ഹരിവരാസനം പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്
ഈ വർഷത്തെ ഹരിവരാസനം പുരസ്ക്കാരത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്ക്കാരം.
ശ്രീകുമാരൻ തമ്പി, സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരകഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങൾ എന്നീ ആൽബങ്ങളുടെയും ഗാനരചയിതാവാണ്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു… ഉഷസന്ധ്യകൾ തേടിവരുന്നു… അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ… എന്നിവ അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമായവയാണ്.
മകരവിളക്ക് ദിവസമായ ജനുവരി 14 ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും. സംഗീതജ്ഞ പാൽക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഈ പുരസ്കാരം തമ്പി സാറിന് എത്രയോ നേരത്തെ കിട്ടേണ്ടതായിരുന്നു! വളരെ വൈകി വന്ന ഈ പുരസ്കാരത്തെ
സംഗീതപ്രേമികൾ ആത്മർത്ഥമായി ആദരിക്കുന്നു, നമിക്കുന്നു 🙏🙏🙏😊👏👏
👍