അതിജീവിക്കാൻ എന്നെ പഠിപ്പിച്ച മഹാഗുരുവാണ് അച്ഛൻ

 “അച്ഛനുമപ്പുറം എനിക്ക് ദൈവങ്ങളില്ല. ദുഖക്കൊടുംവേനലിലും, ജീവിതദുരന്തങ്ങളിലും, തളരാതെ വസന്തകാലം സ്വപ്നം കണ്ട് അത് നേടിയെടുക്കാൻ കരുത്തായ  ധ്യാനബലമാണ് എനിക്ക് അച്ഛൻ. പ്രതികരിക്കാനും, അതിജീവിക്കാനും, അഭിജാതമായി അടയാളപ്പെടുത്താനും, എന്നെ പഠിപ്പിച്ച, അനുഗ്രഹിച്ച മഹാഗുരുവാണ് അച്ഛൻ “…. കവിയും ചലച്ചിത്രഗാന രചയിതാവുമായ രാജീവ് ആലുങ്കൽ അച്ഛനെക്കുറിച്ച് ഓർത്ത് വണങ്ങുന്നതിങ്ങനെ. ലോകമെങ്ങും ആചരിക്കുന്ന പിതൃദിനത്തിലാണ് രാജീവിന്റെ ഹൃദയസ്പർശിയായ ഫെയിസ് ബുക്ക് കുറിപ്പ്. കവിയുടെ ഫെയിസ് ബുക്ക് കുറിപ്പ് തുടരുന്നു:

രാജീവ് ആലുങ്കൽ

  എന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വെച്ച കാലം മുതൽ എന്നെ വളർത്തിയത്.ആ കരുതലിലും, കാരുണ്യത്തിലുമാണ് ഞാൻ രൂപപ്പെട്ടത്. നാലാംവയസ്സിൽ അമ്മയേയും പതിനാറാം വയസ്സിൽ കൂടപ്പിറപ്പായ അനുജനേയും നഷ്ടപ്പെട്ട് ജീവിതം പൊള്ളിപ്പോയപ്പോഴൊക്കെ അച്ഛൻ്റെ തണലിൽ എൻ്റെ മനസ്സിൻ്റെ മുറിവുകൾ പതുക്കെ ഉണങ്ങിപ്പോയി. അച്ഛനെന്ന മനസ്സാക്ഷിയോട് നീതി പുലർത്താൻ കൂടിയാണ് മദ്യപിക്കാതെയും പുകവലിക്കാതെയും ഞാൻ ഈ നിമിഷം വരെ കടന്നെത്തിയത്. പത്തൊൻപതാം വയസ്സിൽ സുരക്ഷിതമായ വഴിയിൽ നിന്നു മാറി കലയുടെ ലോകത്ത് കാലെടുത്തു വയ്ക്കുമ്പോഴും, വേറിട്ട കിനാവുകൾ നിറവേറ്റാൻ ഓടി നടന്നപ്പോഴും അച്ഛൻ്റെ എതിർപ്പില്ലായ്മയാണ് എനിക്ക് കരുത്തായത്. കൗമാരകാലത്ത് ഒരിക്കൽ ഞാൻ ” അച്ഛനും ഞാനും ” എന്ന പേരിൽ കവിത എഴുതി.
 ” അഗ്നിപർവ്വതങ്ങൾ പോലെ ഏറെ നീറിയും,അഴലുപേറി ആധിയേറി മിഴികളൂറിയും,ഞങ്ങൾ രണ്ടുമൊരു തണൽ തണുപ്പിലൊന്നുപോൽ,വിങ്ങിടുന്ന നെഞ്ചുമായ് കഴിഞ്ഞു ഏറെ നാൾ… “
എൻ്റെ അഭിപ്രായ വ്യത്യാസങ്ങളേയും, ആത്മസംഘർഷങ്ങളേയും അച്ഛൻ പക്വതയോടെ നേരിട്ടു.

ആലപ്പുഴ ജില്ലയ്ക്കു പുറത്തേയ്ക്ക് യാത്ര ചെയ്യാഞ്ഞ അച്ചൻ 1997ൽ  ആദ്യമായി എനിയ്ക്കു ലഭിച്ച നാന ഗ്യാലപ്പ് പോൾ അവാർഡ് സ്വീകരിക്കുന്നതു കാണാൻ അപ്രതീക്ഷിതമായി കൊല്ലത്തെത്തി, സദസ്സിനു മുന്നിലിരുന്ന് എന്നെ ഞെട്ടിച്ചു. എൻ്റെ ആദ്യ സിനിമ കാണാൻ 30 വർഷങ്ങൾക്കു ശേഷം തീയറ്ററിൽ എത്തി. പിന്നീട് അച്ഛനെ എനിക്ക് സിനിമാപ്പാട്ടിലാക്കാനായി.
” ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ ആ – മരത്തണലിലുറങ്ങാൻഇനിയും കാതോർത്തു ദൂര നിൽക്കാം ഞാൻഅച്ഛൻ്റെ പിൻ വിളി കേൾക്കാൻ…”
     കവിത കേട്ടും , പാട്ടുകേട്ടും അച്ഛൻ ഒന്നും എന്നോടു പറഞ്ഞില്ല. അതിൽ എനിക്ക് വല്ലാത്ത നൊമ്പരവും പ്രതിക്ഷേധവുമുണ്ടായിരുന്നു. കൂട്ടുകാരുടെ അച്ഛൻമാരേപ്പോലെ എൻ്റെ അച്ഛൻ എന്നേയും ചേർത്തു പിടിക്കുമെന്ന് ആഗ്രഹിച്ചു പോകുമല്ലോ. വല്ലപ്പോഴുമൊരു ചിരിയിലും, കണ്ണുകളിലെ തിളക്കത്തിലും അച്ഛൻ്റെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞു. എന്നേക്കുറിച്ചു വരുന്ന പത്ര വാർത്തകൾ അച്ചൻ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ആ സ്നേഹ പരിഗണന ഞാൻ അനുഭവിച്ചു. ജീവിതം സമാനതകളില്ലാത്ത വ്യാകുലതകളിലൂടെ കടന്നുപോയതു കൊണ്ടാകാം ഞങ്ങൾ തമ്മിലുള്ള സ്നേഹം ഒരിക്കൽപ്പോലും പ്രകടനാത്മകമായിരുന്നില്ല.

അച്ഛൻ കണ്ടനാട്ട് മാധവന്‍ നായരും രാജീവ് ആലുങ്കലും

അമ്മ പലർക്കും എന്നും ചെയ്യുന്ന സ്നേഹ മഴയായിരിക്കാം അച്ഛൻ എനിക്ക് വല്ലപ്പോഴും പെയ്യുന്ന ആലിപ്പഴമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആശുപത്രിയിൽ അടുത്ത് കിടക്കുന്ന ആളോട് അച്ഛൻ ആവേശത്തോടെ എന്നെ പരിചയപ്പെടുത്തി. “ദേ…ആ നിൽക്കുന്നതാ എൻ്റെ മകൻ രാജീവ് ആലുങ്കൽ….  സിനിമാ പാട്ടെഴുത്തുകാരനാ..”അച്ഛൻ പിന്നേയും ഞാൻ പാട്ടെഴുതിയ സിനിമകളുടെ പേരുപറഞ്ഞ് വാചാലനായ്ക്കൊണ്ടിരുന്നു. ഞാൻ കണ്ണു നനഞ്ഞ്  കൗതുകവും അത്ഭുതവും നിറഞ്ഞ് നോക്കി നിന്നു. അത് സ്നേഹത്തിൻ്റെ ആലിപ്പഴപ്പെയ്ത്തായിരുന്നു.

2 thoughts on “അതിജീവിക്കാൻ എന്നെ പഠിപ്പിച്ച മഹാഗുരുവാണ് അച്ഛൻ

  1. പ്രശസ്ത കവി രാജീവ് ആലുങ്കലിൻ്റെ ജീവിതാനുഭവങ്ങൾ ഇനിയും വായിയ്ക്കാൻ ആഗ്രഹിക്കുന്നു. ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും കവിതകളും ഗാനങ്ങളും

  2. നല്ല വായനാനുഭവം.. എല്ലാവർക്കും ആശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *