ചെമ്പൈ പുരസ്ക്കാരം എ.കന്യാകുമാരിക്ക് സമ്മാനിച്ചു
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം എ.കന്യാകുമാരി ഏറ്റുവാങ്ങി.
50001 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്ക്കാരം. ആറുപതിറ്റാണ്ടായി വയലിൻ വാദന രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായി. സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗായകനുള്ള പുരസ്ക്കാരം നേടിയ പി.എസ്.വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ദേവസ്വത്തിനു വേണ്ടി മന്ത്രി ഡോ.ആർ. ബിന്ദു ആദരിച്ചു.
ക്ഷേത്രം കിഴക്കേ നടയിലെത്തിയ തംബുരു വിളംബര ഘോഷയാത്രയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.