ഗാനഗന്ധർവ്വന് ഗ്വിറ്റാർ സംഗീതം പകർന്ന ജർസൻ ആൻറണി
ശശിധരന്‍ മങ്കത്തില്‍
ഗ്വിറ്റാറിസ്റ്റായി ഒമ്പതു തവണ ദാസേട്ടൻ്റെ കൂടെ അമേരിക്കയിൽ ഗാനമേളയ്ക്ക് പോയിട്ടുണ്ട്. മാത്രമല്ല ലണ്ടൻ, കാനഡ, ഇറ്റലി, സ്വിറ്റ്സർലൻ്റ്, ഫ്രാൻസ്, ജർമ്മനി, പോളണ്ട്, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളിലും പോയി. അത് മറക്കാനാവാത്ത അനുഭവമാണ് – പ്രശസ്ത ഗ്വിറ്റാർ സംഗീതജ്ഞൻ ജർസൻ ആൻ്റണി പറയുന്നു.
അഞ്ച് പതിറ്റാണ്ടായി ഗ്വിറ്റാറിൽ സംഗീതം പൊഴിക്കുന്ന ജർസൻ ആൻ്റണി എറണാകുളം പള്ളുരുത്തിയിലെ വീട്ടിലിരുന്ന് പാട്ടുകൾ വായിക്കും.
തിരക്കിനിടയിലും ആസ്വാദകർക്കായി ജർസൻ ഒരുക്കുന്ന സംഗീതം യുട്യൂബിലൂടെ കേൾക്കാൻ ഒട്ടേറെ സംഗീത പ്രേമികളുണ്ട്.
ആയിരക്കണക്കിന് വേദികളിൽ ഗ്വിറ്റാർ സംഗീതം കേൾപ്പിച്ച ജർസൻ ആൻ്റണിക്ക് ഒരു കാലത്ത് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയായിരുന്നു. ഗാനമേളകളും റിക്കാർഡിംഗുമായി തിരക്കിട്ട ജീവിതം. കോവിഡ് കാലം വന്നപ്പോൾ രണ്ടു വർഷമായി
ഓൺലൈൻ ക്ലാസുകളുടെ തിരക്കിലുമാണ്. തമിഴിലൂടെ പ്രശസ്തയായ പിന്നണി ഗായിക ജെൻസി ആൻറണി ജെർസൻ്റെ സഹോദരിയാണ്.
സ്വന്തം പ്രയത്നം കൊണ്ട് സംഗീതം
ഗ്വിറ്റാർ മാത്രമല്ല ഹാർമോണിയം, തബല, ട്രിപ്പിൾ ഡ്രം, കൊങ്കോ ഡ്രം എന്നിവയെല്ലാം വായിക്കുന്ന ജർസൻ ആൻ്റണി ഇതെല്ലാം സ്വന്തം പഠിച്ചതാണ്. ‘എനിക്ക് ഉപകരണ സംഗീതത്തിലൊന്നും ഗുരുക്കന്മാരില്ല. എല്ലാം ചെറുപ്പത്തിൽ കണ്ടും കേട്ടും മുട്ടിയും പഠിച്ചതാണ്’ – ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഒരിക്കൽ അമേരിക്കയിൽ ഉണ്ണി മേനോൻ്റെ സംഘത്തിൽ ഗാനമേളയ്ക്ക് പോയപ്പോൾ വായിച്ചത് കൊങ്കോ ഡ്രം ആണ്. അനുജത്തി ജെൻസി പാട്ടുകാരിയാണ്. കുഞ്ഞുന്നാളിലേ അവരോടൊപ്പം ഗാനമേള
വേദികളിലെല്ലാം പോകുമായിരുന്നു. ഈ കാലത്ത് സംഗീത ഉപകരണങ്ങൾ കണ്ടും പാട്ടു കേട്ടുമാണ് ഞാൻ വളർന്നത്. ഗാനമേള നടക്കുമ്പോൾ ഞാൻ സ്റ്റേജിൻ്റെ അരികിലിരുന്ന് എല്ലാവരും വായിക്കുന്നത് ശ്രദ്ധിച്ചിരിക്കും. ഗ്വിറ്റാറും തബലയുമെല്ലാം വാങ്ങി പിന്നീട് സ്വന്തമായി പഠിച്ചു. ചെറുപ്പത്തിൽ തന്നെ ഗ്വിറ്റാറിൽ പ്രാവീണ്യം നേടി.’ – ജർസൻ പറഞ്ഞു.
കലാഭവൻ്റെ ബാല ഗാനമേളയിൽ
‘സ്ക്കൂൾ പഠനകാലത്ത് അനുജത്തി ജെൻസി നന്നായി പാടുമായിരുന്നു. കൊച്ചിൻ കലാഭവൻ്റെ സ്ഥാപകനായ ആബേലച്ചന്‍ ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. രണ്ടു പേരെയും കലാഭവൻ്റെ ബാല ഗാനമേളട്രൂപ്പിൽ ചേർക്കണമെന്ന് പറയാനായിരുന്നു അദ്ദേഹം വന്നത്. അങ്ങനെ ഞങ്ങൾ അതിൽ അംഗങ്ങളായി. ഞാൻ ആ ട്രൂപ്പിൽ തബലയാണ് വായിച്ചത്.
പിന്നണി ഗായിക സുജാത, ജെൻസി, പത്മജ തൃപ്പുണിത്തുറ, ലില്ലി മേനോൻ എന്നിവരായിരുന്നു പാട്ടുകാർ. ഞങ്ങളുടെ ട്രൂപ്പ് കേരളത്തിൽ പലയിടത്തും ഗാനമേള നടത്തിയിട്ടുണ്ട്’- ജർസൻ ആൻ്റണി പറഞ്ഞു
കെ.പി.എ.സി. സുലോചനയുടെ കൂടെ
1970-72 കാലത്ത് ജർസൻ കെ.പി.എ.സി. സുലോചനയുടെ നാടക ഗാന സംഘത്തിലും പ്രവർത്തിച്ചു. ഗ്വിറ്ററാണ് വായിച്ചത്. അന്ന് തബലയും ഹാർമോണിയവും ഗ്വിറ്റാറും മാത്രമെ പാട്ടിന് ഉണ്ടായിരുന്നുള്ളു. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ക്ഷേത്ര ഉത്സവങ്ങള്‍ക്കും മറ്റുമായിരുന്നു ഈ സംഗീതസദസ്സ്.
പിന്നീട് കുറേ കാലം കൊച്ചിൻ കലാഭവനിൽ ഓർക്കസ്ട്രയുടെ കൂടെ വായിച്ചു. കൊച്ചിൻ കോറസിലും പ്രവർത്തിച്ചു. അന്ന് വില്യംസ്, ജോണി, പീററർ എന്നിവരൊക്കെയായിരുന്നു പാട്ടുകാർ.
യേശുദാസിൻ്റെ ഗാനമേള ട്രൂപ്പിൽ
ഇതിനിടയിലാണ് യേശുദാസിൻ്റെ ഗാനമേള ട്രൂപ്പിൽ അവസരം കിട്ടിയത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജുകൾ. ഡൽഹി, ഭോപ്പാൽ, ജംഷഡ്പൂർ, ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് ഇങ്ങനെ പല നഗരങ്ങളിലും പരിപാടി ഉണ്ടായി. ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി പല ഭാഷകളിലെയും പാട്ടുകൾ അക്കാലത്ത് പഠിച്ചു. വിദേശത്ത് ഒട്ടേറെ രാജ്യങ്ങളിൽ പോയി. യേശുദാസിൻ്റെ ഹിറ്റുകളായ
ജപ് ദീപ് ജലേയാന…, ഗോരിത്തര ഗാവ് ബടാ…, ദിൽക്കെ തുക്കടെ…, ചാന്ത് ജൈസേ…, കാക്കരും സജിനി…., തുടങ്ങിയ ഗാനങ്ങളാണ് അന്ന് ആസ്വാദകർ ആവശ്യപ്പെട്ടിരുന്നത്. സന്യാസിനി…, ശ്യാമ സുന്ദര പുഷ്പമേ…, സാഗരമെ ശാന്തമാക നീ…, റസൂലെനിൻ വരവാലേ..,. പരിപ്പുവട പക്കുവട… തുടങ്ങിയ പാട്ടുകളാണ് ഗാനമേളയ്ക്കിടയിൽ കാണികൾ പാടാൻ ആവശ്യപ്പെട്ടിരുന്നത്. മിക്ക ഗാനമേളകളിലും ആദ്യകാലത്ത് സുജാതയും പിന്നീട് ചിത്രയും
ഉണ്ടാകുമായിരുന്നു. തരംഗിണിയുടെ ഒട്ടേറെ കാസറ്റുകൾക്കും സി.ഡി. ആൽബങ്ങൾക്കു വേണ്ടിയും ഗ്വിറ്റാർ വായിച്ചിട്ടുണ്ട്. ദേവരാജൻ മാഷ് , രാഘവൻ മാഷ്, ശ്യാം, രവീന്ദ്ര ജെയിന്‍, എ.ടി.ഉമ്മർ, രവീന്ദ്രൻ, അർജുനൻ മാഷ്, ജോൺസൺ, ഔസേപ്പച്ചൻ എന്നിവർ സംഗീതം ചെയ്ത പല പാട്ടുകൾക്കും ഗ്വിറ്റാർ വായിച്ചിട്ടുണ്ട്. ഇതിൽ പലർക്കും വേണ്ടി ഓർക്കസ്ട്രേഷൻ ചെയ്തിട്ടുമുണ്ട്.
സിനിമയും സീരിയലുകളും
പുത്രൻ, ഒന്നാം രാഗം, ഭാര്യവീട്ടിൽ പരമസുഖം, സ്വപ്നങ്ങളിൽ ഹെയ്സൽ മേരി എന്നിങ്ങനെ നാല് സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മനസ്സ്, മർക്കാറ, റോസസിൻ ഡിസംമ്പർ
എന്നീ സീരിയലുകളിലെ ഗാനങ്ങൾക്കും സംഗീതം നൽകി. പുള്ളുരുത്തി എസ്.ബി.പി.വൈ. ഹൈസ്ക്കൂളിലും ചുള്ളിക്കൽ കൊച്ചിൻ കോളേജിലുമാണ് പഠിച്ചത്.
പ്രീഡിഗ്രി കഴിഞ്ഞതോടെ സംഗീത രംഗത്ത് തിരക്കായി. പരേതരായ പിടിയഞ്ചേരിയിൽ ആൻ്റണിയുടെയും സിസിലി ആൻ്റണിയുടെയും
മകനാണ്. ഭാര്യ ഷാലറ്റ് ജർസൻ. മൂത്ത മകൻ സാം ജർസൻ പിയാനോ ആർട്ടിസ്റ്റാണ്. രണ്ടാമത്തെ മകൻ സുബിൻ ജർസൻ സാക്സഫോണും ഫ്ലൂട്ടും വായിക്കും. ഡിമ്പിൾ സാം, മീനു സുബിൻ എന്നിവർ മരുമക്കൾ. ഗ്വിറ്റാറിസ്റ്റായ ജോളി ആൻ്റണി സഹോദരനാണ്.
A commendable achievement….I think he deserves much more than what he has got…Wish him more fame,success and accolades in the years ahead. God bless….