ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തിയായി

ഗുരുവായൂർ ഏകാദശി വിളക്ക് ആഘോഷങ്ങൾക്ക് പൊലിമ പകർന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീല വീണു.15 സംഗീത ദിനരാത്രങ്ങൾ… 2100 ലേറെ സംഗീതജ്ഞർ… ഗുരുപവനപുരിയെ ഭക്തി സാന്ദ്രമാക്കിയ സംഗീത സമർപ്പണ ദിനങ്ങൾ… ഏകാദശി ദിവസം രാവിലെ തുടങ്ങിയ സംഗീതാരാധന രാത്രി പത്തു മണിയോടെയാണ് സമാപിച്ചത്. വൈകീട്ട് കെ.ജി.ജയൻ (ജയവിജയ), ഡോ.കെ.എൻ.രംഗനാഥ ശർമ്മ, ടി.വി.ഗോപാലകൃഷ്ണൻ എന്നിവരുടെ സംഗീതക്കച്ചേരി അരങ്ങേറി. ശ്രീകോവിൽ നട തുറന്നു… എന്ന അയ്യപ്പഭക്തി ഗാനത്തോടെയാണ് കെ.ജി.ജയൻ്റെ സംഗീതാരാധന 

തുടങ്ങിയത്. തായേ യശോദ ഉന്തൻ… എന്ന തോഡി രാഗത്തിലുള്ള ഗാനമാണ് പിന്നീട് ആലപിച്ചത്. നെല്ലൈ വിശ്വനാഥൻ (വയലിൻ), വാഴപ്പിള്ളി സതീഷ് (മൃദംഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം) തിരുനക്കര രതീഷ് (മുഖർശംഖ് ) എന്നിവർ പക്കമേളമൊരുക്കി. ഡോ.കെ.എൻ.രംഗനാഥ ശർമ്മയുടെ കച്ചേരിക്ക് വൈക്കം പത്മാ കൃഷ്ണൻ (വയലിൻ), പാറശ്ശാല രവി (മൃദംഗം) തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവരായിരുന്നു പക്കമേളം. ടി.വി.ഗോപാലകൃഷ്ണൻ്റെ കച്ചേരിക്ക് കണ്ടദേവി വിജയരാഘവൻ

(വയലിൻ), രാജേഷ് നാഥ് (മൃദംഗം), തിരുവനന്തപുരം ആർ.രാജേഷ് (ഘടം) പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മുഖർ ശംഖ് ) എന്നിവർ മേളമൊരുക്കി.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട
മൂന്ന് കീർത്തനങ്ങൾ അവതരിപ്പിച്ച സമാപന കച്ചേരിയോടെയാണ്  ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീല വീണത്. കെ.ജി.ജയൻ സമാപന കച്ചേരിക്ക് നേതൃത്വം നൽകി. പക്കമേളമൊരുക്കി നെടുമങ്ങാട് ശിവാനന്ദനും തിരുവിഴ ശിവാനന്ദനും കുഴൽമന്ദം രാമകൃഷ്ണൻ

ഉൾപ്പെടെയുള്ള കലാകാരന്മാരും അണിനിരന്നതോടെ സംഗീതസമർപ്പണം പൂർണ്ണമായി. വാതാപി ഗണപതിം… എന്ന കീർത്തനത്തിൽ തുടങ്ങിയ കച്ചേരി കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ… എന്ന കീർത്തനത്തോടെ സമാപിച്ചു. തുടർന്ന് മംഗളം പാടിയാണ് സംഗീതാർച്ചന അവസാനിച്ചത്.

ചെമ്പൈ സംഗീതോത്സവവുമായി സഹകരിച്ച് പ്രവർത്തിച്ച സംഗീതജ്ഞർക്കും കലാകാരന്മാർക്കും ചടങ്ങിൽ ഉപഹാരം നൽകി. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, കെ.അജിത്, കെ.വി.ഷാജി, അഡ്വ.കെ.വി.മോഹനകൃഷ്ണൻ,

ഇ.പി.ആർ.വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സംഗീതോത്സവത്തിന് സമാപനമായതോടെ സംഗീതമണ്ഡപത്തിൽ സ്ഥാപിച്ചിരുന്ന ചെമ്പൈ സ്വാമികളുടെ തംബുരു ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് ചെമ്പൈ സബ് കമ്മിറ്റി അംഗം ഗുരുവായൂർ കെ.മണികണ്ഠന് കൈമാറി. തുടർന്ന് തംബുരു പാലക്കാട് ചെമ്പൈ ഗ്രാമത്തിലേക്കു കൊണ്ടുപോയി.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *