ചെെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷിച്ചു

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജുബിലി തിരുവനന്തപുരത്ത് ആഘോഷിച്ചു. സംഗീതാർച്ചന, അനുസ്മരണ സമ്മേളനം,സമാദരണം, സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു  ആഘോഷം. ചെമ്പൈ സ്വാമികളുടെ സംഗീത സ്‌മൃതികൾ നിറഞ്ഞ ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്‌റ്റ് ഹാളിൽ  സംഗീതാർച്ചനയോടെയായിരുന്നു സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങിയത്.

ആഘോഷങ്ങളുടെ  ഉദ്ഘാടനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവ്വഹിച്ചു. സംഗീതത്തിന് മതമോ രാഷ്ട്രീയമോ ഇല്ല. പ്രകൃതിയുടെ നാദവിസ്മയമായ സംഗീതം പ്രപഞ്ചത്തോളം വിശാലമാണെന്നും മന്ത്രി പറഞ്ഞു. സംഗീതം ഏത് ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. സംഗീതത്തിൻ്റെ ആത്മചൈതന്യമായിരുന്നു ചെമ്പൈ സ്വാമികൾ -മന്ത്രി പറഞ്ഞു.

ആൻറണി രാജു എം.എൽ.എ മുഖ്യാതിഥിയായി.ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനായിരുന്നു.  കവി പ്രൊഫ. വി. മധുസൂദനൻ നായർ ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മണക്കാട് ഡിവിഷൻ കൗൺസിലർ  കെ.കെ.സുരേഷ്, ശ്രീവരാഹം ഡിവിഷൻ കൗൺസിലർ ഹരികുമാർ, സി. മനോജ്, അഡ്വ.വാഞ്ചീശ്വര അയ്യർ, പ്രൊഫ.വൈക്കം വേണുഗോപാൽ  എന്നിവരും സന്നിഹിതരായി.

ദേവസ്വം ഭരണസമിതി അംഗം കെ. എസ്.ബാലഗോപാൽ ദീപം തെളിച്ചതോടെ സംഗീതാർച്ചന തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.പി.വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വൈകിട്ട് നാലു മണി വരെ തുടർന്ന സംഗീതാർച്ചനയിൽ 102 കലാകാരൻമാർ പങ്കെടുത്തു.

തിരുവനന്തപുരം നിവാസികളും മുതിർന്ന കർണ്ണാടക സംഗീതഞ്ജരു മായ  രുക്‌മിണി ഗോപാലകൃഷ്ണൻ, ലളിതാ ഗോപാലൻ നായർ, ചേർത്തല എ.കെ. രാമചന്ദ്രൻ, പാർവ്വതിപുരം പത്മനാഭ അയ്യർ എന്നിവരെ ചടങ്ങിൽ  ആദരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംഗീതജ്ഞരെ പൊന്നാടയണിയിച്ച് നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കർണ്ണാടക സംഗീതഞ്ജൻ വിഘ്നേഷ് ഈശ്വർ കച്ചേരി അവതരിപ്പിച്ചു. ആവണീശ്വരം എസ്.ആർ.വിനു (വയലിൻ), എൻ.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവർ പക്കമേളം ഒരുക്കി.