മർഫി റേഡിയോയും ആകാശവാണിയും
ശശിധരന്‍ മങ്കത്തില്‍
റേഡിയോ മാത്രം കേട്ടു വളർന്ന കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ അതെന്നും ഒരു ഗൃഹാതുരത്വമാണ്. പഴയ സ്ക്കൂൾ കാലവും മർഫി റേഡിയോയും ആകാശവാണിയും മറക്കാൻ കഴിയുമോ? നാല് വലിയ എസ്ട്രലാ അല്ലെങ്കിൽ എവർറെഡി ബാറ്ററി വെക്കുന്ന വീട്ടിലെ ആ മർഫിറേഡിയോയെ ഒരിക്കലും മറക്കാനാവില്ല. ബോംബെ ഐ.ഐ.ടി.യിലായിരുന്ന ഗോപി അമ്മാമൻ കൊണ്ടുവന്നതായിരുന്നു അത്. ലൈസൻസ് കളഞ്ഞു പോയതിനാൽ വീട്ടിൽ എപ്പോഴും അകത്തായിരുന്നു ഈ റേഡിയോ. നാല് ബാറ്ററി കൊണ്ട് ഒരു മാസം റേഡിയോ കേൾക്കാം.
അതിരാവിലെ ആകാശവാണി നിലയം തുറക്കുന്ന ആ പ്രത്യേക സംഗീതം ഇന്നും കാതിൽ മുഴങ്ങുന്നു. രാവിലെ സുഭാഷിതം, പ്രാദേശിക വാർത്ത, ഡൽഹി വാർത്ത, പിന്നെ എം.ജി.രാധാകൃഷ്ണന്റെ ലളിത സംഗീത പാഠം, പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റ കർണ്ണാടക സംഗീത പാഠം. ഉച്ചയ്ക്ക് പ്രാദേശിക വാർത്തകൾ… വായിക്കുന്നത് പദ്മരാജൻ, പ്രതാപൻ, രാമചന്ദ്രൻ. തുടർന്ന് ഡൽഹിയിൽ നിന്ന് വാർത്ത. വാർത്തകൾ… വായിക്കുന്നത്… ശങ്കരനാരായണൻ, സത്യേന്ദ്രൻ ,ഗോപൻ, റാണി, സുഷമ, വെൺമണി വിഷ്ണു, മാവേലിക്കര രാമചന്ദ്രൻ…
വൈകീട്ട് ശ്രീലങ്കാ പ്രക്ഷേപണം. സ്റ്റേഷൻ കിട്ടാത്തതു കൊണ്ട് ജയചന്ദ്രൻ്റെ സുപ്രഭാതം … സുപ്രഭാതം…. എന്ന ഗാനം നന്നായി കേൾക്കില്ല. മഞ്ഞലയിൽ മുങ്ങി തോർത്തി… കേട്ടു പഠിച്ചതും ശീലങ്കാ പ്രക്ഷേപണത്തിൽ നിന്നു തന്നെ. വൈകുന്നേരം പ്രാദേശിക വാർത്ത, വയലും വീടും, കണ്ടതും കേട്ടതും. ഡൽഹി വാർത്ത. രാത്രി രഞ്ജിനി- നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ, അതോടെ ഉറക്കത്തിലേക്ക് …. രഞ്ജിനി,ബാലലോകം, യുവവാണി, വയലും വീടും,കണ്ടതും കേട്ടതും,
നാടകോത്സവം എന്നിവ ആകാശവാണിയെ പ്രിയപ്പെട്ടതാക്കി.
എം.രാമചന്ദ്രന്റെ കൗതുക വാർത്ത അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രശസ്ത സംവിധായകൻ പദ്മരാജനും പ്രതാപനുമൊക്കെയാണ് ആദ്യം കൗതുക വാർത്ത വായിച്ചിരുന്നത്. എം.രാമചന്ദ്രനൊപ്പം ഒരിക്കൽ മലമ്പുഴയിൽ കാർഷിക സെമിനാറിൽ പങ്കെടുത്തപ്പോൾ അദ്ദേഹം അനുഭവങ്ങൾ പങ്കിട്ടു. കാസർകോട് മാതൃഭൂമിയിൽ പ്രവർത്തിക്കുമ്പോൾ കണ്ണുർ ആകാശവാണിയിൽ ജില്ലാ വാർത്തകളും സ്പോർട്സും, ‘നാട്ടകം’ പരിപാടിയും അവതരിപ്പിക്കാനായി. കെ.ബാലകൃഷ്ണൻ, കെ.ബാലചന്ദ്രൻ, എം.എസ്.വാസുദേവൻ മുരളീധരൻ തഴക്കര… എന്നിവരെല്ലം സുഹൃത്തുക്കൾ.
സ്പോട്സും നാടകവും ഒരു പോലെ കൈകാര്യം ചെയ്തിരുന്ന പി.സി.സതീഷ് ചന്ദ്രനായിരുന്നു അന്ന് കണ്ണൂർ ആകാശവാണി ഡയരക്ടർ. കഴക്കൂട്ടം സൈനിക് സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന സതീഷ് ചന്ദ്രൻ എന്ന ബഹുമുഖ പ്രതിഭ, ഭാര്യ രശ്മിയുടെ പിതാവ് ഡോ.സി.കെ.സി.നായരുടെ ശിഷ്യനുമായിരുന്നു. 2011 ലായിരുന്നു സതീഷ് ചന്ദ്രന്റെ വിയോഗം.