ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം…
ശശിധരന്‍ മങ്കത്തില്‍
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്തു കാണാം’…
സ്വന്തം വരികൾക്ക് അനുജൻ സംഗീതം നൽകി ഗാന ഗന്ധർവ്വൻ പാടിയ പാട്ട് പശ്ചാത്തലത്തിൽ. ദാമുവേട്ടൻ എന്ന് ഞാൻ വിളിക്കാറുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരി അനുജൻ കൈതപ്രം വിശ്വനാഥൻ്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് കൈമലർത്തി ഇതു കേൾക്കുന്നു. നെഞ്ചിൽ കനൽ കത്തുന്ന ദു:ഖത്തോടെയാണ് ആ ഇരിപ്പ്. ഹരികാംമ്പോജിയിലുള്ള പാട്ടുകേട്ട് വിശ്വനാഥൻ അവിടെ ഉറങ്ങുന്നതു പോലെ…
കോഴിക്കോട് തിരുവണ്ണൂർ സ്വാതി തിരുനാൾ കലാ കേന്ദ്രത്തിലെ സ്വര മണ്ഡപത്തിൽ വ്യാഴാഴ്ച രാവിലത്തെ കാഴ്ച മനസ്സിൽ തറച്ചു നിൽക്കുന്നു. പയ്യന്നൂരിനടുത്ത കൈതപ്രം ഗ്രാമത്തിൽ ജനിച്ചു വളർന്ന് സംഗീതം പഠിച്ച് സിനിമാ സംഗീതത്തിൽ സംസ്ഥാന അവാർഡുവരെ കരസ്ഥമാക്കിയ
വിശ്വൻ, കൈതപ്രം വിശ്വനാഥ് നമ്മെ വിട്ടു പിരിഞ്ഞു എന്ന് കരുതാനാവുന്നില്ല. താടിയും മുടിയുമായി എന്നും നിറഞ്ഞ ചിരിയോടെ ആരെയും എതിരേൽക്കുന്ന വിനീതനായ സംഗീത പ്രതിഭ.
അധികം സംസാരമില്ല, തള്ളിക്കയറി മുന്നിലെത്തില്ല. രാവിലെ കുളിച്ച് കുറിയിട്ട് സംഗീത ലോകത്താണ്.
രണ്ട് വർഷം കോവിഡ് കാലം കൊണ്ടുപോയപ്പോൾ ഓൺലൈനായി തൻ്റെ ശിഷ്യർക്ക് സംഗീതം പകർന്നു കൊടുത്തു. ഓൺലൈൻ ക്ലാസിൽ ചിലത് ഫേസ് ബുക്കിലും പോസ്റ്റ് ചെയ്യുമായിരുന്നു. ചേവായൂരിലെ ശ്രുതിലയ മ്യൂസിക് ആൻ്റ് ഡാൻസ് അക്കാഡമിയിലൂടെ ഒട്ടേറെ കുട്ടികളെ സംഗീതം അഭ്യസിപ്പിച്ചു. ഇതേ പേരിൽ പയ്യന്നൂരും പിലാത്തറയിലും സംഗീത വിദ്യാലയം നടത്തിയിരുന്നു. കാസർകോട്
പത്രപ്രവർത്തകനായിരിക്കെയാണ് ഞാൻ വിശ്വനെ പരിചയപ്പെടുന്നത്. നീലേശ്വരം രാജാസ് ഹൈസ്ക്കൂളിൽ അന്ന് സംഗീത അധ്യാപകൻ. യുവജനോത്സവ സമയത്തൊക്കെ എൻ്റെ ഗ്രാമമായ വെള്ളിക്കോത്തും വരും.
കൈതപ്രം കണ്ണാടി ഇല്ലത്ത് സംഗീതജ്ഞനായ കേശവൻ നമ്പൂതിരിയുടെയും (കണ്ണാടി ഭാഗവതർ) അദിതി അന്തർജനത്തിൻ്റെയും ഇളയ മകൻ. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ഗാന ഭൂഷണം കഴിഞ്ഞ് സംഗീതക്കച്ചേരികളുമായി കഴിയുന്ന കാലത്താണ് സംഗീത അധ്യാപകനാവുന്നത്. പത്രപ്രവർത്തന ജോലിയുമായി ഞാൻ കോഴിക്കോട് വന്നപ്പോൾ വിശ്വനും കോഴിക്കോട്ടുണ്ടായിരുന്നു. തിരുവണ്ണൂരിൽ ദാമുവേട്ടൻ്റെ
വീട്ടിനടുത്തായി മറ്റൊരു വീട്ടിൽ താമസം. കൈതപ്രം ദാമോദരൻ നമ്പൂതിരി പാട്ടെഴുത്തിൽ തിളങ്ങിയപ്പോൾ ആ തണലിൽ വിശ്വനാഥനും സിനിമാരംഗത്തേക്ക് വഴി തുറന്നു കിട്ടി. കൈതപ്രം എഴുതി സംഗീതം സംവിധാനം ചെയ്ത ‘ദേശാടന’ത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരാൻ സഹായിയായി. ദേശാടനം, കളിയാട്ടം എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതവും ഒരുക്കി.
2001 ജയരാജിൻ്റെ ‘കണ്ണകി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ഇതിലെ ഗാനത്തിന് സംസ്ഥാന അവാർഡും കിട്ടി. ഈ ചിത്രത്തിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ സരയു തീരത്തു കാണാം…, കരിനീല കണ്ണഴകി കണ്ണകി… എന്നു വരും നീ… തുടങ്ങിയ ഗാനങ്ങൾ
ആസ്വാദകർക്ക് പ്രിയങ്കരമായി. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്കാണ് വിശ്വനാഥ് ഏറെയും സംഗീതം നൽകിയിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവരുടെ വരികൾക്കും ഈണമിട്ടിട്ടുണ്ട്.
എകാന്തത്തിൽ കൈതപ്രം എഴുതി വിശ്വനാഥൻ സംഗീതം നൽകിയ കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം… എന്ന ഗാനം ആസ്വദിക്കാത്ത മലയാളികളില്ല. തിളക്കം, ഏകാന്തം, കൗസ്തുഭം, മധ്യവേനൽ, ഉള്ളം, ദൈവനാമത്തിൽ, നീലാമ്പരി, ഓർമ്മ മാത്രം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു. മധു കൈതപ്രം സംവിധാനം ചെയ്ത
മധ്യവേനൽ എന്ന ചിത്രത്തിൽ വിശ്വനാഥൻ സംഗീതം നൽകിയ സ്വന്തം സ്വന്തം ബാല്യത്തിലൂടെ… എന്ന ഗാനത്തിന് യേശുദാസിന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. തിളക്കത്തിലെ എനിക്കൊരു പെണ്ണുണ്ട്…, നീ ഒരു പുഴയായ് തഴുകുമ്പോൾ ഞാൻ… എന്നീ ഗാനങ്ങളും മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും. സംഗീതം ജീവിതമാക്കിയ ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയായിരുന്നു വിശ്വനാഥൻ. ഇനിയും ഇമ്പമാർന്ന ഈണത്തിന് സംഗീതപ്രേമികൾ കാത്തു നിൽക്കെ പെട്ടെന്നാണ് ആ പ്രതിഭയുടെ വിടവാങ്ങൽ
Tributes to kaithapramr Viswanathan the great music 🎶 director