ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി സെമിനാർ  

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ സെമിനാർ നടത്തി.

സംഗീതത്തിൻ്റെ മാനവികത ലോകത്തെ ബോധ്യപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന്  സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഭിപ്രായപ്പെട്ടു. ജാതി- മതാന്ധത കൊടികുത്തി വാണിരുന്ന കാലത്ത് സംഗീതം മാനവികത തന്നെയെന്ന് സ്വന്തം
ജീവിതം കൊണ്ട് അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി – ചെയർമാൻ പറഞ്ഞു.

സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തൊടുപുഴ മനോജ് കുമാർ  സെമിനാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അധ്യക്ഷനായി. ആർട് ജേണലിസം എന്ന വിഷയത്തിൽ ഡോ.ജോർജ് എസ്. പോൾ പ്രബന്ധം അവതരിപ്പിച്ചു. ഡോ.പ്രശാന്ത് കൃഷ്ണ (പ്രിൻസിപ്പൽ, ചിറയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ) മോഡറേറ്ററായി.

ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം ആനയടി പ്രസാദ്  ചെമ്പൈയുടെ പൗത്രൻ ചെമ്പൈ സുരേഷ്, ദേവസ്വം പി.ആർ.ഒ വിമൽ.ജി.നാഥ്, പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ  കെ.ജി.സുരേഷ് കുമാർ, എന്നിവർ സന്നിഹിതരായി. സംഗീത വിദ്യാർത്ഥികളും ആസ്വാദകരും ഉൾപ്പെടെ ഒട്ടേറെ പേർ സെമിനാറിൽ പങ്കെടുത്തു.