ഗുരുവായൂരിൽ ഇനി സംഗീത സാന്ദ്രമായ രാപകലുകൾ
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം തുടങ്ങി. ഇനി പതിനഞ്ചു രാപകലുകൾ ഗുരുപവനപുരി സംഗീത സാഗരമാകും.
സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മുൻ എം.എൽ.എ. കെ.അജിത്,
ഇ.പി. ആർ. വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ.ഗുരുവായൂർ മണികണ്ഠൻ,എൻ. ഹരി എന്നിവർ സന്നിഹിതരായി. ക്ഷേത്രം വാദ്യകലാനിലയത്തിലെ ജീവനക്കാരുടെ നേതൃത്തിലുള്ള മംഗളവാദ്യത്തോടെ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.
ടി. സേതുമാധവൻ, വടശേരി, സുഭാഷ് കോട്ടപ്പുറം എന്നിവർ നാഗസ്വരത്തിലും ശിവശങ്കരൻ ഓങ്ങല്ലൂർ, സതീഷ് കരിയന്നൂർ എന്നിവർ തവിലിലും അണി നിരന്നു. നവനീത് കൃഷ്ണൻ ആയിരുന്നു താളം. കൃഷ്ണദാസ് പുറമേരി ശ്രുതി മീട്ടി. തുടർന്ന് ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതീം സ്തുതിയോടെ ചെമ്പൈ സംഗീതോൽസവ സബ്
കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആദ്യ കച്ചേരി നടന്നു. തിരുവിഴ ശിവാനന്ദൻ, ഗുരുവായൂർ മണികണ്ഠൻ, ചെമ്പൈ സുരേഷ്, പട്ടാഴി ഉണ്ണിക്കൃഷ്ണൻ എന്നിവർ വായ്പാട്ടിലും നെടുമങ്ങാട് ശിവാനന്ദൻ വയലിനിലും എൻ .ഹരി മൃദംഗവാദനത്തിലും അണി നിരന്നു. ആലപ്പുഴയിൽ നിന്നുള്ള സുലേഖ പദ്മകുമാറാണ് തുടർന്ന് സംഗീതാര്‍ച്ചന
നടത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതൽ ഒമ്പതു വരെ കൃതി ഭട്ട് ചെന്നൈ, എം.ജയചന്ദ്രൻ, വിഠല്‍ രാമമൂര്‍ത്തി എന്നിവരുടെ സംഗീതക്കച്ചേരി അരങ്ങേറും. ബുധനാഴ്ച വൈകീട്ട് ആറു മുതൽ ഒമ്പതു വരെ സംഗീത ശിവകുമാർ, ടി.എം.കൃഷ്ണ എന്നിവരുടെ സംഗീതകച്ചേരിയും വെട്ടിക്കവല ശശികുമാറിൻ്റെ നാഗസ്വര കച്ചേരിയും നടക്കും. ഏകാദശി ദിവസം ഡിസംബർ 14 വരെ യാണ് സംഗീതോത്സം. ദശമി നാളായ ഡിസംബർ 13ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണ ദിനം ആചരിക്കും.
ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ
👍k