സംഗീതം, നൃത്തം പിന്നെ കൃഷിശാസ്ത്രവും – ജയശ്രീ രാജീവിന്റെ സംഗീത വഴികളിലൂടെ…
JORDAYS DESK
വീട്ടിൽ അതിരാവിലെ സംഗീത സാധകം. അതു കഴിഞ്ഞ് ഓഫീസിലേക്കൊരു ട്രെയിൻ യാത്ര പിന്നെ കർഷകരെ സഹായിക്കലും അവരുടെ സംശയങ്ങൾക്ക് മറുപടി പറയലും. കർണ്ണാടക സംഗീതജ്ഞയായ കണ്ണൂരിലെ ജയശ്രീ രാജീവിന്റെ ദിനങ്ങൾ ഇങ്ങിനെയാണ്.
ചെറുപ്പം മുതലേ സംഗീതവും വയലിനും നൃത്തവും പഠിച്ചു. ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കലാതിലകമായി. പ്രീഡിഗ്രി കഴിഞ്ഞ് മെഡിക്കൽ പ്രവേശനയെഴുതി കിട്ടിയത് ബി.എസ്സ്.സി അഗ്രിക്കൾച്ചർ. അതു കഴിഞ്ഞ് എം.എസ്സ്.സി.അഗ്രിക്കൾച്ചറും പഠിച്ചു. പക്ഷെ മനസ്സ് നിറയെ സംഗീതവും നൃത്തവുമായിരുന്നു.
അങ്ങിനെ കണ്ണൂർ സർവ്വകലാശാലയുടെ എം.എ. മ്യൂസിക് കോഴ്സിന് ചേർന്നു. അത് ഒന്നാം റാങ്കോടെ പാസ്സായി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സംഗീത കച്ചേരികൾ നടത്തി. ഓർക്കസ്ട്ര ചെയ്ത് പാടി പത്തിലേറെ സിഡികൾ പുറത്തിറക്കി. ജയശ്രീയുടെ കർണ്ണാടിക് ക്ലാസിക്കൽ ഫ്യൂഷനുകൾ സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ഇതിനിടയിൽ നൃത്തത്തോടുള്ള അഭിനിവേശം കൊണ്ട് പല വേദികളിലായി ചിലങ്കയണിഞ്ഞു.
എല്ലാറ്റിനും സഹായിയായി ജീവിതത്തിലേക്ക് ഒരാൾ കടന്നു വന്നു. ഗായകൻ ഇടപ്പള്ളി രാജീവ് കുമാർ. പത്രപ്രവർത്തകനായ ഭർത്താവ് രാജീവ് കുമാറുമൊത്ത് സംഗീത വേദികൾ പങ്കിടാറുണ്ട്. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റായ ജയശ്രീരാജീവ് സംഗീതവും ജോലിയും ഒന്നിച്ചു കൊണ്ടു പോകുന്നു.
കണ്ണൂരിലെ വീട്ടിൽ ഭർത്താവ് രാജീവിനൊപ്പം ശ്രീശങ്കരം സ്ക്കൂൾ ഓഫ് മ്യൂസിക്ക് ആന്റ് ഡാൻസ് എന്നൊരു സ്ഥാപനത്തിനും നേതൃത്വം നൽകുന്നു. ഇപ്പോൾ കണ്ണാടക സംഗീതത്തിൽ ആകാശവാണി ബി – ഹൈ ആർട്ടിസ്റ്റുമാണ്. അച്ഛൻ പൂജപ്പുരയിൽ ജയിൽ ഡി.ഐ.ജിയായിരുന്ന എം.പി. കരുണാകരൻ. അമ്മ ഗൈനോക്കോളജിസ്റ്റും കണ്ണൂരിലെ റിട്ട. ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. എൻ.പി.ഗീത. മാതാപിതാക്കളുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്ര
മാണ് മകൾ സംഗീത വേദികളിലെ താരമായി മാറിയത്. വീട്ടിനടുത്ത് താമസിച്ചിരുന്ന പത്തൂർ ശീനിവാസന്റെ ശിഷ്യയായിട്ടാണ് കർണ്ണാടക സംഗീത പഠനത്തിന്റെ തുടക്കം. മുണ്ടയാട് മഠത്തിൽ വീട്ടിൽ നിന്ന് ഇടയ്ക്കിടെ കോഴിക്കോട്ടു വന്ന് താമസിച്ചാണ് ജയശ്രീ സ്ക്കൂൾ കാലത്ത് വയലിനും ശാസ്ത്രീയ സംഗീതവും പഠിച്ചത്. ആകാശവാണിയിലെ വയലിനിസ്റ്റ് ടി.എസ്. ബാബുവിന്റെ കീഴിലായിരുന്നു വയലിൻ പഠനം.
അകാശവാണിയിലെ തന്നെ സംഗീതജ്ഞൻ നെടുമങ്ങാട് ശശിധരൻ നായരുടെ കീഴിൽ കർണ്ണാടക സംഗീതവും പഠിച്ചു. ചെന്നൈയിൽ പോയി സംഗീത കലാചാര്യ സുഗുണാ വരദാചാര്യയുടെ ശിഷ്യയായി. കലാമണ്ഡലം സരസ്വതി ടീച്ചർ, നാട്യകലാരത്‌നം ശ്രീനിവാസ് എന്നിവരിൽ നിന്ന് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.
എട്ടാം വയസിലാണ് ആദ്യമായി ചിലങ്ക കെട്ടിയത്. കണ്ണൂർ സെൻ തെരാസസ്സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്ക്കൂൾ, കൂത്തുുപറമ്പ് റാണി ജെയ് ഹൈസ്ക്കൂൾ, നിർമ്മലഗിരി കോളേേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്ക്കൂൾ പഠനകാലത്ത് 1991 ൽ ശാസ്ത്രീയ സംഗീതം, ഭരതനാട്യം വയലിൻ എന്നിവയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാതിലകമായി.
അന്ന് നടി മഞ്ജുുവാര്യരുമായി മത്സരിച്ചാണ് ഈ പട്ടം നേടിയത്. നീലേശ്വരം പടന്നക്കാട് കാർഷിക കോളേജിലെ ബി.എസ്സ്.സി അഗ്രിക്കൾച്ചർ ആദ്യ ബാച്ച് വിദ്യാർത്ഥിനിയാണ് ജയശ്രീ.വെള്ളാനിക്കര കാർഷിക കോളേജിലാണ് എം.എസ്സ്.സി പഠിച്ചത്. അതു കഴിഞ്ഞ് മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ അധ്യാപികയായി. പിന്നീടാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെത്തുന്നത്.
രാമായണത്തിലെ കഥാപാത്രമായ സുലോചനയെ അടുത്ത കാലത്ത് കണ്ണൂരിലെ വേദിയിലവതരിപ്പിച്ച് ജയശ്രീ അസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാമായണത്തിൽ അത്രയൊന്നും പ്രതിപാദിക്കാത്ത സുലോചനയെ ഭരതനാട്യത്തിലൂടെ രംഗത്ത് അവതരിപ്പിക്കാനായി ഒരു വർഷത്തെെ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. സംഗീത കച്ചേരികളും ക്ലാസിക്കൽ ഫ്യൂഷനുമായി ജ യശ്രി രണ്ടു തവണ അമേരിക്കയിൽ പര്യടനം നടത്തിയിരുന്നു.
ആഫ്രിക്കയിലെ കെനിയയിലും ബഹറിനിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മംഗളൂരു , ചെന്നൈ, തിരുപ്പതി തുടങ്ങി പലയിടങ്ങളിലും ഒട്ടേറെ തവണ സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതജ്ഞൻ ദക്ഷിണാ മൂർത്തി സ്വാമിയുടെ അനുഗ്രഹം എനിക്ക് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ “അമ്മേ മൂകാംബികേ ” എന്ന സിഡിയിൽ ഞാൻ പത്ത് പാട്ടുകൾ പാടിയിട്ടുണ്ട്.
കണ്ണൂരിൽ വന്ന് താമസിച്ചാണ് സ്വാമി ഈ പാട്ടുകൾ എനിക്ക് പാടി തന്നത്. സിഡി പ്രകാശനത്തിനായി അദ്ദേഹവുംം ഭാര്യയും ഞങ്ങളോടൊപ്പം മൂകാംബികയിൽ വന്നിരുന്നു – ജയശ്രി പറഞ്ഞു. ജയശ്രീ പാടിയ ത്യാഗരാജ പഞ്ചരത്ന കൃതികളുടെ ” ഭോ ശംഭോ , ലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന, നാരായണീയം എന്നീ സിഡികൾ വിപണിയിലുണ്ട്. ഇവ യുട്യൂബിലും ലഭ്യമാണ്
വാതാപി, നകുമോ, മഹാഗണപതിം, അലൈപായുതേ, ഗജാനനയുതം, കരുണ ചെയ് വാൻ, ഗംഗണപതേ തുടങ്ങിയ ജയശ്രീയുടെ ക്ലാസിക്കൽ ഫ്യൂഷനുകൾ മികച്ചതാണ്. നാലര പതിറ്റാണ്ടിലെ നൃത്ത-സംഗീത ജീവിതത്തിനിടയിൽ ജയശ്രീക്ക് വലിയൊരു ശിഷ്യ സമ്പത്തുമുണ്ട്. ഭർത്താവ് ഇടപ്പള്ളി രാജീവ് കുമാർ ഇന്ത്യൻ എക്സ്പ്രസ്സിൽ പത്രപ്രവർത്തകനാണ്.
മാവേലിക്കര പ്രഭാകര വർമ്മ, കുമാര കേരളവർമ്മ, മാലിനീ ഹരിഹരൻ എന്നിവരുടെയെല്ലാം ശിഷ്യനായ രാജീവ് സംഗീത കച്ചേരികൾ നടത്താറുണ്ട്. വിദ്യാർത്ഥികളായ ഹരിശങ്കർ, ഗൗരീശങ്കർ എന്നിവർ മക്കളാണ്.
ജയശ്രീയും രാജീവും കണ്ണൂരിലെ ” ദർബാർ ” എന്ന സംഗീത കൂട്ടായ്മയ്ക്കും നേതൃത്വം നൽകുന്നു. സംഗീതം, വാദ്യം, നൃത്തം എന്നീ വിഭാഗങ്ങളിലെ പ്രതിമാസ കലാപരിപാടികളാണ് ദർബാറിൽ നടത്തുന്നത്. ലോക്ക് ഡൗൺ വന്നതു മുതൽ ഫെയിസ് ബുക്ക് വഴിയാണ് കലാപരിപാടികൾ.