ചെമ്പൈ സംഗീതോത്സവം: രജിസ്ട്രേഷൻ 10 വരെ

ചെമ്പൈ സംഗീതോത്സവം നവംബർ 19 മുതൽ ഡിസംബർ മൂന്നു വരെ

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ സെപ്തംബർ 10 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. അന്നു വൈകുന്നേരം അഞ്ചു മണിയോടെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കും. നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ മൂന്നു വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.

സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 10 നാണ് തുടങ്ങിയത്. ഇതിനകം 1500 ലേറെ പേർ സംഗീതാർച്ചനയ്ക്കായി രജിസ്ട്രേഷൻ പൂർത്തിയാക്കി. ഗുരുവായൂർ ദേവസ്വത്തിൻ്റെhttps://guruvayurdevaswom.nic.in/ChembaiSangeetholsavam/ChembaiSangeetholsavam എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി അഞ്ചു പേർക്ക് ഗ്രൂപ്പായും സംഗീതാർച്ചന നടത്താം.  ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി. ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോത്സവത്തിന് എത്തുമ്പോൾ നേരിട്ട് ഹാജരാക്കണം. വിശദ വിവരങ്ങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്.

പങ്കെടുക്കാൻ അർഹത നേടുന്നവരെ ഇമെയിലിൽ അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. സംഗീതോത്സവം ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം ചെയ്യും. ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാം

Leave a Reply

Your email address will not be published. Required fields are marked *