ഭക്തിയുടെ നിറവിൽ നാഗസ്വര-തവിൽ സംഗീതോത്സവം
ഗുരുവായൂരിൽ നടന്ന നാഗസ്വര- തവിൽ സംഗീതോത്സവം ഭക്തർക്ക് അനുഭൂതിയായി. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോത്സവത്തിൽ പുരസ്ക്കാരം നൽകി ആദരിച്ചു. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ദീപം തെളിയിച്ചതോടെയാണ് സംഗീതോത്സവത്തിന് തുടക്കമായത്.
നാഗസ്വരം, തവിൽ വാദകർ ചേർന്ന് ഗുരുവായൂരപ്പന് മംഗളവാദ്യ സമർപ്പണം നടത്തി. തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി. സമാദരണ സദസിൻ്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ നിർവ്വഹിച്ചു. നാഗസ്വര- തവിൽ വാദന രംഗത്തെ
മുതിർന്ന കലാകാരന്മാരെ പുരസ്ക്കാരവും ദക്ഷിണയും നൽകി ആദരിച്ചത് ഏറെ ഉചിതമായി. വരും വർഷങ്ങളിൽ ഇടയ്ക്ക കലാകാരൻമാരെക്കൂടി ആദരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. നാഗസ്വര വിദ്വാൻ ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക പുരസ്ക്കാരം മുതിർന്ന കലാകാരൻ കൊടുവായൂർ ശക്തിവേലിനും
മുത്തരശനല്ലൂർ ആർ. രാമചന്ദ്രൻ സ്മാരക പുരസ്ക്കാരം തവിൽ വിദ്വാൻ തിരുനാഗേശ്വരം ടി.ആർ.സുബ്രഹ്മണ്യത്തിനും ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമ്മാനിച്ചു.
ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്ക്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. നാഗസ്വര വിദ്വാൻ ഗുരുവായൂർ മുരളി പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. മമ്മിയൂർ ദേവസ്വം പ്രസിഡൻ്റ് ജി.കെ.പ്രകാശൻ മുഖ്യാതിഥിയായിരുന്നു. നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ വിശിഷ്ടാതിഥിയായിരുന്നു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ: സരിത സ്റ്റുഡിയോ ഗുരുവായൂർ