മങ്കൊമ്പ് – കുട്ടനാടിന്റെ അക്ഷരസൗന്ദര്യം
കെ.കെ. മേനോൻ
സൗഹൃദം മധുരമുള്ള ഉത്തരവാദിത്വവും നമ്മൾ ആഗ്രഹിക്കുന്ന ഒരു തണലുമാണ്. അതിനെ ഒരു അവസരമായി കാണാത്ത ചിലരെങ്കിലും നമ്മുടെയൊക്കെ ജീവിതപാതയിൽ കാണാൻ കഴിയും. ഒരു കാരണവുമില്ലാത്ത സൗഹൃദ ബന്ധങ്ങൾ ജീവിതാവസാനം വരെ നമ്മുടെയെല്ലാം കൂടെ കണ്ടേക്കാം. ചിലപ്പോൾ ഒരു ഫോൺകോൾ, അല്ലെങ്കിൽ ഒരു കണ്ടുമുട്ടൽ.
ഈ മുഖവുര വേറെ ആരെയും കുറിച്ചല്ല. സംഗീതാസ്വാദകർ ഏറെ സ്നേഹിച്ച, ബഹുമാനിച്ച, കാതോർത്തിരുന്ന മങ്കൊമ്പ് എന്ന് നാം വിളിക്കുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണനെ കുറിച്ചുതന്നെ. ഞാനും മങ്കൊമ്പുമായി നിർവചിക്കാൻ സാധിക്കാത്ത സ്നേഹബന്ധം ആയിരുന്നു. ഇടയ്ക്ക് വിളിക്കും കുറെ സംസാരിക്കും. പഴയ കാര്യങ്ങൾ പങ്കുവെയ്ക്കും.
80 കളിലെയും 90കളിലെയും മദിരാശി അനുഭവങ്ങൾ ഏറെയുണ്ടായിരുന്നു. ഞങ്ങൾ പരിചയപ്പെടുന്നത് എന്റെ HMV നാളുകളിലാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന എന്നുതന്നെ പറയാം, മങ്കൊമ്പിനെ തന്റെ നേട്ടങ്ങളോ പ്രശസ്തിയോ ഒന്നും ഒട്ടും തന്നെ ബാധിച്ചിരുന്നില്ല. എളിമയോടെയുള്ള പെരുമാറ്റം, അതായിരുന്നു മങ്കൊമ്പിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്.
മലയാള സാഹിത്യ സംസ്കാരത്തിന്റെ നിറശോഭയും തിളക്കവുമുള്ള സൗന്ദര്യവും ശാലീനതയും നിറഞ്ഞ പ്രണയത്തിനും പ്രണയ വിചാരങ്ങൾക്കും വേറിട്ട ഭാവങ്ങൾ നൽകിയ അക്ഷരങ്ങൾ… മലയാള സംഗീത പ്രേമികൾക്ക് നിറവിരുന്നായി പകർന്നുനൽകിയ കുട്ടനാട്ടുകാരന്റെ അക്ഷരസദ്യ. പാട്ടുകളിലെ ആദ്യ പദങ്ങളിലൂടെ നമ്മുടെയൊക്കെ ഹൃദയം കവർന്ന കവി. ലക്ഷാർച്ചന കണ്ടു, ത്രയമ്പകം വില്ലൊടിഞ്ഞു, നീലാംബരി എന്നീ പ്രശസ്ത ഗാനങ്ങൾ ചിലത് മാത്രം.
അടുത്തകാലത്ത് കാല യവനികക്കുള്ളിൽ മറഞ്ഞുപോയ ഭക്തിഗാന രചയിതാവ് എ.വി. വാസുദേവൻ പോറ്റിയെ പരിചയപ്പെടുത്തിയത് മങ്കൊമ്പാണ്. ഞാൻ മാഗ്നാസൗണ്ട്സിൻ്റെ കൊച്ചി ഓഫീസിലായിരുന്നപ്പോൾ മങ്കൊമ്പിന്റെ എഴുത്തുമായാണ് വാസുദേവൻ പോറ്റി എന്നെ കാണാൻ വന്നത്. ഞാനേറെ വില കൽപ്പിച്ചിരുന്ന മങ്കൊമ്പിന്റെ സ്നേഹബന്ധവും അദ്ദേഹത്തിന്റെ ശുപാർശയുമാണ് പോറ്റി എഴുതിയ “മണ്ണാറശാല നാഗരാജ സ്തുതികൾ” എന്ന ഭക്തിഗാന സമാഹാരത്തിന്റെ പിറവിക്ക് കാരണമായത്.
അതിനുശേഷം ഞാൻ റെക്കോർഡ് ചെയ്ത ദേവിഗീതം, വിഘ്നേശ്വരം തുടങ്ങി ഒട്ടേറെ ഭക്തിഗാന സമാഹാരങ്ങളിലൂടെ പോറ്റി ഭക്തിഗാന രചന രംഗത്ത് പ്രശസ്തനായി എന്നിവിടെ പറയുമ്പോൾ മങ്കൊമ്പിന്റെ നിസ്വാർത്ഥമായ പങ്ക് മറക്കാവുന്നതല്ല. സ്വന്തം താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മേലെ സുഹൃത്തുക്കളെ സഹായിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മങ്കൊമ്പിന്റെ ജീവിത മന്ത്രം.
മങ്കൊമ്പിൻ്റെ കാര്യങ്ങൾ പറയുമ്പോൾ സംവിധായകൻ ഹരിഹരനെയും ഓർക്കാതിരുന്നാൽ അതൊരപരാധമാ യിരിക്കും. ഹരിഹരന്റെ പ്രോത്സാഹനവും നിരന്തരമായ പിന്തുണയും മലയാളമണ്ണിന്റെ മാറിൽ നിറ ചൈതന്യങ്ങളായി, സംഗീത പ്രേമികളുടെ മനസ്സുകളിൽ ഇപ്പോഴും വർണ്ണാഭമായ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കുറെ നല്ല ഗാനങ്ങൾക്ക് മങ്കൊമ്പിന്റെ തൂലികയിലൂടെ പിറക്കുവാൻ അവസരമുണ്ടാക്കി.
സംസ്കാരത്തിന്റെ നെടുംതൂണുകൾ ഓരോന്നായി കടപുഴകി വീഴുകയാണ്. എം. ടി., ജയചന്ദ്രൻ, ഇപ്പോൾ മങ്കൊമ്പ്. പകരം വെക്കാൻ മുന്നിൽ വേറെ സ്തൂപങ്ങൾ കാണുന്നില്ല. ഇനി അവരുടെയെല്ലാം കുറെ നല്ല ഓർമ്മകൾ മാത്രം. നിശബ്ദ തേങ്ങലുകൾ നിറഞ്ഞ അവരുടെ ജീവിതാനുഭവങ്ങളും സ്നേഹത്തോടെ അവർ നമുക്ക് പകർന്നു നൽകിയ അമൂല്യസൃഷ്ടികളും ആ സൃഷ്ടികളിൽ നിറഞ്ഞുതുളുമ്പുന്ന സംസ്കാരശുദ്ധിയും ആ കാൽപ്പാടുകളെ പിന്തുടരുവാൻ നമുക്ക് വേണ്ട ഊർജ്ജവും വിശ്വാസവും നൽകട്ടെ എന്ന് ആഗ്രഹിക്കാം. (എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി. എഴുത്തുകാരന്‍, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. )
എഴുത്തിൽ തികച്ചും നീതി പാലിച്ചിരിക്കിന്നു. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
അദ്ദേഹത്തിന്റെ പല ഗാനങ്ങളും മനസ്സിലെന്നും തത്തികളിക്കും.
അനുമോദനങ്ങൾക്കു നന്ദി

പഴയ നല്ല ഗാനരചയിതാക്കളും സംഗീത സംവിധായകരും നമ്മെ വിട്ടു പിരിഞ്ഞു. താങ്കൾക്ക് അവരുമായി നല്ല സുഹൃത് ബന്ധം സ്ഥാപിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ. താങ്കളുടെ ഓർമ്മക്കുറിപ്പുകൾ

കവിതപിറന്നിട്ട് സംഗീതത്തിന്റെ തേന്‍തുള്ളികള്‍ അവയെ പൊതിഞ്ഞപ്പോള്‍ പിറവിയെടുത്ത എത്രയെത്ര മനോഹരങ്ങളായ ഗാനങ്ങള്‍ മലയാളത്തിന് തന്ന അതുല്യപ്രതിഭ! ഇവരോടൊപ്പം പ്രവര്‍ത്തിക്കുവാനും, ലഭിച്ച ആ അനുഭവസമ്പത്തും മേനോന്‍സാറിന് എന്നുമൊരു മുതല്‍ക്കൂട്ടാണ്!!!
തുടര്‍ന്നും എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു!
പഴയ നല്ല ഗാനരചയിതാക്കളും സംഗീത സംവിധായകരും നമ്മെ വിട്ടു പിരിഞ്ഞു. താങ്കൾക്ക് അവരുമായി നല്ല സുഹൃത് ബന്ധം സ്ഥാപിക്കാൻ സാധിച്ചത് മഹാഭാഗ്യം തന്നെ. താങ്കളുടെ ഓർമ്മക്കുറിപ്പുകൾ

Superb


മങ്കോമ്പിനെ കുറിച്ചുള്ള വ്യക്തിപരമായ ബന്ധം പങ്കുവെച്ചതിലൂടെ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു… മലയാള സംഗീത ലോകത്തെ അതികായർ എല്ലാം നമ്മെ വിട്ടുപോകുകയാണ് … എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ …




Mr മേനോന്റെ മാങ്കോമ്പിനെകുറിച്ചുള്ള ലേഖനം ഹൃദയസ്പർശിയായി. പഴയ സിനിമഗാനസംസ്കാരത്തിന്റെ ബലമേറിയ ഒരു തൂണായിരുന്നു ശ്രീ മാങ്കോമ്പ്…. നല്ലൊരു ഓർമ്മക്കുറിപ്പ്


മലയാളത്തിനു ഒട്ടേറെ നല്ലഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണനെക്കുറിച്ചുള്ള KK മേനോന്റെ ഓർമ്മക്കുറിപ്പ് വളരെ ഹൃദയസ്പർശിയായി