ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 29 ന് തുടങ്ങും

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാഗസ്വരം വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിക്കും

സംഗീതോൽസവം ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം കാണാം

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന് നവംബർ 29 ന് തിരശ്ശീല ഉയരും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാര സമർപ്പണവും അന്ന് നടക്കും. ഡിസംബർ 14 നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 13 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനം. ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രണ്ടായിരത്തോളം സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും. ചെമ്പൈ സംഗീതോൽസവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ വഴി തൽസമയംസംപ്രേഷണം ചെയ്യും. ആകാശവാണിയും ദൂരദർശനും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്.

കർണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോൽസവം. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽ നിന്ന് നവംബർ 28ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം നവംബർ 29 ന് വൈകിട്ട് ആറുമണിയോടെ ഗുരുവായൂർ ക്ഷേത്ര കിഴക്കേ നടയിൽ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും. വൈകുന്നേരം 6.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസ് അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമർപ്പിക്കും. തിരുവിഴ ജയശങ്കറിൻ്റെ സംഗീതകച്ചേരിയും നടക്കും. ചെമ്പൈ സബ് കമ്മിറ്റി കൺവീനറും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.സി.മാനവേദൻ രാജ, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.വി.ഷാജി, ഇ.പി.ആർ.വേശാല, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, ചെമ്പൈ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ. ഹരി, ചെമ്പൈ സുരേഷ്, ഡോ. കെ.മണികണ്ഠൻ എന്നിവർ സംസാരിക്കും. ദേവസ്വം ഭരണസമിതി അംഗം കെ.അജിത് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറയും.

നവംബർ 30 ന് രാവിലെ ഏഴു മണിക്ക് ശ്രീലകത്തു നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. ഇതോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന്  തുടക്കമാകും. ദശമി നാളായ ഡിസംബർ 13ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണ ദിനം ആചരിക്കും. ഏകാദശി ദിവസമായ ഡിസംബർ 14 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ സുവർണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മൽസരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *