ഗൾഫിൽ ആഘോഷമായി പാടിയ ഓർമ്മകളിൽ കലാഭവൻ സാബു
ശശിധരൻ മങ്കത്തിൽ
പാടുന്നത് കലാഭവൻ സാബു. ദുബായിലെ പ്രവാസികൾ തിങ്ങിനിറഞ്ഞ ഹാളിൽ ‘അകലെ അകലെ നീലാകാശം’… എന്ന ഗാനം അലയടിച്ചു. പാട്ട് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നിർത്താതെ കൈയടി. ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി’…. അടുത്ത ഗാനം അനൗൺസ് ചെയ്തപ്പോൾ വീണ്ടും കരഘോഷം. ചെട്ടിക്കുളങ്ങര ഭരണി നാളിൽ…, ‘നക്ഷത്ര ദീപങ്ങൾ തിളങ്ങി’…. ‘ഈദ് മുബാറക് ‘… ‘ആയിരം കാതം അകലെയാണെങ്കിലും’…ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ ഒഴുകിയപ്പോൾ പ്രവാസി
മലയാളികൾ അത് ആഘോഷമാക്കി. പല ഗാനങ്ങളും അവർ ആവശ്യപ്പെട്ടു. പാടുന്ന പാട്ടുകൾ കാസറ്റിലാക്കാൻ അവർ മത്സരിച്ചു.1987 – 88 കാലഘട്ടത്തിൽ കൊച്ചിൻ കലാഭവൻ വിദേശത്ത് നടത്തിയ ഗാനമേള- മിമിക്സ് പരേഡിനെക്കുറിച്ച് പറയുമ്പോൾ ഗായകൻ സാബു വാചാലനാകും. കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഗൾഫുകാർ കൈ നീട്ടി സ്വീകരിച്ച കാലം. ആശംസകൾ കൊണ്ട്
പൊതിഞ്ഞ കാലം. മൂന്നര പതിറ്റാണ്ടായി സംഗീതരംഗത്തുള്ള കലാഭവൻ സാബു കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. നൂറിലധികം പ്രൊഫഷണൽ നാടകങ്ങളിൽ പാടുകയും ചെയ്തിട്ടുണ്ട്. ഭക്തിഗാനങ്ങളും മറ്റുമായി പാടിയ കാസറ്റുകളും സി.ഡികളും ഒട്ടേറെ.
എറണാകുളം ഉദയംപേരൂരിലെ വീട് തന്നെ സ്റ്റുഡിയോയാക്കി
സംഗീതത്തിൽ സന്തോഷം കണ്ടെത്തുന്ന സാബുവിന് കലാഭവൻ ഗായക സംഘത്തിൻ്റെ ചരിത്രം തന്നെ പറയാനുണ്ട്.
കലാഭവനിലെ സംഗീത പഠനം
തെക്കൻ പറവൂരിലെ വേലായുധൻ- മണി ദമ്പതിമാരുടെ രണ്ടു മക്കളിൽ മൂത്തവനായ സാബു കലാരംഗത്തെത്തുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ സ്ക്കൂളിലും ഉദയംപേരൂർ എസ്.എൻ.ഡി.പി സ്ക്കൂളിലുമായിരുന്നു പഠനം. സാബുവിൻ്റെ കലാവാസന തിരിച്ചറിഞ്ഞ് വീട്ടിനടുത്ത് താമസിക്കുന്ന എറണാകുളം എസ്.ആർ.വി.ഗവ.സ്ക്കൂൾ
അധ്യാപകൻ വിശ്വംഭരൻ സാറാണ് കലാഭവനിൽ ചേർക്കാൻ മുൻകൈയെടുത്തത്. അമ്മാവൻ എൻ.എൻ.വിശ്വംഭരനും പ്രോത്സാഹിപ്പിച്ചു.
‘രാകേന്ദുകിരണങ്ങൾ’
വഴിത്തിരിവായി
ആറാം ക്ലാസിലായിരുന്നപ്പോൾ കലാഭവനിൽ പാട്ടു പഠിക്കാൻ ചേർന്നു.1975 ലാണിത്. കലാഭവനിലെ ഗായികയായിരുന്ന ശാന്തകുമാരി ടീച്ചറുടെ കീഴിൽ ലളിതസംഗീതം പഠിച്ചു. കലാഭവൻ്റെ സ്ഥാപകനായ ആബേലച്ചൻ കുട്ടികളുടെ കഴിവ് നോക്കാനായി പലരെയും പാടിക്കും. പെണ്ണിൻ്റെ ശബ്ദത്തിൽ പാടുന്ന സാബുവിനെ പാടിച്ചപ്പോൾ അദ്ദേഹത്തിന് പാട്ട് വളരെ ഇഷ്ടമായി. എസ്. ജാനകി പാടിയ
‘രാകേന്ദുകിരണങ്ങൾ ‘…. എന്ന ഗാനമാണ് അന്ന് പാടിയത്. ഉടൻ തന്നെ സാബുവിനെ കലാഭവൻ്റെ ബാലഗാനമേള ട്രൂപ്പിൽ അംഗമാക്കി. സാബുവിൻ്റെ പെൺ ശബ്ദത്തിലുള്ള പാട്ട് ഗാനമേളകളിൽ ഹിറ്റായി. പീറ്റർ, ജോണി, വില്യംസ് എന്നിവർ അംഗങ്ങളായ മുതിർന്നവരുടെ കലാഭവൻ ഗാനമേളട്രൂപ്പ് അരങ്ങു തകർക്കുന്ന കാലമായിരുന്നു അത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടിനും മിമിക്രിക്കും
നാടകത്തിനുമെല്ലാം സമ്മാനം കിട്ടി. തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ പ്രീഡിഗ്രി പഠിച്ചു. കളമശ്ശേരി ഐ.ടി.ഐയിലും പഠിച്ചു. ഈ കാലത്തൊന്നും അധികം പാടിയില്ല.
പാട്ടുകാരനായി
കലാഭവനിൽ
ഒരു ക്ലബ്ബിൻ്റെ നാടകത്തിനു വേണ്ടി സാബു പാടിയ പാട്ട് കീബോഡ് പ്ലെയറായ സേവ്യർ നായത്തോട് കേൾക്കാനിടയായത് വഴിത്തിരിവായി. ഫോണിൽ ബന്ധപ്പെട്ട് കലാഭവനിലെത്താൻ പറഞ്ഞു. അവിടെ സാബു വീണ്ടും പാടി. കലാഭവൻ പ്രോഗ്രാം കോ-ഓർഡിനേറ്ററായ ഷേർളി പണ്ട് ഇവിടെ പാട്ടു പഠിച്ച സാബുവിനെ തിരിച്ചറിഞ്ഞു. അതൊരു സന്തോഷ സുദിനമായിരുന്നു. അങ്ങനെ സാബുവിന് കലാഭവൻക്വയറിൽ സ്ഥാനം കിട്ടി. കോട്ടയം എറണാകുളം ജില്ലകളിൽ അന്ന് വിവാഹങ്ങൾക്കെല്ലാം
കലാഭവൻ ക്വയറിൻ്റെ പാട്ട് ഉണ്ടാകുമായിരുന്നു.1986 മുതൽ കലാഭവൻ്റെ ഗാനമേളയിൽ പാടാൻ തുടങ്ങി. ലേഖ ആർ.നായരാണ് കൂടെ പാടിയിരുന്നത്. അന്ന് പ്രശസ്ത ഗായകരായ വില്യംസ് തോമസ്, ആലപ്പുഴ രാമചന്ദ്രൻ എന്നിവരൊക്കെ പാടിയിരുന്ന കാലമാണ്. 1986 മുതൽ മിമിക്സ് പരേഡും ഗാനമേളയുടെ ഭാഗമായി. നടൻ ജയറാം, പ്രസാദ്, റഹ്മാൻ, നാരായണൻകുട്ടി, സൈനുദീൻ എന്നിവരായിരുന്നു ടീമിൽ.
ഗൾഫിൽ ഹിറ്റായ
ഗാനമേള- മിമിക്സ് പരേഡ്
ദുബായിലെ താനുഫ് കാർഗോ സ്പോൺസർ ചെയ്ത് കലാഭവൻ്റെ ഗാനമേള- മിമിക്സ് പരേഡ് പരിപാടി ഗൾഫിലുടനീളം നടത്തി. സാബുവും ഗായിക ആലിസും മാത്രമാണ് ആബേലച്ചൻ നയിച്ച ടീമിൽ പാട്ടുകാരായി ഉണ്ടായിരുന്നത്. ഹിന്ദി, തമിഴ് ഗാനങ്ങളും ഇവർ തന്നെ പാടി. പരിപാടി
ഹിറ്റായപ്പോൾ അടുത്ത വർഷവും ഗൾഫിൽ സന്ദർശനം നടത്തി. ഗൾഫ് പരിപാടിയോടെ കേരളത്തിലും കലാഭവൻ പ്രസിദ്ധിയാർജിച്ചു. കലാഭവൻ്റെ ഗാനമേള, ഭക്തിഗാനമേള കാസറ്റുകൾ ചൂടപ്പം പോലെ വിറ്റു. ആബേലച്ചനാണ് കൃസ്തീയ ഭക്തിഗാനങ്ങൾ മിക്കതും എഴുതിയത്. കലാഭവൻ കാലത്താണ് റെക്കോർഡിങ് രംഗത്തെത്തുന്നത്. ആബേലച്ചന്റെ പാട്ട് തന്നെയായിരുന്നു ആദ്യം പാടിയത്. ആന്റണി മാഷിന്റെ സംഗീതം.
കൊച്ചിൻ ഹരിശ്രീയിൽ
ഇതിനിടെ സാബു കൊച്ചിൻ ഹരിശ്രീയിൽ എത്തി. സാബുവിനൊപ്പം കൊച്ചിൻ അഷറഫ്, ബാബു, കെ.ബി.സുജാത എന്നിവരായിരുന്നു ഗായകർ. ഹരിശ്രീ അശോകൻ, എൻ.എഫ്.വർഗീസ്, സലിം കുമാർ എന്നിവരുടെ മിമിക്രിയും ഇതിനൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് നൂറിലേറെ നാടകങ്ങൾക്കു വേണ്ടിയും പാടി. കെ.പി.എ.സി, സംഘമിത്ര,
കാളിദാസ കലാകേന്ദ്രം, സ്റ്റേജ് ഇന്ത്യ എന്നിവയ്ക്കു വേണ്ടിയെല്ലാം പാടിയിട്ടുണ്ട്. മുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾ പാടി റെക്കോഡു ചെയ്ത് സി.ഡി.ഇറക്കി. പല ചാനലുകളിലും ദൂരദർശനിലും പാടി. സംഗീത സംവിധായകരായ എം.കെ.അർജുനൻ മാഷ്, ആൻറണി മാഷ് , ആലപ്പി രംഗനാഥ്, ജയൻ സാർ (ജയ വിജയ),വിദ്യാധരൻ മാഷ് എന്നിവരെല്ലാം ഗുരുതുല്യരാണെന്ന് സാബു പറഞ്ഞു. ഇവരുടെ സംഗീത സംവിധാനത്തിൽ ഒട്ടേറെ നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീത
സംവിധാനത്തിൽ അർജുനൻ മാഷുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗായിക മിൻമിനിയും ഒട്ടേറെ ആൽബങ്ങളിൽ ഒപ്പം പാടിയിട്ടുണ്ട്. ഗായിക സുശീലയുടെ കൂടെ വേദിയിൽ പാടാൻ കഴിഞ്ഞത് അനുഗ്രഹമാണ്. ഹരിശ്രീയിലെ ഗായികയായിരുന്ന വൈറ്റില സ്വദേശിനി മിനി 1993 ൽ സാബുവിൻ്റെ ജീവിത സഖിയായി.
ബി.ടെക്കുകാരിയായ മകൾ ശ്രുതിസാബു ഗായികയാണ്. പ്ലസ്ടു വിദ്യാർത്ഥിയായ മകൻ സൂരജ് സാബു കീബോഡ് പ്ലെയറാണ്. സഹോദരി മിനി (എറണാകുളം).