തബലയിൽസംഗീതം തീർത്ത് പ്രണാബ്
സംഗീത വേദികളിൽ തബലയിൽ വിസ്മയം തീർക്കുകയാണ് പ്രണാബ് ചേർത്തല. ഇന്ത്യയിലും വിദേശങ്ങളിലുമായി ആയിരകണക്കിന് വേദികളിൽ തബല വായിച്ച അനുഭവവുമായി തിളങ്ങുമ്പോൾ ഗായകർക്കും പ്രിയപ്പെട്ടവനാണ് ഈ കലാകാരൻ. കൊച്ചിൻ കലാഭവനിലൂടെയാണ് ഉപകരണസംഗീത രംഗത്ത് പ്രശസ്തനാവുന്നത്.

ഗാനഗന്ധർവ്വൻ യേശുദാസിനു വേണ്ടി സംഗീത ട്രൂപ്പിൽ തബല വായിക്കാൻ പറ്റിയത് ജീവിതത്തിലെ സൗഭാഗ്യമായി കരുതുകയാണ് പ്രണാബ്. ഗായകൻ ബിജു മേനോന്റെ ട്രൂപ്പിലെ സ്ഥിരം സാന്നിധ്യമാണ് പ്രണാബ് . ഉണ്ണി മേനോൻ, റിമി ടോമി, ദേവാനന്ദ് എന്നിവരുടെ ട്രൂപ്പിലും തബല വായിച്ചിട്ടുണ്ട്. 25 വർഷമായി രംഗത്ത് പ്രവർത്തിച്ചുവരുന്നു. വിഷുവിന് സ്വാഗതമോതി തബലയിൽ വായിച്ച “കണികാണുന്നേരം കമലാ നേത്രന്റെ…”എന്ന ഗാനം ഫെയിസ്ബുക്കിലിട്ട് ഒരു ദിവസത്തിനുള്ളിൽ അര ലക്ഷത്തിലധികം പേരാണ് ഇത് ഇഷ്ടപ്പെട്ടത്. കൊച്ചിൻ കലാഭവനിലൂടെയാണ് പ്രണബ് തന്റെ കഴിവ് തെളിയിച്ചത്. സ്ക്കൂളിൽ പഠിക്കുമ്പോൾ അർത്തുങ്കൽ പള്ളിയിൽ തബല വിദ്വാൻ അശോകൻ മാസ്റ്റുറുടെ ക്ലാസിൽ പോയാണ് ഈ സംഗീത ഉപകരണം വശത്താക്കിയത്. കോളേജ് പഠനം കഴിഞ്ഞ് ഒട്ടേറെ ഗാനമേള ട്രൂപ്പുകളിൽ വായിച്ചു. കാസറ്റും സിഡിയുമായി പുറത്തിറങ്ങിയ ആയിരത്തിലേറെ ഭക്തിഗാന ആൽബങ്ങൾക്കും മറ്റും തബല വായിച്ചു.

2001ലാണ് കൊച്ചിൻ കലാഭവന്റെ സംഗീത ട്രൂപ്പിൽ ചേരുന്നത്. അന്ന് മാനേജരായിരുന്ന ആബേലച്ചനാണ് ഇന്റർവ്യം ചെയ്തത്. അങ്ങിനെ കലാഭവന്റെ പതിനായിരത്തിലധികം ഗാനമേള സ്റ്റേജുകളിൽ പങ്കെടുത്തു. കലാഭവൻ മണി, നടൻ ദിലീപ്, പീറ്റർ, ജാഫർ ഇടുക്കി, പ്രജോദ് എന്നിവരൊക്കെ പങ്കെടുത്ത മിമിക്രിയും അന്ന് ഗാനമേളയ്ക്കൊപ്പമുണ്ടായിരുന്നു. മൂന്നു വർഷം കലാഭവനിൽ പ്രവർത്തിച്ചു.2001ൽ കലാഭവൻ നടത്തിയ ആറു മാസത്തെ വേൾഡ് ടൂറിൽ പങ്കെടുത്തു. അമേരിക്ക, ലണ്ടൻ, കാനഡ, ഇറ്റലി, ഫ്രാൻസ് തുടങ്ങി പല രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു.

കലാഭവൻ വിട്ട ശേഷം 2003 അമേരിക്കയിലേക്ക് പോയി. അറ്റ്ലാന്റ വോയ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നാലു വർഷം തബല അധ്യാപകനായി പ്രവർത്തിച്ചു. അവിടെ കുടുംബസമേതം താമസിച്ചു.ഈ സമയത്താണ് ഫ്ലോറിഡയിൽ യേശുദാസിന്റെ രണ്ട് ഗാനമേളകളിൽ തബല വായിച്ചത്. തിരിച്ചു വന്ന ശേഷം മുതൽ പല സംഗീത ട്രൂപ്പുകൾക്കു വേണ്ടിയും തബല വായിക്കുകയാണ്. റിഥം പ്രോഗ്രാമിങ്ങും ചെയ്യും. ചേർത്തലയിലെ നടേശൻ- ശോഭ ദമ്പതിമാരുടെ മകനാണ്. ബ്യൂട്ടീഷനായ സജിതയാണ്ഭാര്യ. വിദ്യാർത്ഥികളായ ഒലീവിയ പ്രണാബ്, റിയാലിയ പ്രണാബ് എന്നിവർ മക്കളാണ്
. To play this video, view this post from your live site.