മൃദംഗ ധ്വനികളിലെ ഓർമ്മകളിൽ കുമാരനല്ലൂർ രാജാമണി

പാടുന്നത് പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാഷ്. വയലിൻ രാമനാഥപുരം വെങ്കിടാചലം. മൃദംഗം കുമാരനല്ലൂർ വി.രാജാമണി. തിരുവനന്തപുരം ദൂരദർശൻ 1990 ൽ സംപ്രേക്ഷണം ചെയ്ത ആ സംഗീത കച്ചേരിയുടെ ഷൂട്ടിംഗിന്റെ ഓർമ്മകൾ മൃദംഗ വിദ്വാൻ രാജാമണിയുടെ മനസ്സിൽ മായാതെ ഇന്നുമുണ്ട്.

കുമാരനല്ലൂർ വി. രാജാമണി

കച്ചേരിക്കുമുമ്പ് കലാകാരന്മാരുമായുള്ള അഭിമുഖവും  അന്ന് സംപ്രേക്ഷണം ചെയ്യുമായിരുന്നു.  അഭിമുഖം നടത്തിയത് പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ. ഷൂട്ടിംഗിന് മുമ്പുതന്നെ കുശലം ചോദിച്ച് അരവിന്ദൻ കുറേ നേരം ഞങ്ങളോടൊപ്പമുണ്ടായിരുന്നു – കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന കുമാരനല്ലൂർ വി.രാജാമണി പഴയ കാലം ഓർത്തെടുത്തു.

കോഴിക്കോട്ട് കച്ചേരിയില്‍ ബോംബെ സിസ്റ്റേഴ്സിനൊപ്പം

കോഴിക്കോട് ആകാശവാണിയിൽ കെ. രാഘവൻ മാസ്റ്റർ സംഗീത സംവിധായകനായി പ്രവർത്തിക്കുമ്പോൾ രാജാമണി അവിടെ മൃദംഗം എ – ഗ്രേഡ് സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. രാഘവൻ മാഷ് ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം കേരളത്തിൽ പലയിടങ്ങളിലും സംഗീത കച്ചേരി നടത്തിയിരുന്നു. അതിൽ പല കച്ചേരികൾക്കും മൃദംഗം വായിച്ചത് രാജാമണിയാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ , കുന്നക്കുടി വൈദ്യനാഥന്‍, ആര്‍. വെങ്കിട്ടരാമന്‍ എന്നിവരുടെ കച്ചേരികൾ കോഴിക്കോട് ആകാശവാണി റെക്കോഡ് ചെയ്തപ്പോൾ അതിൽ മൃദംഗം വായിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നതായി രാജാമണി പറഞ്ഞു. അമേരിക്കയിൽ പര്യടനം നടത്തി. അവിടെ നെടുനൂരി കൃഷ്ണമൂർത്തിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചു. വാഷിംഗ്ടൺ, ചിക്കാഗോ, സാൻഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിലടക്കം 20 കച്ചേരികൾ ഉണ്ടായിരുന്നു. അമേരിക്കയിലെ തെലുഗുഅസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

അമേരിക്കയിൽ നെടുനൂരി കൃഷ്ണമൂർത്തിയുടെ കച്ചേരിക്ക് മൃദംഗം വായിക്കുന്നു

കോഴിക്കോട് ആകാശവാണി സ്റ്റേഷൻ ഡയരക്ടറും പുല്ലാങ്കുഴൽ വിദഗ്ധനുമായ ജി. എസ്. ശ്രീകൃഷ്ണന്റെ കച്ചേരികൾക്കും മൃദംഗം വായിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ സംഗീത കുടുംബത്തിലെ കുമാരനല്ലൂർ വെങ്കടേശ്വരന്റെ മകനാണ് രാജാമണി. അച്ഛൻ മൃദംഗ വിദ്വാനായിരുന്നു. കർണ്ണാടക സംഗീതവും അറിയാമായിരുന്നു. വീട്ടിൽ ഒട്ടേറെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.

പൂമുള്ളി രാമൻ നമ്പൂതിരിപ്പാടിന്റെ കച്ചേരിയിൽ മൃദംഗം വായിക്കുന്നു.

അച്ഛനിൽ നിന്നാണ് രാജാമണി മൃദംഗ പഠനം തുടങ്ങിയത്. ആറ് സഹോദരങ്ങളും മൃദംഗം, വയലിൻ കലാരംഗത്തുണ്ടായിരുന്നു. മൂത്ത സഹോദരൻ വി.രാമനാഥനാണ് അച്ഛന് ശേഷം മൃദംഗത്തിലെ ഗുരു. അദ്ദേഹത്തിന് കുറേ ശിഷ്യന്മാരുണ്ട്. 1968ൽ കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബി. കോം പാസായ ശേഷം അഞ്ചു വർഷം ഗുരുവായൂർ ദ്വരൈയുടെ കീഴിൽ മൃദംഗം അഭ്യസിച്ചു.

ചെന്നൈ മ്യൂസിക് അക്കാദമിയിൽ നാഗർകോവിൽ രാമചന്ദ്രനൊപ്പം.

ചെന്നൈയിൽ ഇടയ്ക്കെല്ലാം പോയി താമസിച്ച് മൈലാപ്പൂരിലെ അദ്ദേഹത്തിന്റെ  വീട്ടിൽ പോയാണ് പഠിച്ചത്. അതു കഴിഞ്ഞ് ഏറ്റുമാനൂരിൽ കേരള സ്റ്റെയിറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ പത്ത് വർഷം അക്കൗണ്ടന്റായി. ഈ കാലത്തെല്ലാം പല പ്രശസ്തരുടെ കച്ചേരികളിലും പക്കമേളമൊരുക്കി. അന്ന് ആകാശവാണി ബി – ഹൈ ആർട്ടിസ്റ്റായിരുന്നു. ജയവിജയന്മാരുടെയും നെയ്യാറ്റിൻകര വാസുദേവന്റേയും പല കച്ചേരികൾക്കും അന്ന് വായിച്ചു.

പാലാ സി.കെ.രാമചന്ദ്രന്റെ കച്ചേരിയിൽ

1983 ൽ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി കോഴിക്കോട്ട് നിയമനം കിട്ടി. 2007 ൽ വിരമിക്കുന്നതു വരെ കോഴിക്കോട്ട് തന്നെയായിരുന്നു. ആകാശവാണിയിൽ കച്ചേരികൾക്ക് മൃദംഗം വായിക്കുന്നതിനു പുറമെ മൂന്നു മാസം കൂടുമ്പോൾ സംഗീത പരിപാടികളുടെ ക്രമം നിശ്ചയിച്ച് കലാകാരന്മാരെ ക്ഷണിക്കുക, പ്രഭാത ഗീതം അടക്കമുള്ള സംഗീത പരിപാടികൾ റെക്കോഡ് ചെയ്യുക എന്നീ ചുമതലകളും ഉണ്ടായിരുന്നു.

രാജാമണിയും മകൾ ലാവണ്യ (മൃദംഗം) യശസ്സ് വിന്യ (വയലിൻ)
എന്നിവർ സംഗീത സാധകത്തിനിടെ

ആർ.എൻ.പിള്ളയായിരുന്നു അന്ന് സ്റ്റേഷൻ ഡയരക്ടർ.കെ.രാഘവൻ മാഷ്, കെ.കുഞ്ഞിരാമൻ, കടുതുരുത്തി ടി.ആര്‍. രാധാകൃഷ്ണൻ എന്നിവർ ആദ്യകാല സംഗീത സംവിധായകരായിരുന്നു. നെടുമങ്ങാട് ശശിധരൻ നായർ, പാലാ സി.കെ. രാമചന്ദ്രൻ, ഹരിപ്പാട് കെ.പി.എൻ.പിള്ള, ചന്ദ്രികാ ഗോപിനാഥ്, ഉഷാവിജയകുമാര്‍, ഗീതാദേവി വാസുദേവൻ, നെല്ലായി വിശ്വനാഥൻ, എൻ.ഹരി, ടി.എസ്.ലളിത എന്നീ കലാകാരമാർക്കൊപ്പവും അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞു. ഇതിനിടയിൽ വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സംഗീതജ്ഞരുടെ കച്ചേരികൾക് അകമ്പടി സേവിച്ചു.

കുമാരനല്ലൂർ രാജാമണിയും ഭാര്യ എസ്.രാമലക്ഷ്മിയും

ബോംബെ സിസ്റ്റേഴ്സ് , ടി.വി.ഗോപാലകൃഷ്ണൻ, ഹൈദ്രാബാദ് ബ്രദേഴ്‌സ്, മധുര ടി.എന്‍.ശേഷഗോപാലന്‍, മാൻഡോളിൻ ശ്രീനിവാസ് , ചിത്രവീണ രവികിരൺ, നാഗർകോവിൽ രാമചന്ദ്രൻ , പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്, ടി.ആർ .സുബ്രഹ്മണ്യം, പുതുക്കോട് കൃഷ്ണമൂർത്തി,നെല്ലായി കൃഷ്ണമൂര്‍ത്തി, പാലക്കാട് കൃഷ്ണമൂർത്തി, പാറശ്ശാല പൊന്നമ്മാൾ, പാലാ സി. കെ. രാമചന്ദ്രൻ, കെ. ഓമനക്കുട്ടി തുടങ്ങി ഒട്ടേറെ സംഗീതജ്ഞരുടെ കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. ആകാശവാണി ഗേയിഡഡ് ആർട്ടിസ്റ്റുകളായ ഡോ. വി.ആർ.നാരായണ പ്രകാശ് , എസ് കൃഷ്ണ ഗോപാൽ, കോട്ടയം സന്തോഷ് കുമാർ, തബല – മുദംഗം കലാകാരനായ സുനാദ് തുടങ്ങിയവർ ശിഷ്യന്മാരാണ്.

പേരക്കുട്ടികള്‍ക്കൊപ്പം ചെന്നൈയിലെ വീട്ടില്‍

തിരുവനന്തപുരം കരമനയിലെ പി. സൂര്യനാരായണന്റെ മകൾ എസ്. രാമലക്ഷ്മിയാണ് ഭാര്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ ടി നഗർ ശാഖയിലെ റിട്ട. സ്പെഷൽ അസിസ്റ്റന്റാണ്. ചെന്നൈയിൽ ഐ.ടി എഞ്ചിനിയറായ മകൾ ലാവണ്യ അച്ഛനിൽ നിന്ന് മൃദംഗം പഠിച്ചിട്ടുണ്ട്. കച്ചേരികൾക്ക് വായിക്കാറുണ്ട്. ഭർത്താവ് ഗണേഷ് മുംബൈയിൽ ബാങ്ക് ഉദ്യോഗസ്ഥനാണ്. രണ്ടാമത്തെ മകൾ യശസ്സ് വിന്യ വയലിനിസ്റ്റാണ്. ഐ .ടി.എഞ്ചിനിയറായ രാമനാഥനാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *