മുളം തണ്ടിൽ ഓടക്കുഴൽ തീർത്ത് ആന്റണിയുടെ സംഗീതം
രശ്മിചന്ദ്രന്‍
ആന്റണി കലാകാരന്മാർക്കായി വീട്ടിൽ വെച്ച് ഓടക്കുഴൽ ഉണ്ടാക്കും. ഇത് വായിച്ചു നോക്കി ശ്രുതി ചേർക്കും. മുളംതണ്ടിലെ സംഗീതവുമായി വേദികളിലെത്തുകയും ചെയ്യും. ഓടക്കുഴൽ നിർമ്മാണവും വായനയും ഒരുമിച്ച് കൊണ്ടു പോകുന്ന ഈ കലാകാരന്റെ കരവിരുതിൽ വിരിയുന്നത് ശ്രുതിമധുരം പെയ്യുന്ന ഓടക്കുഴലുകളാണ്.
കേരളത്തിലെ പല കലാകാരന്മാരുടെയും കൈയിലുള്ളത് ഇദ്ദേഹം ഉണ്ടാക്കിയ ഓടക്കുഴലുകളാണ്. ആലപ്പുഴ പൂങ്കാവ് ഇടത്തിൽ വീട്ടില്‍ ഒ.സി ആന്റണി ഈ രംഗത്ത് എത്തിയിട്ട് 35 വർഷം പിന്നിടുന്നു. ഈ കൈകളിൽ പിറന്ന ഓടക്കുഴലുകൾക്ക് കണക്കില്ല. എത്ര സ്റ്റേജിൽ ഓടക്കുഴൽ വായിച്ചു എന്നു ചോദിച്ചാൽ അതിനും കണക്കില്ല.
സാക്സഫോണിലും ആന്റണി സംഗീതം തീർക്കും. രണ്ട് ജ്യേഷ്ഠന്മാർ ഹാർമോണിയം വായിക്കുമായിരുന്നു. അവരിൽ നിന്നാണ് സംഗീതം കിട്ടിയത്.വീട്ടിനു ചുറ്റും കലാകാരന്മാരായിരുന്നു. എല്ലാവരും പ്രോത്സാഹിച്ചപ്പോൾ ഓടക്കുഴൽ പഠിക്കാൻ ആഗ്രഹമായി. അക്കാലത്ത് നല്ല ഓടക്കുഴൽ വാങ്ങാൻ കിട്ടുമായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇത് ഉണ്ടാക്കാനുള്ള പണിയിലായി ശ്രദ്ധ.
ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത ഓടക്കുഴൽ ഉപയോഗിച്ച് സ്വന്തമായി പഠിക്കുകയും ചെയ്തു. കലാപരിപാടികള്‍ക്ക് വായിക്കാന്‍ തുടങ്ങിയപ്പോൾ ഓടക്കുഴൽ ഗുരുക്കന്മാരായ ജഗദീശന്റെയും വിശ്വനാഥന്റെയും ശിഷ്യനായി. ഇതിനിടയിൽ സാക്സഫോണും പഠിച്ചെടുത്തു. ഓടക്കുഴൽ സംഗീതവും ഓടക്കുഴലിനൊപ്പം മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഫ്യൂഷൻ ഷോയും ഒട്ടേറെ ചെയ്തു.
പതിനഞ്ച് വർഷമായി വീട്ടിൽ തന്നെ പ്രൊഫഷണൽ ഓടക്കുഴൽ നിർമ്മാണത്തിലാണ് ആന്റണി. സംഗീതജ്ഞർ വീട്ടിൽ വന്ന് വായിച്ചു നോക്കി ഇഷ്ടപ്പെട്ട ശ്രുതിയിലുള്ളവ തിരഞ്ഞെടുക്കും. ആവശ്യത്തിനനുസരിച്ച് ശ്രുതി ചേർത്ത് നൽകുകയും ചെയ്യും. സംഗീതജ്ഞരായ കുടമാളൂർ ജനാർദ്ദനൻ, ജോസി ആലപ്പുഴ, രാജേഷ് ചേർത്തല തടങ്ങി കേരളത്തിലെ ഒട്ടേറെ കലാകാരന്മാരുടെ കൈയിലുള്ളത് ആന്റണി രൂപപ്പെടുത്തിയ ഓടക്കുഴലുകളാണ്.
തമിഴ്നാട്ടിൽ നിന്നും കലാകാരന്മാർ വീട്ടിൽ വരാറുണ്ട്. ഈറ്റയിൽ കമ്പി പഴുപ്പിച്ച് ദ്വാരമിട്ട് അര മണിക്കൂർ കൊണ്ട് ഓടക്കുഴൽ ഉണ്ടാക്കാം. പക്ഷെ ഇത് ശ്രുതി ചേർക്കാൻ നല്ല പരിശ്രമം വേണം. ഏഴ് ഇഞ്ച് നീളം വരുന്ന ടോപ്പ് ഫ്ലൂട്ട് മുതൽ 32 ഇഞ്ച് വരുന്ന ബെയിസ് ഫ്ലൂട്ട് വരെയുണ്ട്. മൂന്നര പതിറ്റാണ്ടായി ഗാനമേളകളിലും ഫ്യൂഷൻ സംഗീതത്തിലും നിറസാന്നിദ്ധ്യമായ ആന്റണിയുടെ വീട് ഇന്ന് ഓടക്കുഴലിന്റെ പണിപ്പുര കൂടിയാണ്. പല നാടുകളിൽ നിന്നും കലാകാരന്മാർ ഓടക്കുഴലിനായി ആന്റണിയെ അന്വേഷിച്ചെത്തും.
അവരുടെ മനസ്സിനിണങ്ങിയ ഓടക്കുഴൽ ഉണ്ടാക്കി ശ്രുതി ചേർത്ത് നൽകുമ്പോൾ സന്തോഷം മാത്രമല്ല അനുഗ്രഹവും കിട്ടും – ആന്റണി പറയുന്നു. പരേതരായ ഒ.എസ് ചാക്കോ, റോസമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ ആനി. ബി ടെക്കുകാരിയായ മഞ്ജു, വിദ്യാർത്ഥിനിയായ അഞ്ജു എന്നിവർ മക്കളാണ്. മരുമകന്‍ : മനു (എഞ്ചിനീയര്‍, കെ.എസ്.ഇ.ബി.കാസര്‍കോട് )