ഗുരുവായൂരിൽ ഇനി സംഗീതത്തിൻ്റെ രാപ്പകലുകൾ
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവംമ്പർ 18 മുതൽ
ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം മൃദംഗ വിദ്വാൻ തിരുവനനപുരം വി.സുരേന്ദ്രന്
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംമ്പർ 18 മുതൽ ഡിസംബർ മൂന്നു വരെ ആഘോഷിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു17ന് ചെമ്പൈ ഭവനത്തിൽ നിന്ന് ഏറ്റുവാങ്ങി ഘോഷയാത്രയായി കൊണ്ടുവരും.18 ന് വൈകുന്നേരം ആറു മണിക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ തംബുരു ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകും. തുടർന്ന് തംബുരു സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും.
18ന് വൈകുന്നേരം 5.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം മൃദംഗ വിദ്വാൻ തിരുവനനപുരം വി.സുരേന്ദ്രന് മന്ത്രി സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കും. മനോജ്.ബി.നായർ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തും. മുൻ എം.പി.ചെങ്ങറ സുരേന്ദ്രൻ സ്വാഗതവും കെ.പി.വിനയൻ നന്ദിയും പറയും.
തുടർന്ന് ചെന്നൈ വിഘ്നേഷ് ഈശ്വറിൻ്റെ സംഗീതകച്ചേരി നടക്കും. തിരുവിഴ വി.ശിവാനന്ദൻ (വയലിൻ), തിരുവനന്തപുരം വി.സുരേന്ദ്രൻ (മൃദംഗം), ആലുവ രാജേഷ് (ഘടം) എന്നിവർ പക്കമേളമൊരുക്കും.19ന് രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ദീപം തെളിയിക്കുന്നതോടെ ഏകാദശി ദിവസമായ ഡിസംബർ മൂന്നു വരെ നീളുന്ന സംഗീതോപാസനയ്ക്ക് തുടക്കമാകും.
രാവിലെ മുതല്‍ രാത്രി വരെയാണ് സംഗീതോപാസന. പ്രശസ്ത സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളും ഉൾപ്പെടെ മൂവായിരത്തിലേറെ പേർ പങ്കെടുക്കും. ഡിസംമ്പർ രണ്ടിന് ദശമി ദിനത്തിൽ രാവിലെ ഒമ്പതു മുതൽ പത്തുവരെ പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം നടക്കും. ഗജഘോഷയാത്ര, ആനയൂട്ട്, എന്നിവയോടെ ഗുരുവായൂർ കേശവൻ അനുസ്മരണ ദിനവും ആചരിക്കും. സംഗീതോത്സവം ദേവസ്വം യു ട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
സംഗീതോത്സവത്തിൻ്റെ ഭാഗമായി ശ്രീവത്സം അനക്സ് ഹാളിൽ ദേശീയ സംഗീത സെമിനാർ സംഗീതജ്ഞ കെ. ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.എൻ.രംഗനാഥ ശർമ്മ, പ്രൊഫ. ജോർജ് എസ്.പോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ബി.അരുന്ധതി മോഡറേറ്ററായിരുന്നു. പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവനന്തപുരം വി.സുരേന്ദ്രൻ, തിരുവിഴ ശിവാനന്ദൻ എൻ.ഹരി, ഡോ.കെ.മണികണ്ഠൻ, മുരളി പുറനാട്ടുകര, ഭരണ സമിതി അംഗം സി.മനോജ് എന്നിവർ പ്രസംഗിച്ചു.