രാജീവ്‌ ആലുങ്കലിന്റെ പാട്ടെഴുത്ത് യാത്രയ്ക്ക് മൂന്ന് പതിറ്റാണ്ട്

ചെന്നൈ മാർകഴി മഹോത്സവത്തിൽ രാജീവിനെ ആദരിക്കും

രാജീവ്‌ ആലുങ്കലിന്റെ പാട്ടെഴുത്ത് യാത്രയ്ക്ക് മൂന്ന് പതിറ്റാണ്ട് തികയുന്നു. 1993 ൽ പ്രോഫഷണൽ നാടകത്തിൽ ആരംഭിച്ച ഗാനരചനാ യാത്ര ആൽബം, നാടകം, സിനിമ രംഗങ്ങളിലൂടെ സജീവമായി. ഈ മൂന്ന് രംഗങ്ങളിലുമായി 4200 ഗാനങ്ങൾ രചിച്ചതിന് 2021 ൽ യു.ആർ.എഫ്. നാഷണൽ റെക്കോർഡ് ലഭിച്ചു. മൂന്നു തലമുറകളിലെ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനായി. അൻപതു വയസിനു താഴെ മുപ്പതു വർഷത്തെ സജീവ പാട്ടെഴുത്ത് ചരിത്രമുള്ള മലയാളത്തിലെ ഏക ഗാനരചയിതാവാണ് രാജീവ്‌ ആലുങ്കൽ.

ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്ന് പ്രാവശ്യം) സമഗ്രസംഭവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്, കവിതയ്ക്കുള്ള ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്ക്കാരം എന്നിവ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. 2017- 2022 കാലയളവിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ ആയിരുന്നു.

നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപ്പെണ്ണ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിത സമാഹാരങ്ങൾ. “എന്റെ പ്രിയഗീതങ്ങൾ” എന്ന പേരിൽ തിരഞ്ഞെടുത്ത 1001 ഗാനങ്ങളുടെ സമാഹരവുമുണ്ട്. ഡിസംബർ 30ന് റിലീസാകുന്ന “നല്ല സമയം” എന്ന ചിത്രം രാജീവ്‌ പാട്ടെഴുതിയ നൂറ്റിമുപ്പത്തഞ്ചാമത്തെ ചിത്രമാണ്. ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും ഇന്ദിരയുടെയും മകനാണ് രാജീവ്. ഭാര്യ ദീപ. മക്കൾ അഭിനവ് രാജ്, ആകാശ് രാജ്.

ജനുവരി എട്ടിന് ചെന്നൈയിൽ നടക്കുന്ന മാർകഴി മഹോത്സവത്തിൽ രാജീവ് ആലുങ്കലിനെ ആദരിക്കും. ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷനും, ആശ്രയവും സംയുക്തമായാണ്  മാർകഴി മഹോത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഹരിഹരൻ ഉപഹാരം സമർപ്പിക്കും.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ കൂടിയായ കവി വി. മധുസൂധനൻ നായർ, ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്.ചിത്ര, സുജാത മോഹൻ, ഉണ്ണി മേനോൻ, ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കൈതപ്രം, വൈരമുത്തു, താമരൈ, ഗംഗൈ അമരൻ, തുടങ്ങിയവർ ആശംസകൾ നേരും.

Leave a Reply

Your email address will not be published. Required fields are marked *