അഷ്ടപദി സംഗീതോത്സവം: ഗുരുവായൂരില്‍ ദേശീയ സെമിനാർ
ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിന് മുന്നോടിയായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതാഗോവിന്ദത്തിന് പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടപദിയുടെ പ്രാധാന്യം ഭക്തരിലെത്തിക്കുന്നതിനായി ദേവസ്വം നടത്തുന്ന അഷ്ടപദി സംഗീതോത്സവം ഇതിനകം തന്നെ ആസ്വാദക ഹൃദയങ്ങളിൽ സ്ഥാനം നേടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഷ്ടപദി കലാകാരൻ ജയദേവൻ, ‘ദേശി – മാർഗി സംഗീത സാന്നിധ്യം അഷ്ടപദിയിൽ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സംഗീത ഗവേഷക അനുരാധ മഹേഷ് ‘അഷ്ടപദിയും തത്ത്വാർത്തങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു.
അദ്ധ്യാപകനും കഥകളി നടനും സോപാനഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണൻ സെമിനാറിൽ മോഡറേറ്ററായിരുന്നു. പ്രബന്ധ അവതാരകർക്കുള്ള ഉപഹാരം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ എന്നിവർ നൽകി.