പി. ലീല പാടിയ നാരായണീയം ഗ്രാമഫോൺ റെക്കോർഡിന് 60
ഗായിക പി.ലീല പാടിയ നാരായണീയത്തിൻ്റെ ഗ്രാമഫോൺ റെക്കോർഡിന് അറുപത് വയസ്സ് തികയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമല്ല ലോകമെങ്ങും ആ നാദമാധുരി ആനന്ദാമൃതവർഷം ചൊരിയുകയാണിന്നും.1961 സെപ്റ്റംബർ 21 മുപ്പട്ടു വ്യാഴാഴ്ചയാണ് ജ്ഞാനപ്പാന, നാരായണീയം, ഹരിനാമകീർത്തനം, എന്നിവയടങ്ങിയ ഗ്രാമഫോൺ റെക്കോർഡ് ഗുരുവായൂർ ക്ഷേത്രത്തിൽ മുഴങ്ങിത്തുടങ്ങിയത്. പുത്തേഴത്ത് രാമൻ മേനോനാണ് ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. നാരായണീയം
എം.എസ്.സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് പി.ലീലയ്ക്കാണ് ഇത് പാടാനുള്ള ഭാഗ്യമുണ്ടായത്. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് പി.ലീല ഇത് പാടിയത്. ഭൂപാളരാഗത്തിലും, രാഗമാലികയിലും ശങ്കരാഭരണത്തിലും സംഗീതജ്ഞൻ ദക്ഷിണാമൂർത്തിയാണ് ഇത് ചിട്ടപ്പെടുത്തിയത്.1961 മാർച്ച് മാസത്തിലാണ് റെക്കോഡ് നിർമ്മിക്കാനുള്ള ശ്രമമാരംഭിച്ചത്. ഗുരുവായൂരിലെ ഗണേഷ് പ്രസ്സ് ഉടമയായിരുന്ന എസ്.പി.നായരുടെയും ആദ്യത്തെ ക്ഷേത്രം കൃഷ്ണനാട്ടം – കലാനിലയം സൂപ്രണ്ടായിരുന്ന എ.സി. ഗോദവർമ്മരാജയുടേയും നേതൃത്വത്തിലായിരുന്നു ഇത്.
അന്ന് ക്ഷേത്രഭരണം നടത്തിയിരുന്ന മാനേജിംഗ്ട്രസ്റ്റികൂടിയായ സാമൂതിരി രാജയ്ക്കും കോഴിക്കോടും പാലക്കാടുമുള്ള ഹിന്ദുമതധർമ്മസ്ഥാപനവകുപ്പ് കമ്മീഷണർക്കും എസ്.പി.നായർ
നൽകിയ അപേക്ഷ പരിഗണിച്ചാണ് ദേവസ്വം ഇതിനുള്ള പ്രയത്നം തുടങ്ങിയത്.1961 ൽ ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന എം.കെ. രാജയുടെ നിർദ്ദേശപ്രകാരം നടപടികൾ ആരംഭിച്ചു. മദിരാശിയിൽ പോയി എം.എസ്.സുബ്ബലക്ഷ്മിയേയും പി. ലീലയേയും കണ്ട് സംസാരിക്കാൻ സാമൂതിരി രാജയുടെ നോമിനിയായി എസ്.പി.നായരേയും ദേവസ്വം പ്രതിനിധിയായി എ.സി. ഗോദവർമ്മ രാജയേയും ചുമതലപ്പെടുത്തി.
എം.എസ്.സുബ്ബലക്ഷ്മിയെത്തേടി ഇരുവരും അവരുടെ വീട്ടിൽ ചെന്നപ്പോൾ 20 ദിവസത്തെ ഉത്തരേന്ത്യൻ സംഗീത പരിപാടികൾക്കായി സുബ്ബലക്ഷ്മി യാത്ര പോയിരുന്നു. ഇതേ തുടർന്ന് നാരായണീയം ശബ്ദലേഖനം ചെയ്യാൻ പി.ലീലയെ തന്നെ നിശ്ചയിക്കുകയായിരുന്നു.
പാട്ട് സംഗീത സംവിധാനം ചെയ്യാനായി, എസ്.പി.നായർ പിന്നീട് മദിരാശിയിൽ പോയി ദക്ഷിണാമൂർത്തിസ്വാമിയെ കണ്ടു. അദ്ദേഹം സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. പി.ലീലയുടെ പിതാവ് ഇ.കെ.കുഞ്ഞൻ മേനോനെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. “സാന്ദ്രാനന്ദാവബോധാത്മകമനുപമിതം” എന്നും തുടങ്ങുന്ന നാരായണീയത്തിലെ ഒന്നാം ദശകവും, അറുപത്തൊമ്പതാം ദശകവും ,കേശാദിപാദവർണ്ണനയുള്ള നൂറാമത്തെ ദശകവുമാണ് റെക്കോർഡിങ്ങിനായി തെരഞ്ഞെടുത്തത്. പി.ലീല ഒരു സംസ്കൃതം അധ്യാപകൻ്റെ സഹായത്തോടെ ഇതിൻ്റെ അർത്ഥം മനസ്സിലാക്കി പാട്ട് പരിശീലിച്ചു. ജൂലായ് മാസത്തോടെ മദിരാശി എച്ഛ്.എം.വി. സ്റ്റുഡിയോവിൽ റിക്കാർഡിങ് പൂർത്തിയാക്കി. 1961 ജൂലായ് മാസം ആദ്യവാരം നാരായണീയം രണ്ടുദശകങ്ങളും
പി.ലീലയെക്കൊണ്ട് കൊളംബിയ റെക്കോർഡുകളിലേക്ക് പകർത്തി. ഹരിനാമകീർത്തനത്തിന്റെ റിഹേഴ്സലും നടത്തി. ജൂലായ് അവസാനം ടേപ്പിൽ റിക്കാർഡിങ്ങും പൂർത്തിയാക്കി. ഗുരുവായൂർ ദേവസ്വത്തിനുവേണ്ടി മറ്റുപരിപാടികളെല്ലാം ഉപേക്ഷിച്ച് ഇതിനു വേണ്ടി പ്രവർത്തിച്ച പി.ലീല പ്രതിഫലമൊന്നും വാങ്ങാതെയാണ് ഗുരുവായൂരപ്പന് ഇത് സമർപ്പിച്ചത്. മദിരാശിയിലെ സരസ്വതി സ്റ്റോർസ് എന്നസ്ഥാപനമാണ് 200 സെറ്റുകളുടെ 800 ഗ്രാമഫോൺ റെക്കോർഡ് തയ്യാറാക്കി നൽകിയത്.
1961സപ്തംബർ 22 മുപ്പട്ടു വെള്ളിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ മൈക്കിലൂടെ നാരായണീയം ഒഴുകിത്തുടങ്ങി. ക്ഷേത്രത്തിൽ രാവിലെ രണ്ടരയ്ക്കാണ് പാട്ടു തുടങ്ങുക. തുടക്കത്തിൽ ഭക്തജനങ്ങൾക്ക്
3 രൂപ.50 പൈസ നിരക്കിലാണ് ഗ്രാമഫോൺ നൽകിയിരുന്നത്. ആദ്യമായി തയ്യാറാക്കി പുറത്തിറക്കിയ ഗ്രാമഫോൺ റെക്കോർഡിന്റെ ഓരൊ സെറ്റ് രാഷ്ടപതിക്കും ഉപരാഷ്ട്രപതിക്കും ലോക്സഭാസ്പീക്കർ ക്കും ഉപഹാരമായി നൽകി. കൂടാതെ അതിരാവിലെ ക്ഷേത്രത്തിൽ റെക്കോർഡ് വെക്കുന്നതിനായി കൊച്ചി മഹാരാജാവിനും, തിരുവിതാംകൂർ രാജാവിനും ഓരോ സെറ്റ് ഗ്രാമഫോൺ റെക്കോർഡ് നൽകിയിരുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം