14 വയസ്സുകാരന്റെ ഈണത്തിൽ ഓണപ്പാട്ട്- ‘പുന്നാര പൊന്നോണം’
ഓണപ്പാട്ടിന് സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ച് പതിനാലു വയസ്സുകാരൻ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് സായി സങ്കൽപ്. രാജീവ് ആലുങ്കൽ രചിച്ച ഓണപ്പാട്ടിന് ഈണമിട്ടുകൊണ്ടാണ് സായി സങ്കൽപ്പിന്റെ അരങ്ങേറ്റം.
ഈണം മാത്രമല്ല ഓർക്കസ്‌ട്രേഷനും, പ്രോഗ്രാമിങ്ങും സായി സങ്കൽപ് തന്നെ. ബെംഗളൂരുവിലെ സ്വന്തം സായി സ്റ്റുഡിയോയിൽ തന്നെയാണ് പാട്ടിന്റെ റെക്കോർഡിങ് നടന്നത്. തലശ്ശേരി ധർമടം സ്വദേശികളായ നിതിൻ കുണ്ടത്തിലിന്റെയും സുനിഷ അലാട്ടിന്റെയും മകനായ സായി സങ്കൽപ് ബെംഗളൂരു മിത്ര അക്കാദമിയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
കന്നഡ സംഗീതജ്ഞരായ സ്റ്റീഫൻ പ്രയോഗിൻ്റെയും, അസ്ലം ഖാൻ്റേയും കീഴിലാണ് സായി സംഗീതം അഭ്യസിക്കുന്നത്. ഒരു വർഷത്തിനിടെ നൂറോളം പ്രശസ്ത ഗാനങ്ങൾക്ക് കവർ വേർഷൻ ചെയ്തിട്ടുണ്ട്. ആദ്യ ഗാനം തന്നെ മലയാളത്തിലെ താൻ ഏറെ ഇഷ്ടപ്പെടുന്ന ഗാനരചയിതാവായ രാജീവ് ആലുങ്കലുമൊത്ത് ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് സായി സങ്കൽപ്.
യുവഗായികമാരായ അനന്യയും അഥിതിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലിമിജ ബിന്ദു രാജാണ് ദൃശ്യാവിഷ്കാരം. യു. എ.യിലെ സംഗീത കമ്പനിയായ കീ ഫ്രെയിംസ് ഇന്റർനാഷണലിന് വേണ്ടി റാഫി വക്കമാണ് ‘പുന്നാര പൊന്നോണം’ നിർമിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലുമൊത്ത് പുതിയ പാട്ടൊരുക്കത്തിലാണ് ഇപ്പോൾ സായി സങ്കൽപ്.
Content Highlights: Punnara ponnonam Onappattu by Sai Sankalp