പ്രണയ ഭാവങ്ങൾക്ക് ചാരുത പകർന്ന ഭാവഗായകൻ
പി.ജയചന്ദ്രൻ്റെ പല ആൽബങ്ങളും റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിട്ടുള്ള കെ.കെ.മേനോൻ നാല് പതിറ്റാണ്ട് കാലത്തെ സൗഹൃദത്തെക്കുറിച്ച് ഓർക്കുകയാണിവിടെ
ജയേട്ടൻ നമ്മെയെല്ലാം വിട്ടുപിരിഞ്ഞു പോയിരിക്കുന്നു. ആറ് ദശാബ്ദങ്ങളായി അലയടിച്ചു കൊണ്ടിരുന്ന ആ മധുര ശബ്ദം നിലച്ചു. എങ്കിലും ലോകമുള്ളിടത്തോളം കാലം ഭാവഗായകന്റെ ഗാനങ്ങൾ ഏവരെയും തൊട്ടു തലോടിക്കൊണ്ടേയിരിക്കും. ആശബ്ദത്തിന് മരണമില്ല. ആ ഗാനങ്ങൾ അനശ്വരങ്ങളാണ്.
ഞാനും ജയേട്ടനുമായുള്ള ബന്ധം1983 ൽ ചെന്നൈയിൽ HMV സരിഗമയിൽ ജോലി ചെയ്യുമ്പോൾ തുടങ്ങിയതാണ്. “ശ്രീപാദം”എന്ന ഭക്തിഗാനസമാഹാരത്തിന്റെ റെക്കോർഡിങ്ങിന് മുമ്പ് ജയേട്ടനെ പരിചയപ്പെടാനായി നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കൂടെയാണ് വീട്ടിൽ പോയത്. അന്നു തുടങ്ങിയ ഊഷ്മളമായ ബന്ധം ഒരു വലിയ സംഗീത കൂട്ടായ്മയുടെ തുടക്കമായിരുന്നു.
സഹോദരതുല്യനായി കണ്ടിരുന്ന എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് ജയേട്ടൻ സ്നേഹിച്ചിരുന്നത്. കാപട്യം ഇല്ലാത്ത പെരുമാറ്റം, എന്തും തുറന്നു പറയാനുള്ള ധൈര്യവും, ആത്മവിശ്വാസവും.. ജയേട്ടനെ വേറെയൊരു വ്യക്തിത്വമായി കാണുവാൻഎന്നെ പ്രേരിപ്പിച്ചതും ഈ സ്വഭാവ ഗുണങ്ങൾ തന്നെയാണ്. ശ്രീപാദത്തിന്റെ സംഗീതം ഒടുവിൽ ഉണ്ണികൃഷ്ണനും രചന ഭരണിക്കാവ് ശിവകുമാറും ആണ്.
ശ്രീപാദത്തിനു ശേഷം HMV സരിഗമക്കു വേണ്ടി “പൂങ്കാവനം”, “പമ്പാതീർത്ഥം” “ഗാനപൂർണിമ” മാഗ്നസൗണ്ടിനു വേണ്ടി
“മണ്ണാറശാല നാഗ സ്തുതികൾ” “നാരായണ ജയ”, ABCL ന് വേണ്ടി “ഓണം പൊന്നോണം” എന്നീ ആൽബങ്ങളും റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ജയേട്ടൻ എൻ്റെ നാടായ ചെറുപ്പളശ്ശേരിയിൽ ആദ്യമായി വരുന്നത് 1987 ഫെബ്രുവരി 11നാണ്. പോലീസ് കൂത്തിന് ഗാനമേളയ്ക്കായി. അന്നത്തെ ചെർപ്പുളശ്ശേരി എസ്.ഐ സഫറലിഖാന്റെ ആഗ്രഹപ്രകാരമാണിത്.
ഞാനുമായുള്ള ആത്മബന്ധം സ്നേഹപൂർവ്വം പരിഗണിച്ച് ആ പരിപാടിക്കായി ചെർപ്പുളശ്ശേരിയുടെ മണ്ണിൽ കാലുകുത്തിയ ജയേട്ടൻ രണ്ടുദിവസം എന്റെ വീട്ടിൽ താമസിച്ചാണ് മടങ്ങിയത്. ജയേട്ടന്റെ പാലിയം കുടുംബവുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. 1989 ൽ എന്റെ വിവാഹത്തിന് എല്ലാ തിരക്കും മാറ്റിവെച്ച് ജയേട്ടൻ ഗുരുവായൂരിൽ എത്തിയത് ഞാനിന്നും സ്നേഹപൂർവ്വം സ്മരിക്കുന്നു.
ചെന്നൈയിൽ ടി നഗറിലുള്ള എന്റെ വീടിന്റെ വളരെ അടുത്തായിരുന്നു ജയേട്ടൻ താമസിച്ചിരുന്നത്. പലപ്പോഴും വിളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ജയേട്ടൻ ഞങ്ങളുടെ വീട്ടിൽ വന്ന് സമയം ചെലവഴിക്കാറുള്ളത് ഇന്നും ഒരു സ്വപ്നം പോലെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയുന്നുള്ളു.
സംഗീതത്തിലുള്ള ജയേട്ടന്റെ ജ്ഞാനം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി എല്ലാ സംഗീത ശാഖകളും ജയേട്ടന് ഹൃദിസ്ഥമായിരുന്നു. ഏറ്റവും കൂടുതലായി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നത് ദേവരാജൻ മാസ്റ്റർ, എം.എസ്. വിശ്വനാഥൻ, മുഹമ്മദ് റഫി, പി. സുശീല എന്നിവരെയായിരുന്നു.
റഫീസാഹിബിന്റെയും സുശീലാമ്മയുടെയും പാട്ടുകൾ എപ്പോഴും ഓർത്തുപാടുന്നത് ചേട്ടന്റെ ശീലമായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലെ മിക്ക ഗാനങ്ങളും ജയേട്ടൻ പാടുന്നത് കേൾക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. സംഗീതത്തിൽ ഇത്രയും ജ്ഞാനിയായ വേറെ ഒരു പിന്നണി ഗായകൻ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ജയേട്ടന്റെ അഭാവം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം എന്ന് പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തിയില്ല. (എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി. എഴുത്തുകാരന്‍, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. )
ജയേട്ടനെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു… മലയാളത്തിന്റെ സ്വന്തം ഭാവഗായകന്റെ ഗാനങ്ങൾക്ക് മരണമില്ല… അതുപോലെ ജയേട്ടനും സംഗീതആസ്വാദകരുടെ മനസ്സിൽ എന്നും അനശ്വരമായി ജീവിക്കും 🌹🙏🏻 ജയേട്ടന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു 🙏🏻🙏🏻🙏🏻
അദ്ദേഹവുമായി ഇടപഴകാൻ സാധിച്ചത് ഭാഗ്യം തന്നെ…
താങ്കളുടെ സംഗീതത്തോടുള്ള ആരാധന പല പ്രകല്പരേയും അടുത്ത് പഴകാനുള്ള അവരസരങ്ങൾ ഒരുക്കി… ജയേട്ടനെ പോലെ ഒരു മഹാ മനുഷ്യനെ ഇത്ര അടുത്ത് ഇടപഴക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്…. അതിൽ നിന്നും ഞങ്ങൾക്ക് അദ്ദേഹത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ പറ്റിയതിൽ അതിയായ സന്തോഷം 🙏🙏🙏