ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം തിരുവനന്തപുരത്ത്
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി
തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ പ്രഭാഷണം, വിശേഷാൽ കച്ചേരി എന്നിവയുണ്ടാകും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ ചേർന്നു.
ശ്രീവരാഹം കോർപ്പറേഷൻ വാർഡ് കൗൺസിലർ ഹരികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ മണക്കാട് സുരേഷ് മുഖ്യാതിഥിയായി. ദേവസ്വം അഡ്മിനിസ്ടട്രറ്റർ ഒ.ബി. അരുൺകുമാർ, പ്രൊഫ. വൈക്കം വേണുഗോപാൽ, വഞ്ചീശ്വര അയ്യർ, തിരുവനന്തപുരം വി. സുരേന്ദ്രൻ, നെയ്യാറ്റിൻകര കൃഷ്ണൻ, നീലകണ്ഠൻ എനിവർ സംസാരിച്ചു.
ആൻറണി രാജു എം.എൽ.എയെ മുഖ്യ രക്ഷാധികാരിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രക്ഷാധികാരിയാണ്. ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.വാഞ്ചീശ്വര അയ്യർ ആണ് സംഘാടക സമിതി ചെയർമാൻ.




















