം
1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനുവേണ്ടിയാണ് ആദ്യഗാനമെഴുതിയത്. അന്ന് പ്രായം 17
വയസ്സ്. 1993-ൽ ചേർത്തല ഷൈലജയുടെ ‘മാന്ത്രികക്കരടി’ എന്ന പ്രൊഫഷണൽ നാടകത്തിലൂടെ പ്രൊഫഷണൽ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. ആലപ്പുഴയിലെ ബ്ലൂഡയമണ്ട് ഗാനമേള ട്രൂപ്പിന്റെ ഓഫീസ്മുറിയുടെ സ്റ്റെയർകെയ്‌സിനു താഴെവെച്ച് ആ നാടകത്തിലെ ഗാനങ്ങൾ ആലപ്പി സുരേഷ്, ദലീമ എന്നിവർ പാടി റെക്കോർഡ് ചെയ്തു.
അടുത്തവർഷം ചേർത്തല ജൂബിലിയ്ക്കുവേണ്ടി ഉടമയും സംവിധായകനുമായ രാജൻ പി. ദേവും (നാടകം: ആലയം സ്നേഹാലയം) വൈക്കം മാളവികയ്ക്കുവേണ്ടി ഉടമയും സംവിധായകനുമായ ടി.കെ. ജോണും പാട്ടെഴുതാൻ അവസരം നൽകി. തൊട്ടടുത്ത വർഷം എം.കെ. അർജുനന്റെ സംഗീതത്തിൽ ആറ്റിങ്ങൽ ദേശാഭിമാനിയുടെ ‘മയിൽപ്പീലി’യിൽ ഗാനങ്ങളെഴുതി. അതോടൊപ്പം കൊല്ലം ചൈതന്യയുടെ അർച്ചനപ്പൂക്കൾ എന്ന നാടകത്തിലും.
ഇതുവരെ കെ.പി.എ.സി. ഒഴികെ എല്ലാ സമിതികൾക്കും ഗാനങ്ങളെഴുതി. ഒ.എൻ.വി. ജീവിച്ചിരുന്ന കാലത്തുതന്നെ കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഗാനമെഴുതി എന്ന അപൂർവ്വതയും ഉണ്ടായി. എം.കെ. അർജുനൻ, കുമരകം രാജപ്പൻ ഫ്രാൻസിസ് വലപ്പാട്, വൈപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയ മൺമറഞ്ഞ നാടകസംഗീത പ്രതിഭകളോടൊപ്പം സഹകരിക്കാനുള്ള അവസരമുണ്ടായി. ഇതേവരെ 260 നാടകങ്ങളിലായി 1100 ഗാനങ്ങളെഴുതി.
നാടകരംഗത്തെ പുരസ്‌കാരങ്ങൾ
മുന്നൂറിലേറെ പ്രൊഷണൽ നാടകമത്സര സമ്മാനങ്ങൾ കേരളത്തിലെ വലുതും ചെറുതുമായ സാംസ്‌കാരിക സംഘങ്ങളുടേതായി ലഭിച്ചിട്ടുണ്ട്. 1997-ൽ നാന ഗ്യാലപ്പ്‌പോൾ അവാർഡ്, ഇ.എം.എസ്.
അവാർഡ്, 2004-ൽ കായംകുളം സപര്യയുടെ ”ഓമൽക്കിനാവ്” എന്ന നാടകത്തിലെ ”ആശതൻ കൂടാരക്കൂട്ടിൽനിന്നും അകംനീറി ഒരു തുടർയാത്ര ജീവിതം, നിനയ്ക്കാതെ നീളുന്ന യാത്ര…” എന്ന ഗാനത്തിന്റെ രചനയ്ക്ക് സംസ്ഥാന സർക്കാർ അവാർഡ്, 2013-ൽ ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു. 39-ാം വയസ്സിലായിരുന്നു ഇത്. ഇത്രയും
ചെറുപ്പത്തിൽ ഇങ്ങിനെയൊരു അവാർഡ് വാങ്ങിയ കവി രാജീവ് മാത്രമാണ്.
ഓഡിയോ കാസറ്റിൻ്റെ കാലം
1997-ൽ ഓഡിയോ കാസറ്റ് രംഗത്ത് ഗാനരചനയ്ക്ക് തുടക്കം കുറിച്ചു. ജോണി സാഗരിഗയുടെ ‘അത്തം’ എന്ന ഓണപ്പാട്ട് കാസറ്റിൽ. തരംഗണി, മാഗ്‌നാ സൗണ്ട്, ടി. സിരീസ്, ഈസ്റ്റ്‌കോസ്റ്റ് തുടങ്ങിയ ഓഡിയോ കമ്പനികൾക്കാകെ ഗാനങ്ങളെഴുതി സജീവമായി. കാസറ്റിന്റെയും പിന്നീട് സി.ഡി.യുടേയും പുഷ്‌ക്കലകാലമായിരുന്നു അത്. പല ഗ്രാമക്ഷേത്രങ്ങളിലേയും ആദ്യഗാനം എഴുതാൻ ഭാഗ്യമുണ്ടായി.
സർഗ്ഗം മ്യൂസിക്കിനുവേണ്ടി ദേശഭക്തിഗാനങ്ങൾ ലളിതഗാനങ്ങൾ, താരാട്ടുപാട്ടുകൾ, നാടോടി നൃത്തഗാനങ്ങൾ എന്നിവ ഒരുക്കി. അഞ്ഞൂറിലേറെവരുന്ന അത്തരം ഗാനങ്ങളാണ് കലാലയ മത്സരവേദികളിൽ സജീവമായി ഉപയോഗിച്ചുവരുന്നത്. ആകെ 250 കാസറ്റ്, സി.ഡി. എന്നിവയിലായി 2500 പാട്ടുകൾ എഴുതി.
ചലച്ചിത്ര ഗാനരംഗത്തേക്ക്
2003-ൽ ചലച്ചിത്രഗാനരചനയ്ക്കു തുടക്കം ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന മോഹൽലാൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എഴുതിയായിരുന്നു.
ആ ചിത്രത്തിലെ ”തിങ്കൾ നിലാവിൻ…, മുന്തിരിവാവേ.. ” എന്നീ ഗാനങ്ങൾ രണ്ടുപതിറ്റാണ്ടോട് അടുക്കുമ്പോഴും ഗാനാസ്വാദകർ മറന്നിട്ടില്ല.
തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം, കനകസിംഹാസനം, മല്ലുസിങ്ങ്, റോമൻസ്, ചട്ടക്കാരി, ഒരു മരുഭൂമിക്കഥ, സൗണ്ട്‌തോമ, ഹാപ്പിവെഡ്ഡിംഗ്, കുട്ടനാടൻ മാർപ്പാപ്പ, ആനക്കള്ളൻ, മരട് തുടങ്ങി 130-ൽ ഏറെ ചിത്രങ്ങളിലായി 350-ൽ ഏറെ ഗാനങ്ങൾ. 2005-ൽ കനകസിംഹാസനത്തിലെ ”പ്രിയതമേ ശകുന്തളേ”, 2011-ൽ ഒരു മരുഭൂമിക്കഥയിലെ ചെമ്പകവല്ലികളിൽ…, 2019-ൽ ആനക്കള്ളനിലെ വെട്ടംതട്ടും വട്ടക്കായൽ… എന്നീ ഗാനങ്ങൾക്ക് സംസ്ഥാന
ഫിലിംക്രിട്ടിക്ക് അവാർഡ് ലഭിച്ചു. 2009-ൽ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലെ ”ഇനിയും കൊതിയോടെ കാത്തിരിക്കാം…” എന്ന ഗാനത്തിന്റെ രചനയ്ക്ക് പ്രഥമ വയലാർ രാമവർമ്മ പുരസ്‌കാരവും ലഭിച്ചു. ആകാശവാണി, ദൂരദർശൻ രംഗത്ത് 150-ൽ ഏറെ പാട്ടുകൾ എഴുതി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ദർശൻരാമൻ, മുരളിസിത്താര തുടങ്ങിയവരായിരുന്നു സംഗീതം.
എ. ആർ.റഹ്മാൻ്റെ ആൽബത്തിൽ
താജ്മഹൽ ലോഹമഹാത്ഭുത പുനർനിർണ്ണയസമിതി പട്ടികയിൽനിന്ന് ഒഴിവാക്കാൻ തുനിഞ്ഞ സാഹചര്യത്തിൽ എക്കാലത്തേയും മഹാത്ഭുതമാണ് താജ്മഹൽ എന്ന സന്ദേശം നൽകാൻ കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത സംഗീത ഉദ്യമമായിരുന്നു ‘വൺലൗ’. ഏ.ആർ. റഹ്‌മാൻ
സംഗീതസംവിധാനം ചെയ്ത ആ ആൽബത്തിലെ മലയാളഗാനം എഴുതിയത് രാജീവ് ആലുങ്കലാണ്. കെ.പി. കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന ചിത്രത്തിലെ സോളമന്റെ ഉത്തമഗീതങ്ങളെ അധികരിച്ചെഴുതിയ പ്രണയഗാനം സംഗീതം ചെയ്തത് ടൈറ്റാനിക്ക് എന്ന വിഖ്യാത ചിത്രത്തിലെ സംഗീത സംവിധായകനായ ജോൺ ആൾട്ട്മാൻ ആണ്. മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കുമുമ്പായി രാജീവ് ആലുങ്കലിന്റെ ‘തെരേസാമ്മ ‘എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാനിൽ പ്രകാശിപ്പിച്ചു. ഒമ്പതു ലോക ഭാഷകളിലേക്ക് തെരേസാമ്മ എന്ന കവിത പരിഭാഷ ചെയ്യപ്പെട്ടു. (ആൽബേനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് ).
കവിതയുടെ വഴിയിൽ
ഗാനരചനാരംഗത്ത് സജീവമായി തുടരുന്ന സമയത്തും കവിതാരചനാ രംഗത്ത് ശ്രദ്ധയൂന്നി. ഭാഷാപോഷിണി, കലാകൗമുദി,
മാധ്യമം തുടങ്ങിയ മാധ്യമങ്ങളിലായി 250-ൽ ഏറെ കവിതകൾ പ്രകാശിതമായി. ‘നിലവിളിത്തെയ്യം’, ‘ഏകാകികളുടെ ഗീതം’,
‘വേരുകളുടെ വേദാന്തം’ എന്നിവയാണ് പ്രകാശിതമായ കവിതാസമാഹാരങ്ങൾ. തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ ഒ.എൻ.വി.യുടെ അവതാരികയോടെ പുറത്തിറക്കി. പല്ലനയിലെ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായി 2016-ൽ കേരളസർക്കാർ നിയമിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരത്തോടനുബന്ധിച്ച് ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരും, കഥാപാത്രങ്ങളായ 30 സ്ത്രീരത്‌നങ്ങക്കെുറിച്ച് എഴുതിയ 30 ഗാനങ്ങൾ 30 പ്രശസ്ത നർത്തകികൾ
അവതരിപ്പിച്ചു. രമേശ് നാരായണന്റെ സംഗീതം, സൂര്യാകൃഷ്ണമൂർത്തിയുടെ സംവിധാനം. ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് അഭിനന്ദിച്ച സന്ദർഭമായിരുന്നു അതെന്ന് രാജീവ് ഓർക്കുന്നു. 2016-ൽ സിംഗപ്പൂരിൽ നടന്ന ദക്ഷിണേഷ്യൻ കവികളുടെ സംഗമത്തിൽ പങ്കെടുത്തിരുന്നു. ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും ഇന്ദിരയുടെയും മകനാണ് രാജീവ്. ഭാര്യ ദീപ. മക്കൾ അഭിനവ് രാജ്, ആകാശ് രാജ്.
രാജീവ് ആലുങ്കലിൻ്റെ ഗാനരചനാ രംഗത്തെ
സംഭാവനയ്‌ക്കൊപ്പം താരതമ്യം ചെയ്യാൻ അദ്ദേഹത്തിൻ്റെ തലമുറയിൽ മറ്റൊരാളില്ല .
പ്രൊഫഷണൽ ഗാന രചനയിൽ നാടക-ആൽബം – സിനിമാ രംഗങ്ങളിലായി നാലായിരത്തിൽപ്പരം പാട്ടുകൾ മറ്റൊരാളും രചിച്ചിട്ടുമില്ല. ! ലോകം അറിയട്ടെ ഈ അപൂർവ്വ സർഗ്ഗ യാത്ര.
രാജീവ് ആലുങ്കലിനും, ജോർ ഡേയ്സിനും അഭിനന്ദനങ്ങൾ .
കനിഞ്ഞു കിട്ടിയ ഭാഗ്യത്തിന്റെ കൊടുമുടിയിൽ വിലസുന്ന പ്രിയ രാജീവിന് ആതമാർഥതയോടെ വിനയാന്വിതമായ സ്നേഹാശംസകൾ.
രാജീവ് ആലുങ്കലിൻ്റെ എഴുത്തു വഴിക്ക് അഴകും ആഴവുമുണ്ട്. അദ്ദേഹത്തിൻ്റെ പ്രഭാഷണവും അതീവ ഹൃദ്യം.
കാലം ഈ മഹാപ്രതിഭയെ ആഘോഷിക്കാൻ ഇരിക്കുന്നതേയുള്ളു.
കാലം തങ്ക ലിപികളാൽ കൊത്തിവയ്ക്കും ഈ നാമം… രാജീവ് ആലുങ്കൽ