ഗുരുവായൂരിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര 

ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര. ഗുരുവായൂർ ഉത്സവത്തിൻ്റെ നാലാം ദിനത്തിലാണ് ഗാന സമർപ്പണം നടത്തിയത്.

ഭക്തസഹസ്രങ്ങൾ പാട്ടുകേൾക്കാനെത്തി. ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാനസന്ധ്യയിൽ കെ.എസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണഭക്തിഗാനങ്ങളാണ്.  സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ കെ.എസ് ചിത്രയെ ദേവസ്വം ആദരിച്ചു.

ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ പൊന്നാടയണിയിച്ചു. ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ തുടങ്ങിയവർ സന്നിഹിതരായി.