പിറന്നാളിൽ ഗാനഗന്ധർവ്വന് ഗാനോപഹാരവുമായി 28 ഗായകർ

ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന് 28 ഗായകരുടെ ഗാനോപഹാരം. യേശുദാസിൻ്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിലാണ് ഗായിക ശ്വേതാമോഹൻ സംഗീതം നൽകിയ ഈ പിറന്നാൾ സമ്മാനം സ്വന്തം ദാസമാമയ്ക്ക് ശ്വേത സമർപ്പിച്ചത്. “മണ്ണിൻ്റെ പുണ്യമാം ഗന്ധർവ്വ ഗായക മന്ത്രമേ ഞങ്ങൾക്കു നിൻ നാദം ” ….. എന്ന ബി.കെ.ഹരിനാരായണൻ്റെ വരികളാണ് ഗായകർപാടിയത്. “ഗന്ധർവ്വ ഗായക ” എന്ന  


ഈ വീഡിയോ ആൽബം ഗായകൻ ശങ്കർ മഹാദേവനാണ് അദ്ദേഹത്തിൻ്റെ ഫെയിസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തത്. ശ്വേത ഒറ്റയ്ക്ക് പാടിയ ഈഗാനത്തിൻ്റെ വീഡിയോ സംഗീത സംവിധായകൻ ദീപക് ദേവാണ് പ്രകാശനം ചെയ്തത്. കെ.എസ്.ചിത്ര , എം.ജി ശ്രീകുമാർ, സുജാത മോഹൻ, ശ്രീനിവാസ്, വേണുഗോപാൽ, ഉണ്ണി മേനോൻ, ബിജുനാരായണൻ, വിജയ് യേശുദാസ് , കൃഷ്ണചന്ദ്രൻ , മധുബാലകൃഷ്ണൻ, 

സിതാരാകൃഷ്ണകുമാർ, ഗായത്രി തുടങ്ങിയ ഗായകരാണ്  പാട്ടിൽ അണിനിരന്നത്. രാജേഷ് വൈദ്യയുടെ വീണയാണ് പാട്ടിൻ്റെ പശ്ചാത്തലം. സൗരഭ് ജോഷിയാണ് തബലയും പ്രോഗ്രാമിങ്ങും. ദാസമാമയ്ക്ക് ഒരു സംഗീത ഉപഹാരം നൽകണമെന്ന ആഗ്രഹം വർഷങ്ങളായി മനസ്സിലുള്ളതാണ്. ഏത് പാട്ടെടുക്കും അത് ഞാൻ എങ്ങിനെ പാടുമെന്ന സംശയവും എപ്പോഴും ഉണ്ടാകും. അങ്ങിനെപാട്ട് നീണ്ടു പോയി. ഇത്തവണ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിൽ ഉറപ്പിച്ചതിൻ്റെ ഫലമാണ് 28 ഗായകരുടെ പാട്ട്.  

ബി.കെ.ഹരിനാരായണൻ, രാജേഷ് വൈദ്യ, സൗരഭ് ജോഷി

ഇത് എൻ്റെ ആദ്യ സംഗീത സംവിധാനവുമാണ്. പാട്ടെഴുതിയ ഹരിച്ചേട്ടനോട് ഈയൊരു കാര്യം പറഞ്ഞപ്പോൾ ആദ്യലൈൻ ഉടൻ തന്നെ പറഞ്ഞു തന്നു. പത്തു മിനുട്ടിനുള്ളിൽ പല്ലവിയും എഴുതി കിട്ടി. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പാട്ട് മുഴുവനും എഴുതി തന്നു. – ശ്വേത പറയുന്നു. ഞാൻ മാത്രമായി പാടിയ ഗാനത്തിൻ്റെ തുടക്കത്തിൽ ഒരു കൗതുകവും ചേർത്തു. എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മ സംഗീതം പഠിപ്പിച്ചത് റിക്കാർഡ് ചെയ്ത് വെച്ചിരുന്നു. അതിൽ സസ രിരി ഗഗ മമ… എന്ന് അമ്മ പാടിതന്നപ്പോൾ ദാസ മാമ.. ദാസ മാമ… എന്നായിരുന്നു ഞാൻ 

പാടിയത്. അത് പാട്ടിൻ്റെ ആദ്യം എടുത്തു ചേർത്തു – ശ്വേത പറഞ്ഞു. ദാസേട്ടന് പാട്ടു കൊണ്ടൊരു ഉപഹാരം എന്നു കേട്ടപ്പോൾ ആദ്യം തന്നെ മനസ്സിൽ വന്ന വരികൾ എഴുതി വെച്ചു. അധികം ആലോചിച്ചില്ല. ചെറിയ സമയത്തിനുള്ളിൽ കിട്ടിയ വരികളാണ് പാട്ടായത്. 28 ഗായകർ ഇത് പാടിയത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു – ഹരി നാരായണൻ പറയുന്നു. ശ്വേതയുടെ യു ട്യൂബ് ചാനലിലുള്ള ഗന്ധർവ്വ ഗായക എന്ന ആൽബം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *