ഹരിവരാസനം പുരസ്ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് പുരസ്കാരം സമ്മാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് പുരസ്ക്കാരത്തിന് കൈതപ്രത്തെ തിരഞ്ഞെടുത്തത്.
റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പ്രകാശ്.സി.വി., സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്ക്കാര നിർണയ സമിതി.
പൈതൃകത്തിലേയും അഴകിയ രാവണനിലേയും ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ കൈതപ്രത്തിന് നാടകഗാന രചനയ്ക്കും രണ്ടു തവണ സംസ്ഥാന സർക്കാർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1997ൽ കാരുണ്യം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ അദ്ദേഹത്തിന് 2021 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.