തിരുവിഴ ജയശങ്കറിന് ചെമ്പൈ പുരസ്ക്കാരം
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകുന്ന 2021 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. നാദസ്വര രംഗത്ത് ഏഴു പതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്ക്കാരം. 50,001 രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്ത് ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 47-ാമത് ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ദിവസമായ നവംമ്പർ 29 ന് പുരസ്ക്കാരം നൽകും. വൈകുന്നേരം അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും. തിരുവിഴയുടെ നാദസ്വര
കച്ചേരിയും അരങ്ങേറും. ഇതാദ്യമായാണ് ഒരു നാദസ്വര കലാകാരന്‍ ചെമ്പൈ പുരസ്ക്കാരത്തിന് അർഹനാകുന്നത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹൻദാസ്, കണ്‍വീനറും ഭണസമിതി അംഗവുമായ കെ.വി.ഷാജി, സംഗീതജ്ഞരായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ എന്നിവരടങ്ങിയ പുരസ്ക്കാര നിർണ്ണയ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
തിരുവിഴ ജയശങ്കർ
71 വർഷമായി നാദസ്വര രംഗത്തുള്ള 83 കാരനായ തിരുവിഴ ജയശങ്കർ 1937 ജനവരി 31ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തിരുവിഴയിലാണ് ജനിച്ചത്. അച്ഛൻ നാദസ്വര വിദ്വാനായിരുന്ന തിരുവിഴ രാഘവപ്പണിക്കരില്‍ നിന്ന് പന്ത്രണ്ടാം വയസ്സില്‍ നാദസ്വരം പഠിച്ചുതുടങ്ങി. 1960-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി.സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം ഡിപ്ലോമ നേടി. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിൽ നിന്ന് ഗാന പ്രവീണ കരസ്ഥമാക്കി. 1962ല്‍ പാലക്കാട് ചിറ്റൂർ ഗവ.കോളേജില്‍ നിന്ന് സംഗീതത്തില്‍ ബി.എ.ബിരുദവും നേടി. 1960 മുതല്‍ 1995 വരെ ആകാശവാണിയില്‍ ജീവനക്കാരനായിരുന്നു. ആകാശവാണിയുടെ എ – ടോപ്പ് ഗ്രേഡ് നാദസ്വര വിദ്വാനാണ്. കലാരംഗത്തെ സംഭാവനകള്‍
പരിഗണിച്ച് ഒട്ടേറെ ബഹുമതികളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദില്‍ നിന് 1956 ല്‍ സ്വര്‍ണ്ണമെഡല്‍ നേടി. ആകാശവാണി സംഘടിപ്പിച്ച സംഗീതമത്സരത്തില്‍ വിജയിയായതിനെ തുടർന്നായിരു ഈ അംഗീകാരം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1970ല്‍ “സുനാദഭൂഷണം” ബഹുമതി നല്‍കി തിരുവിഴയെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ 1990 ല്‍ “കലൈമാമണി” അവാര്‍ഡ് സമ്മാനിച്ചു. 1982 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2013 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. പരേതയായ സീത ജയശങ്കറാണ് ഭാര്യ. അജിത് ശങ്കർ, ആനന്ദ് ശങ്കർ എന്നിവര്‍ മക്കളാണ്.
Heartiest congratulations to Thiruvizha Jayashankar for the award which he highly deserves..Wish him many more laurels and awards in the years ahead..God bless.