ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം

സംഗീതാർച്ചനയാൽ ചെമ്പൈക്ക് ആദരമർപ്പിച്ചും സംഗീതജ്ഞരെ ആദരിച്ചും ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി കോഴിക്കോട് ആഘോഷിച്ചു. കേസരി ഭവനിൽ  നടന്ന സുവർണ ജൂബിലി ആഘോഷം  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പതിനഞ്ച് ദിവസം തുടർച്ചയായി മൂവായിരത്തിലേറെ കലാകാരൻമാർ അണിനിരക്കുന്ന സംഗീതോത്സവം  ഗുരുവായൂർ ചെമ്പൈ സംഗീതോത്സവമല്ലാതെ ഏഷ്യയിൽ വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ അഞ്ചാമത്തേതായിരുന്നു കോഴിക്കോട്ടേത്. സാധകം സംഗീത സഭയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. പി.കെ. കേരളവർമ്മ സാമൂതിരി രാജ വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു.  കലാനിരൂപകൻ എം.ജെ ശ്രീചിത്രൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി.

ആധ്യാത്മിക പ്രഭാഷകൻ ഏ.കെ.ബി നായർ സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നന്ദിയും പറഞ്ഞു.

കേസരി ഭവനിൽ നടന്ന സംഗീതാർച്ചനയിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്  ദീപം തെളിച്ചു.96 കലാകാരന്മാർ സംഗീതാർച്ചന നടത്തി.

കോഴിക്കോട്ടെ മുതിർന്ന സംഗീതജ്ഞരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വത്തിനു വേണ്ടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സംഗീതജ്ഞരെ പൊന്നാടയണിയിച്ചു. കെ.വിശ്വനാഥൻ (വയലിൻ),  ആറ്റുമാശ്ശേരി മോഹനൻ പിള്ള (വായ്പ്പാട്ട്) ,ഡോ. പുഷ്പാരാമകൃഷ്ണൻ(വായ്പ്പാട്ട്), ഗീതാദേവിവാസുദേവൻ ( വായ്പ്പാട്ട്), എസ്. ആനന്ദി ശിവരാമയ്യർ (വായ്പ്പാട്ട്) എന്നിവർ ദേവസ്വത്തിൻ്റെ ആദരവ് ഏറ്റുവാങ്ങി.

ഉദ്ഘാടന ചടങ്ങിനുശേഷം കർണാടക സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ എസ്.മഹതി സംഗീതക്കച്ചേരി അവതരിപ്പിച്ചു. ആറ്റുകാൽ ബാലസുബ്രഹ്മണ്യം (വയലിൻ), സായ് ഗിരിധർ (മൃദംഗം),  ആലുവ രാജേഷ് (ഘടം) എന്നിവർ പക്കമേളം ഒരുക്കി.