ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി
ചെമ്പൈ പുരസ്‌ക്കാരം തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിച്ചു
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ നാൽപ്പത്തിയെട്ടാം പതിപ്പിന് തുടക്കമായി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉചയോഗിച്ചിരുന്ന തംബുരു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു. തുടർന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.
സംഗീതം എല്ലാ മനുഷ്യരുടെയും മനസ്സിനെ നന്മയുള്ളതാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് മൃഗങ്ങളെ പോലും നിശബ്ദരാക്കുന്നു. അതാണ് സംഗീതത്തിൻ്റെ സവിശേഷത. ചെമ്പൈ സ്വാമികൾ അനശ്വരനായ കലാകാരനാണ്. ജാതിഭേദങ്ങളില്ലാതെ ഉന്നതമായ മാനവിക ബോധ്യം പുലർത്തി. അദ്ദേഹം അവശേഷിപ്പിച്ച നന്മകൾ സ്വാംശീകരിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌ക്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് മന്ത്രി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി.നായർ, കെ.ആർ ഗോപിനാഥ് എന്നിവർ സംസാരിച്ചു. പുരസ്‌ക്കാര ജേതാവ് മറുപടി പ്രസംഗം നടത്തി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ഗുരുവായൂർ മണികണ്ഠൻ എന്നിവർ സന്നിഹിതരായി. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദി പറഞ്ഞു.