ആനന്ദാനുഭൂതിയായി പഞ്ചരത്ന കീർത്തനാലാപനം

ഒരേ സ്വരങ്ങളിൽ ചിട്ടയാർന്ന ഘനരാഗങ്ങൾ പെയ്തിറങ്ങി. ആദി താളലയമാർന്ന ആ സംഗീത നിറവിനെ ഏറ്റുവാങ്ങി ചെമ്പൈ സംഗീതോത്സവ വേദി. സാർവ്വജനീനമായ സംഗീതസമർപ്പണം ഗുരുവായൂരപ്പനുള്ള ദശമിദിന അർച്ചനയായി. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പതിനാലാം ദിനമായ തിങ്കളാഴ്ച പഞ്ചരത്ന കീർത്തനാലാപനം ഭക്തജനങ്ങളുടെ മനം നിറച്ചു.

കർണാടക സംഗീതത്തിലെ മഹാപ്രതിഭയായ ത്യാഗരാജ സ്വാമികളുടെ അഞ്ച് കൃതികളാണ് ഘനരാഗ പഞ്ചരത്ന കീർത്തനങ്ങൾ. ശ്രീ ഗണപതി… എന്നു തുടങ്ങുന്ന ആദി താളത്തിലുള്ള ഗണപതി സ്തുതിയോടെയാണ്  പഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്. തുടർന്ന് ജഗദാനന്ത കാരക… എന്നു തുടങ്ങുന്ന സംസ്കൃതകൃതി നാട്ട രാഗത്തിൽ പാടി തുടങ്ങിയതോടെ ഘനരാഗ ചിറകിലേറിയ നിലയിലായി ഭക്തരും. നാവിലും മനസ്സിലും ആദിതാളമായി. സദസിലെ കൈകൾ താളമേറ്റുവാങ്ങി.

ഗൗള രാഗത്തിലുള്ള തെലുങ്കു കൃതിയായ ദുഡുകു ഗല… എന്ന കീർത്തനമാണ് രണ്ടാമത് പാടിയത്. തുടർന്ന് ആരഭി രാഗത്തിലുള്ള സാധിം ചനേ… എന്ന കീർത്തനം. നാലാമതായി വരാളി രാഗത്തിലുള്ള തെലുങ്ക് കൃതിയായ കനകന രുചിര… എന്ന കീർത്തനവും ആലപിച്ചു. അവസാനമായി ഏറെ പ്രശസ്തമായ എന്തരോ മഹനുഭാവുലു എന്ന കീർത്തനമായിരുന്നു. ശ്രീരാഗത്തിൽ ആദിതാളത്തോടെ

കീർത്തനാലാപനം തുടങ്ങിയപ്പോൾ മുതൽ ഭക്തരും ആനന്ദ നിർവൃതിയിലായി. സർവം സംഗീതമയം. സകലരും സംഗീതാർച്ചനയിൽ മനം നിറഞ്ഞ് പങ്കു കൊണ്ടു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പഞ്ചരത്ന കീർത്തനാലാപനം പത്തു മണിയോടെ അവസാനിച്ചപ്പോൾ സംഗീതാർച്ചനയ്ക്ക് സാക്ഷിയായ ആസ്വാദകലോകം ധന്യതയിലായി.

വായ്പാട്ടിൽ വി.ആർ.ദിലീപ് കുമാർ, തെങ്കര മഹാരാജ്, കൊല്ലം ജി.എസ്.ബാലമുരളി, പാർവതിപുരം പത്മനാഭ അയ്യർ, മൂഴിക്കുളം ഹരികൃഷ്ണൻ, മൂഴിക്കുളം വിവേക്, ഡോ.ഗുരുവായൂർ മണികണ്ഠൻ, നെടുങ്കുന്നം ശ്രീദേവ്, വിഷ്ണു ദേവ് നമ്പൂതിരി, ആർ.വി.വിശ്വനാഥൻ, എസ്.നവീൻ, കാഞ്ഞങ്ങാട് ശ്രീനിവാസൻ, എം എസ് പരമേശ്വരൻ, കോട്ടക്കൽ ചന്ദ്രശേഖരൻ, മാതംഗി സത്യമൂർത്തി, ഭാഗ്യലക്ഷ്മി, എൻ. ജെ.നന്ദിനി, ഐശ്വര്യ ശങ്കർ എന്നിവര്‍ അണിനിരന്നു.
വയലിനിൽ തിരുവിഴ ശിവാനന്ദൻ, ഡോ.വി. സിന്ധു, ആർ.സ്വാമിനാഥൻ, മാഞ്ഞൂർ രഞ്ജിത്ത്, തിരുവിഴ വിജു എസ്. ആനന്ദ്, ഗോകുൽ ആലംകോട്, വിഷ്ണു ആർ.വർമ്മ, തിരുവിഴ ഉല്ലാസ്, ഇടപ്പള്ളി അനിൽ, വിഷ്ണു ചന്ദ്രമോഹൻ, ഇ.പി. രമേഷ് എന്നിവർ പക്കമേളമൊരുക്കി. മൃദംഗത്തിൽ പ്രൊഫ. വൈക്കം വേണുഗോപാൽ, എൻ.ഹരി, കുഴൽമന്ദം രാമകൃഷ്ണൻ, ആലുവ ഗോപാല കൃഷ്ണൻ, ചാലക്കുടി രാഹുൽ വർമ്മ, പി.എൽ.ഹരികൃഷ്ണൻ, ശ്രീകാന്ത് പുളിക്കൽ, തലവൂർ ബാബു, പി.ബി. കൃഷ്ണൻ, കലാമണ്ഡലം കൃഷ്ണകുമാർ, കരിക്കൽ സനൽ എന്നിവരും മേളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *