വയലിനിൽ പതിനായിരത്തിലേറെ വേദികൾ പിന്നിട്ട് നെടുമങ്ങാട് ശിവാനന്ദൻ
രശ്മിചന്ദ്രന്‍
പതിനായിരത്തിലേറെ സംഗീതക്കച്ചേരികൾക്ക് വയലിൻ വായിച്ചതിന്റെ ഓർമ്മകളുമായി നെടുമങ്ങാട് ശിവാനന്ദൻ. 70 വർഷം മുമ്പ് തുടങ്ങിയതാണ് ഈ സംഗീത യാത്ര. ഇപ്പോൾ വയസ്സ് 85 ആയെങ്കിലും വേദികളിൽ നിന്ന് വേദികളിലേക്ക് ആ യാത്ര തുടരുകയാണ്.
ഇതിനിടയിൽ സംഗീത നാടക അക്കാദമി അവാർഡ് അടക്കം 75 അവാർഡുകളും കിട്ടി. സംഗീത അക്കാദമിയിൽപഠിച്ചത് ശാസ്ത്രീയ സംഗീതമാണെങ്കിലുംപാട്ട് മാറ്റിവെച്ച് വയലിനിൽ തിളങ്ങാനായിരുന്നു നിയോഗം. ഈ കാലഘട്ടത്തിനിടയിൽ ഗായിക പി.ലീല മുതൽ യേശുദാസ് വരെയുള്ളവരുടെ കച്ചേരികൾക്ക് പക്കമേളമൊരുക്കി.മൂന്നര പതിറ്റാണ്ട് സംഗീത അധ്യാപകനായി പ്രവർത്തിച്ച ശിവാനന്ദന് പ്രശസ്തരായ ശിഷ്യരും ഏറെയുണ്ട്. തന്നെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ച ഗുരുവിനും വയലിനിൽ സംഗീതം പകരാനുളള ഭാഗ്യം ഈകലാകാരന് ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ ജനിച്ച് നെടുമങ്ങാട് താമസിച്ച് ചേർത്തലയിൽ സംഗീത ജീവിതം തുടങ്ങിയ ആളാണ് താനെന്ന് ശിവാനന്ദൻ പറയുന്നു. ചേർത്തല പട്ടണക്കാടിനടുത്ത ഉഴുവയിലെ ‘ഗാനവിഹാർ’ വീട്ടിലാണ് താമസം.
സംഗീത ജീവിതത്തിനിടയിൽ നൂറുകണക്കിന് പ്രശസ്ത സംഗീതജ്ഞരെ പരിചയപ്പെടാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. ഹാർമോണിസ്റ്റും വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന അച്ഛൻ നെയ്യാറ്റിൻകര വാസുദേവൻ പിള്ള തിരുവിതാംകൂർ ദിവാനിൽ നിന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്.
സംഗീതജ്ഞൻ അയ്യാച്ചി ഭാഗവതരായിരുന്നു അച്ഛന്റെ ഗുരു.അച്ഛനിൽ നിന്നാണ് ശിവാനന്ദൻ വയലിൻ പഠനം തുടങ്ങിയത്. എട്ടാം ക്ലാസു കഴിഞ്ഞ് 1951ൽ തിരുവനന്തപുരം സ്വാതി തിരുനാൾ മൂസിക്ക് അക്കാദമിയിൽ ഗാനഭൂഷണം കോഴ്സിന് ചേർന്നു. നാലു വർഷത്തെ കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരത്ത് ആകാശവാണിയിൽ വയലിൻ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന വിരുത് നഗർ ഗണപതിയാ പിള്ളയുടെ കീഴിൽ ഒരു വർഷം വയലിൻ പഠിച്ചു. ഉടൻ തന്നെ ചേർത്തല ഓടമ്പള്ളി സ്ക്കൂളിൽ സംഗീത അധ്യാപകനായി ജോലി കിട്ടി. നാലു വർഷം അവിടെ പ്രവർത്തിച്ചപ്പോൾ നെടുമ്പ്രക്കാട് യു.പി സ്ക്കൂളിലേക്ക് മാറ്റം കിട്ടി. 25 വർഷം അവിടെയായിരുന്നു. പിന്നീട് ഏഴു വർഷം ഉഴുവ യു .പി സ്ക്കൂളിൽ ജോലി ചെയ്ത് 36 വർഷത്തെ സംഗീത സേവനത്തിനു ശേഷം 1990 ൽ വിരമിച്ചു.
ഈ കാലത്തെല്ലാം സംഗീത കച്ചേരികളിൽ പങ്കെടുത്തു.അന്ന് പാട്ടുകാരുണ്ടെങ്കിലും വയലിനിസ്റ്റുകൾ കുറവായിരുന്നുവെന്ന് നെടുമങ്ങാട് ശിവാനന്ദൻ പറഞ്ഞു. “ക്ഷേത്രങ്ങളിലെല്ലാം ഉത്സവത്തിന് സംഗീതകച്ചേരികളായിരുന്നു. മാസത്തിൽ 30 ദിവസവും പരിപാടികൾ ഉണ്ടായ കാലമുണ്ടായിട്ടുണ്ട്. പഠിക്കുമ്പോഴും, സർവ്വീസിലിരിക്കെ 36 വർഷവും വിരമിച്ചതിനു ശേഷം 30 വർഷവുമായി പതിനായിരത്തിലേറെ വേദികളിൽ വയലിൻ വായിച്ചിട്ടുണ്ട്. വായന ഇപ്പോഴും തുടരുന്നു. ” – ശിവാനന്ദൻ പറഞ്ഞു.
സംഗീതഅക്കാദമിയിൽ തന്റെ ഗുരുവായ നെല്ലൈ ടി.വി.കൃഷ്ണമൂർത്തിയുടെ വൈക്കം ക്ഷേത്രത്തിലെ കച്ചേരിക്ക് ഒരിക്കൽ വയലിൻ വായിച്ചിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ പഠിക്കുമ്പോൾ ശ്ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു പ്രിൻസിപ്പാൾ. മധുര കെ.വി.കേശവ ഭാഗവതർ ,എൻ.വി സീതാരാമ അയ്യർ, കെ.ആർ. കുമാരസ്വാമി, ഹരിഹര ഭാഗവതർ തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുരുനാഥന്മാർ. നാലര പതിറ്റാണ്ടിനിടെ നിരവധി പ്രമുഖ സംഗീതജ്ഞർക്കു വേണ്ടി വയലിൻവായിച്ചു. പതിനാലാം വയസ്സിൽ തിരുവനന്തപുരത്ത് അനന്ദകൃഷ്ണ ഭാഗവതരുടെ കഥാപ്രസംഗത്തിന് വയലിൻ വായിച്ചിരുന്നു.അന്ന് അദ്ദേഹം ഒരു രൂപ തന്നു. അതാണ് വയലിൻ വായിച്ചതിന് കിട്ടുന്ന ആദ്യ പാരിതോഷികം
വി.ദക്ഷിണാമൂർത്തി, ഒ.എസ്.ത്യാഗരാജൻ, മാവേലിക്കര രാമനാഥൻ, പാറശ്ശാല പൊന്നമ്മാൾ, കെ.ജെ.യേശുദാസ്, ട്രിച്ചി രമേഷ്, തൃശൂർ വി.രാമചന്ദ്രൻ, എം.ജി.രാധാകൃഷ്ണൻ , പാലാ സി.കെ.രാമചന്ദ്രൻ, ബോംബെ സിസ്റ്റേഴ്സ് , സുധാ രഘുനാഥ്, ബോംബെ ജയശ്രീ, തടങ്ങിയവർക്കെല്ലാം പക്കമേളമൊരുക്കി.അബൂദാബി, ഷാർജ ,ദുബായ് എന്നിവിടങ്ങളിലെല്ലാം കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്.
നെടുമങ്ങാട് പുതുക്കുളങ്ങര ആഴകത്ത് ദാക്ഷായണിയാണ് അമ്മ. സഹോദരങ്ങളായ പരേതനായ രാമകൃഷണൻ വീണ വിദ്വാനായിരുന്നു. നെടുമങ്ങാട് വിജയലക്ഷ്മി, നെടുമങ്ങാട് രാജലക്ഷി എന്നിവർ സംഗീതജ്ഞരും. ഉഴുവയിലെ കറുകശ്ശേരി കുടുംബാംഗം വിലാസിനി അമ്മയാണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്കിലെ ‘ഇനാപ്പ് ‘ഐ.ടി.കമ്പനി ഡയരക്ടർ സതീഷ് ബാബു, ഫാർമസിസ്റ്റായ സന്തോഷ് ബാബു, ഡോ.സിന്ധു ദിലീപ് എന്നിവർ മക്കൾ. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ സംഗീതം മകൾ കാത്തു സൂക്ഷിക്കുന്നു. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് എം.എ മ്യൂസിക് ഒന്നാം റാങ്കിൽ പാസ്സായ സിന്ധു പാലക്കാട് ചെമ്പൈ സ്മാരക ഗവ. മ്യൂസിക് കോളേജിൽ അസോസിയേറ്റ് പ്രൊഫസറാണ്.
ഇഷ്ട രാഗങ്ങളായ രീതിഗൗളയിലും ശങ്കരാഭരണത്തിലും കല്ലാണിയിലും ആഭേരിയിലും ആനന്ദഭൈരവിയിലും വയലിൻ സംഗീതം തീർക്കുന്ന ശിവാനന്ദൻ ‘ആനന്ദഭൈരവി ‘ എന്ന സിനിമയിൽ വയലിനിസ്റ്റായി അഭിനയിച്ചിട്ടുമുണ്ട്. ആകാശവാണി ഗ്രെയിഡഡ് ആർട്ടിസ്റ്റാണ്. ഒമ്പത് വർഷം ഗാനഭൂഷണം പരീക്ഷാ ബോർഡ് മെമ്പറായിരുന്നു. തിരുവിഴ ശിവാനന്ദൻ,തിരുവിഴ വിജു .എസ്.ആനന്ദ്, സതീഷ് വർമ്മ , ഇടപ്പള്ളി അജിത് കുമാർ, ബിന്ദു കെ. ഷേണായ്, ചേർത്തല ശിവകുമാർ ,മാഞ്ഞൂർ രഞ്ജിത്ത്, നീലൂർ ജയകുമാർ,ഇടപ്പള്ളി അനില്‍ കുമാര്‍,വിഷ്ണു ചന്ദ്രമോഹന്‍, പാണാവള്ളി അനിൽകുമാർ എന്നിവരെല്ലാം ശിഷ്യന്മാരാണ്.