ഗുരുവായൂരപ്പന് അഷ്ടപദി ഗാനാർച്ചനയുമായി 80 കലാകാരന്മാർ

വൈശാഖ മാസാരംഭ ദിനത്തിൽ ഗുരുവായൂരപ്പന് അഷ്ടപദി ഗാനാർച്ചന നേരാൻ കലാകാരന്മാരുടെ തിരക്ക്. ഗുരുവായൂർ ദേവസ്വം നടത്തിയ അഷ്ടപദി സംഗീതോത്സവം ഭക്തസഹസ്രങ്ങൾക്ക് നവ്യാനുഭവമായി. കലാകാരന്മാരെ വേദിയിലെത്തി പുഷ്പമാലയണിയിച്ചും കർപ്പൂരാദി വിളക്കുകൾ തെളിയിച്ചും ഭക്തർ എതിരേറ്റു.

രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് അഷ്ടപദി മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചതോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. തുടർന്ന് പ്രശസ്ത അഷ്ടപദി ഗായകരായ

ജ്യോതിദാസ് ഗുരുവായൂർ, വിനോദ് ഗുരുവായൂർ എന്നിവർ ശ്രീകൃഷ്ണവർണ്ണനയായ ശ്രിത കമലാ കുച… എന്ന രണ്ടാമത്തെ അഷ്ടപദിയോടെ സംഗീതാർച്ചനയ്ക്ക് തുടക്കമിട്ടു. ഇടയ്ക്കയിൽ ശശിമാരാർ അകമ്പടിയേകി.

രാവിലെ മുതൽ രാത്രി ഏഴര വരെ 80 കലാകാരന്മാർ അഷ്ടപദി ഗാനാർച്ചന നടത്തി. ദശാവതാര വർണ്ണനയായ പ്രളയ പയോധിജലേ… എന്നു തുടങ്ങുന്ന ഒന്നാമത്തെ അഷ്ടപദിയാണ് കൂടുതൽ കലാകാരന്മാരും ആലപിച്ചത്. രാത്രി എട്ടുമണിയോടെ പ്രശസ്ത കലാകാരന്മാർ അണിനിരന്ന പ്രത്യേക അഷ്ടപദി കച്ചേരി അരങ്ങേറി.

പോരൂർ ഹരിദാസ്, കലാമണ്ഡലം അച്യുതൻ, പ്രിയ രാജീവ് ഒറ്റപ്പാലം, ഞരളത്ത് രാമദാസ്, കാവാലം വിനോദ്, ജയദേവൻ ആലുവ, ചെമ്പുംപുറം കൃഷ്ണൻകുട്ടി, അമ്പലപ്പുഴ വിജയകുമാർ, ശ്യാം ഹരിപ്പാട്, ബാലഹരി, കൃഷ്ണകുമാർ വടക്കേപ്പാട്ട് എന്നീ അഷ്ടപദി ഗായകർ കച്ചേരി നടത്തി.

തൃപ്പുണിത്തുറ കൃഷ്ണദാസ്, ഗുരുവായൂർ ശശിമാരാർ, തൃശ്ശൂർ കൃഷ്ണകുമാർ, ഇരിങ്ങാലക്കുട നന്ദൻ, കാർത്തിക്. ജെ. മാരാർ, ആദിത്യൻ ശിവകുമാർ, വിഷ്ണു മമ്മിയൂർ, ജയകൃഷ്ണൻ ഗുരുവായൂർ ജ്യോതിദാസ്, അരുൺകൃഷ്ണദാസ് തൃപ്പൂണിത്തുറ എന്നിവർ അഷ്ടപദി സംഗീതോൽസവത്തിൽ പക്കമേളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *