ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി പഞ്ചരത്ന കീർത്തനാലാപനം

എൺപതിലേറെ കലാകാരന്മാർ അണിനിരന്ന് അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം ചെമ്പൈ സംഗീതോത്സവ വേദിയെ ധന്യമാക്കി. സംഗീതോത്സവത്തിൻ്റെ പതിനാലാം ദിവസമായ വെള്ളിയാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾക്ക് ഇതൊരു അപൂർവ്വ വിരുന്നായി.

കർണ്ണാടക സംഗീതത്തിലെ മഹാപ്രതിഭയായ ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീർത്തനങ്ങൾ സംഗീത മഴയായി പെയ്തിറങ്ങി. ശ്രീഗണപതി… എന്നു തുടങ്ങുന്ന സൗരാഷ്ട്ര രാഗത്തിലുള്ള ത്യാഗരാജ കൃതിയോടെ തുടങ്ങി. പിന്നിട് ഘനരാഗപഞ്ചരത്നം എന്നറിയപ്പെടുന്ന പഞ്ചരത്ന കൃതികൾ ആലപിച്ചു. ജഗദാനന്ദ കാരക… എന്നു തുടങ്ങുന്ന സംസ്കൃത കൃതി നാട്ട രാഗത്തിൽ പാടി തുടങ്ങിയതോടെ ഘനരാഗ ചിറകിലേറിയ നിലയിലായി ഭക്തരും.

ഗൗള രാഗത്തിലുള്ള തെലുങ്ക് കൃതിയായ ദുഡുകു ഗല… എന്ന കീർത്തനമാണ് പിന്നീട് പാടിയത്. തുടർന്ന് ആരഭി രാഗത്തിലുള്ള സാധിം ചനേ… എന്ന കീർത്തനം. നാലാമതായി വരാളി രാഗത്തിലുള്ള തെലുങ്ക് കൃതിയായ കനകന രുചിര… എന്ന കീർത്തനവും ആലപിച്ചു. അവസാനമായി ഏറെ പ്രശസ്തമായ എന്തരോ മഹനുഭാവുലു…എന്ന കീർത്തനമായിരുന്നു. ശ്രീരാഗത്തിൽ ആദിതാളത്തോടെ കീർത്തനാലാപനം തുടങ്ങിയപ്പോൾ മുതൽ ഭക്തരും ആനന്ദ നിർവൃതിയിലായി.

മുതിർന്ന സംഗീതജ്ഞൻ  ടി. വി. ഗോപാലകൃഷ്ണൻ, ഡോ. കെ.എൻ. രംഗനാഥ ശർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, വിജയലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ.ബി.അരുന്ധതി, ഡോ.ഭാവന രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഗായകരും പ്രൊഫ. വൈക്കം വേണുഗോപാൽ, ഡോ.കുഴൽമന്ദം രാമകൃഷ്ണൻ, എൻ.ഹരി, തിരുവിഴ ശിവാനന്ദൻ ഉൾപ്പെടെയുള്ള പക്കമേളക്കാരും അടക്കം എൺപതിലേറെ കലാകാരന്മാർ കീർത്തനാലാപനത്തിൽ പങ്കുചേർന്നു.

എൻ.കെ.അക്ബർ എം.എൽ.എ. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ,ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പഞ്ച കീർത്തനാലാപനം ആസ്വദിക്കാൻ സദസ്സിൻ്റെ മുൻനിരയിൽ ഉണ്ടായിരുന്നു
Content highlights: Guruvayur sangeetholsavam Pancharathna keerthanalapanam

Leave a Reply

Your email address will not be published. Required fields are marked *